എന്തുകൊണ്ട് കവിത?

— ഡാനിയൽ ഹാൽപേൺ

എന്തുകൊണ്ട് കവിത?

എന്തുകൊണ്ട് കവിത? വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണമാണു മാനദണ്ഡമെങ്കില്‍ ഏറ്റവും കൂടിയത് രണ്ടായിരത്തോളം പ്രതികള്‍ മാത്രം വിറ്റഴിക്കപ്പെടുന്ന ഒരു സാഹിത്യശാഖയില്‍ എന്തിനു പണം മുടക്കണം എന്നതായിരിക്കും കമ്പോള യുക്തി. വംശനാശം നേരിടുന്ന ഒരു മൃഗത്തിലോ പക്ഷിയിലോ ഇത്തരമൊരു മുതല്‍മുടക്കിനു നമ്മള്‍ തയ്യാറാകുമോ? വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം എന്നതിനേക്കാള്‍ സങ്കീര്‍ണമാണ് വിഷയം, ഇത് ഭാഷയെ കുറിച്ചു കൂടിയാണ്. ഭാഷ വളര്‍ച്ച മുരടിച്ച നിലനിൽപ്പ് ഭീഷണിനേരിടുന്ന ഒന്നാണോ? എസ്എംഎസ് , ഇമെയില്‍ സന്ദേശങ്ങള്‍, ട്വിറ്റർ സന്ദേശങ്ങള്‍ ഇവയില്‍ ഉപയോഗിക്കുന്ന ഭാഷ അത്തരമൊരു ചര്‍ച്ചക്കു പ്രസക്തിയുണ്ടെന്നാണു കാണിക്കുന്നത്.

എന്നിരിക്കിലും എന്തുകൊണ്ടായിരിക്കാം ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിൽ നമ്മളിൽ പലരും കവിതയിലേക്കു തന്നെ തിരിയുന്നത്? വിവാഹങ്ങള്‍, ജന്മദിനങ്ങള്‍, മരണങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ ഇവയെല്ലാം കാവ്യശകലങ്ങള്‍ കൊണ്ട് നമ്മൾ രേഖപ്പെടുത്തുന്നത് എന്തുകൊണ്ടായിരിക്കാം? കാവ്യഭാഷ ഒരേ സമയം ആവര്‍ത്തനങ്ങളെ നിരാകരിക്കുകയും അവയെ ആഘോഷിക്കുകയും ചെയ്യുന്നു. അത്തരമൊരു ഭാഷക്കേ ജീവിതത്തെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍, അതിന്റെ യഥാര്‍ത്ഥ വികാരങ്ങളെ പ്രകാശനം ചെയ്യാനാകുകയുള്ളൂ.  ഡബ്ലിയു എസ് മെർവിൻ ഒരിക്കല്‍ പറയുകയുണ്ടായി:

കവിത മനുഷ്യരോട് അവരുടെ ഏറ്റവും സ്വകാര്യമായ, ആശങ്കാജനകമായ, ആവേശകരമായ നിമിഷങ്ങളില്‍ അര്‍ത്ഥപൂര്‍ണ്ണമായ സംവാദങ്ങള്‍ നടത്തുന്നു, ഇതു കവിതയുടെ മാത്രം സാധ്യതയാണ്. പ്രകടിപ്പിക്കാന്‍ കഴിയാത്ത എന്തിനെയും പ്രകടനയോഗ്യമാക്കുന്നതിനു മറ്റേതു കലാരൂപത്തേക്കാളും അനുയോജ്യം കവിത എന്ന മാധ്യമമാണ്, അതിനു കാരണം അത് ഭാഷയോട്, അതിന്റെ പ്രഭവസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു എന്നതാണ്.

എന്തുകൊണ്ട് കവിത? ഈ ചോദ്യം പലരോടും ഞാന്‍ ചോദിക്കുകയുണ്ടായി. കവി ലൂയിസ് ഗ്ലക്ക് പുസ്തകവില്‍പ്പനയെ പറ്റി ഇങ്ങനെ പ്രതികരിച്ചു: കവിതാപുസ്തകങ്ങള്‍ വില്‍ക്കപ്പെടുന്നില്ലായിരിക്കാം, എന്നാല്‍ അവ ഒരിക്കലും ഉപയോഗശൂന്യമാക്കപ്പെടുന്നുമില്ല. മറ്റു പുസ്തകങ്ങളെ പോലെ അവ കൈമാറ്റം ചെയ്യപ്പെടുകയോ ഉപയോഗശൂന്യമായി വലിച്ചെറിയപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച് ഉടമസ്ഥരുടെ കയ്യില്‍ തന്നെ ജീവിച്ചുതീരുന്നു. അപ്രസക്തമായ എന്തും ആഘോഷിക്കപ്പെടുന്ന ഒരു സാമ്പത്തിക വ്യവസ്ഥിതിയും സംസ്കാരവും പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. എന്നാല്‍ ഒരു പുസ്തകം ഇത്തരത്തില്‍ അതിന്റെ ഉടമസ്ഥരാല്‍ പരിഗണിക്കപ്പെടുന്നു എന്നത് ഒരേ സമയം ആശ്വാസവും ആഹ്ലാദവും പകരുന്ന ഒന്നാണ്.

നോവലിസ്റ്റായ റിച്ചാര്‍ഡ് ഫോര്ടിന്റെത് കവികളില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായമായിരുന്നു: 'എന്തുകൊണ്ട് കവിത’ എന്ന ചോദ്യം മറ്റു സാഹിത്യസങ്കേതങ്ങളില്‍ നിന്നു കവിത എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്ന ചോദ്യം ഉയര്‍ത്തുന്നില്ല. കവിത ഒരുപക്ഷേ വിശേഷമായ മറ്റു ആശയ പ്രകാശനരീതികളുമായി പല പൊതുസ്വഭാവങ്ങളും പങ്കുവെക്കുന്നുണ്ടാവും. കാവ്യാത്മകമായ ഒരു ആശയപ്രകാശനം വേണ്ടി വരുന്നത് ഏതുതരം അനുഭവങ്ങളിലാണ്? അല്ലെങ്കില്‍ ഭാഷ ഉപയോഗിക്കേണ്ടി വരുന്ന ഏതു സന്ദര്‍ഭങ്ങളിലാണ് കവിത ഏറവും ഉചിതമായ ഒന്നായി തോന്നുന്നത്? പറയാന്‍ സാധിക്കാത്ത ബുദ്ധിമുട്ടുള്ള അനുഭവങ്ങളില്‍ കവിത എന്തുകൊണ്ട്, അല്ലെങ്കില്‍ എങ്ങനെ എന്നതായിരിക്കും കുറച്ചുകൂടെ പ്രസക്തമായ ചോദ്യം. കവിതയെ കുറിച്ചുള്ള സാമാന്യവല്‍ക്കരണം അസാധ്യമാണ്. കവിതയുടെ സ്വഭാവത്തെ അതിന്റെ എല്ലാ രൂപഭേദങ്ങളും ഉള്‍ക്കൊള്ളുന്ന ഒന്നിലേക്ക് ചുരുക്കി നിര്‍വചിക്കുക എന്നതും അസാധ്യമാണ്. എനിക്ക് തോന്നുന്നത്, 'എന്തുകൊണ്ട് കവിത' എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരമില്ലാത്തത്, അല്ലെങ്കില്‍ ആ ചോദ്യത്തിന്റെ ഉത്തരം സാധ്യമാകുന്ന ഒരു രീതിയില്‍ കവിത എന്നതിന്റെ നിര്‍വചനത്തെ ചുരുക്കാന്‍ കഴിയാത്തത് തന്നെ, കവിത അതിന്റെ നിലനില്‍പ്പിന്റെ കാരണവും സാധൂകരണവും ആകുന്നു എന്നതിന് തെളിവാണ്.

മരണശേഷമുള്ള ഒരു അനുസ്മരണ ചടങ്ങില്‍ വായിക്കുന്നതിനുവേണ്ടി ഒരു കവിത തിരയുമ്പോള്‍ അതില്‍ നിങ്ങള്‍ എന്താണു യഥാര്‍ത്ഥത്തില്‍ അന്വേഷിക്കുന്നത്? അങ്ങനെ തിരയുന്നത് ഒരു കവിതയാവുന്നത് എന്തുകൊണ്ട്? സ്വയം പറയാന്‍ കഴിയാത്ത എന്തോ ഒന്ന് കവിതയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണോ കവിത തിരയാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? അത്തരമൊരു അവസരത്തിന് അനുയോജ്യമായ ഒരു കവിത കണ്ടെത്തുമ്പോള്‍ എന്താണു നമ്മള്‍ യഥാര്‍ത്ഥത്തില്‍ കണ്ടെത്തുന്നത്? എന്താണു നമ്മള്‍ കേള്‍ക്കുന്നത്? എന്താണു ആ കവിതയിലൂടെ പറയപ്പെടുന്നത്? മരണത്തില്‍ അനുശോചിക്കുന്നവര്‍ എന്ത് കേള്‍ക്കുന്നു എന്നായിരിക്കും നമ്മള്‍ അനുമാനിക്കുന്നത്?

കവിത എന്തിനു വായിക്കണം? എമിലി ഡിക്കിന്‍സന്‍ ഇങ്ങനെ പറയുന്നു: ഞാന്‍ ഒരു പുസ്തകം വായിക്കുകയും ആ പുസ്തകം തീക്കനലുകള്‍ക്ക് പോലും ചൂടുപിടിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ തണുത്തുറയുന്ന ഒരു അനുഭവത്തിലേക്ക് എന്നെ നയിക്കുകയും ചെയ്‌താല്‍ അത് കവിതയാണെന്ന് എനിക്കുറപ്പാണ്. ശിരസ്സിന്റെ മുകള്‍ഭാഗം മുറിച്ചു മാറ്റിയ പോലെയാണു തോന്നുന്നതെങ്കില്‍ അതും കവിതയാകാനാണു സാധ്യത. ഈ രണ്ട് അനുഭവങ്ങളിലൂടെയും എനിക്ക് കവിത അനുഭവവേദ്യമാകുന്നു. മറ്റെന്തെങ്കിലും മാര്‍ഗങ്ങളുണ്ടാകുമോ?

വീണ്ടും എന്തുകൊണ്ട് കവിത എന്ന ചോദ്യം. കവി റോബര്‍ട്ട് ഹാസിന്റെ മറുപടി നോക്കാം: മില്‍ട്ടന്റെ പറുദീസാ നഷ്ടം വെറും 1500 കോപ്പികളാണ് അച്ചടിച്ചത്. ആ കൃതി എന്നാല്‍ ഇംഗ്ലീഷ് ഭാഷയെ തന്നെ മാറ്റി മറിച്ചു, സമയമെടുത്തെങ്കിലും. വേഡ്സ്വർത്തിനു പ്രകൃതിയെ പറ്റി പുതിയ ചില ആശയങ്ങള്‍ ഉണ്ടായിരുന്നു. തൊറോ വേഡ്സ്വർത്തിനെ വായിച്ചു. മ്യുയിര്‍ തൊറോയെയും. ടെഡി റൂസ്‌വെല്‍റ്റ്‌ മ്യുയിറിനെ വായിച്ചു, എന്നിട്ട് അമേരിക്കയ്ക്ക് ആയിരക്കണക്കിന് ദേശീയ പാര്‍ക്കുകള്‍ സമ്മാനിച്ചു, നൂറ്റാണ്ടുകളെടുത്തുവെങ്കിലും. കവിത നമുക്ക് സമ്മാനിക്കുന്നത് ഒരു അളവറ്റ ശേഖരമാണ്, മനുഷ്യന്റെ ചിന്തകളുടെയും വിചാരങ്ങളുടെയും ശേഖരം, ഭാഷയെ  സ്നേഹിച്ച ഒരുകൂട്ടം കലാകാരന്മാര്‍ അനുഭവത്തെ പൂര്‍ണമായും കൃത്യമായും ആവിഷ്കരിക്കാന്‍ വാക്കുകളുടെ സംഗീതം കൊണ്ട് സൃഷ്ടിച്ച ഒരു ശേഖരം.

രാഷ്ട്രീയകാരണങ്ങളാൽ ജയിലില്‍ അടക്കപ്പെട്ട ഗ്രീക്ക് കവി യാനിസ് റിറ്റ്സോസ് തന്റെ കവിതകള്‍ എഴുതിയിരുന്നത് സിഗരറ്റ് പാക്കറ്റിന്റെ കുഞ്ഞുകടലാസില്‍ ആയിരുന്നു. ഇങ്ങനെ എഴുതിയ കവിതകള്‍ സ്വന്തം ജാക്കറ്റിനുള്ളില്‍ സൂക്ഷിച്ച് ഒരു മുഴുവന്‍ കവിതാ സാമാഹാരവുമായാണ് റിറ്റ്സോസ് ജയിലില്‍ നിന്ന് പുറത്തുവന്നത്. ഇവയില്‍ ഭൂരിഭാഗവും ലഘുകവിതകള്‍ ആയിരുന്നു. യുക്രെയിന്‍ കവി ഐറിന രാടുഷിന്‍സ്കായ ജയിലില്‍ കവിതകള്‍ എഴുതിയത് സോപ്പ് കട്ടകളില്‍ ആയിരുന്നു. അവ ഹൃദിസ്ഥമാക്കിയ ശേഷം കഴുകി കളയുകയായിരുന്നു പതിവ്.

എന്തുകൊണ്ട് കവിതാസംരംഭങ്ങള്‍ക്ക് പിന്തുണ നൽകണം? കവിതാ പ്രസിദ്ധീകരണത്തിനും പ്രസിദ്ധീകരിച്ചവയെ സംരക്ഷിക്കാനും ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒന്നാണ്. വരും തലമുറയ്ക്കു വേണ്ടി ഭാഷയെ പരിരക്ഷിക്കുക, അത് കേടുപാടുകളില്ലാതെ, തീവ്രമായും പുതുമയോടും കൂടെ നിലനിര്‍ത്തുക. എങ്കിലേ ഭാഷയ്ക്ക് വിഷമഘട്ടങ്ങളിലും ആഘോഷങ്ങളിലും അതിന്റെ ശരിയായ പങ്ക് നിറവേറ്റാനാവൂ.

“ജനങ്ങളെ ജീവിക്കാന്‍ സഹായിക്കുക എന്നതാണ് കവിയുടെ കർത്തവ്യം” എന്ന് വാലസ് സ്റ്റീവൻസ് എഴുതി. ഒരേ സമയം ഫിനാൻസറും കവിയുമായിരുന്നു വാലസ്. അതിനാല്‍ അയാള്‍ “പണം ഒരു പ്രത്യേക തരം കവിതയാണ് “ എന്നെഴുതി. ഒരുപക്ഷെ ഞാന്‍ അതിനെ തിരിച്ചു പറയും, കവിത ഒരു പ്രത്യേകതരം നാണയമാണ്. സ്ടീവന്‍സ് തന്നെ പറഞ്ഞിട്ടുള്ളത് പോലെ “മനുഷ്യനു പ്രകൃതിയുടെ മേലുള്ള അധികാരം അവന്റെ ഭാവനയാണ്.”

(ദ് ന്യൂ യോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ  പരിഭാഷ. കവിയും എക്കോ പ്രെസ്സ് എന്ന പുസ്തകപ്രസിദ്ധീകരണ സ്ഥാപനത്തിന്റെ സ്ഥാപകനും മേധാവിയുമാണ് ഡാനിയൽ ഹാൽപേൺ. മലയാളത്തിലാക്കിയത് രാജേഷ് കെ. പരമേശ്വരൻ.)
Previous Post Next Post