കൃത്രിമ ബുദ്ധിയും ഭാവി കവിതയും

— ജിഷ്ണു.കെ.എസ് 
 
കൃത്രിമ ബുദ്ധിയും ഭാവി കവിതയും

അലൻ ട്യൂറിംഗിങ്ങ് 1950ൽ 'യന്ത്രങ്ങൾക്ക് ചിന്തിക്കുവാൻ സാധിക്കുമോ?' എന്ന് കമ്പ്യൂട്ടിംഗ് മെഷിനറി ആൻഡ് ഇൻറ്റലിജൻസ് എന്ന തന്റെ പ്രബന്ധത്തിൽ ചോദിക്കുന്നുണ്ട്. ഞാൻ ഇന്നിതെഴുതുന്നതുതന്നെ യന്ത്രയുക്തിയാൽ (machine logic) പ്രവർത്തിക്കുന്ന ഒരു Voice to Text conversion tool ഉപയോഗിച്ചുകൊണ്ടാണ്. 1950ൽ നിന്നും 2020ൽ എത്തുമ്പോൾ ഒരു മനുഷ്യൻ പ്രവർത്തിക്കുന്നതു പോലെ തന്നെ ഇന്ന് കൃത്രിമബുദ്ധിക്ക് പ്രവർത്തിക്കുവാൻ സാധിക്കുന്നുവെന്ന് ഇതിനോടകം പല ജീവിത സന്ദർഭങ്ങളിലൂടെയും നമ്മൾ മനസ്സിലാക്കി കഴിഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ ശില്പ-ചിത്രകലകളിൽ, സാഹിത്യം, സംഗീതം മുതലായ സർഗ്ഗപ്രക്രിയകളുടെ സ്വഭാവത്തെ സ്വാധീനിക്കുവാനും, അപനിർമ്മിക്കുവാനും ആരംഭിച്ചതായി കാണാം. മനുഷ്യനെ സഹായിക്കുന്നതിനുള്ള ഒരുപാധി അല്ലെങ്കിൽ ഒരുപകരണം എന്നതിനപ്പുറം സാങ്കേതികവിദ്യയ്ക്ക് സ്വന്തമായി സർഗ്ഗസത്ത (Creative identity) ഉണ്ടോ എന്ന് നമ്മൾ ചിന്തിക്കേണ്ടിവരുന്ന പുതിയ കാലഘട്ടത്തിലേയ്ക്കാണ് ചുവടുകൾ എടുത്തു വെയ്ക്കുന്നത്.

ഈ ലേഖനത്തിലൂടെ കൃത്രിമ ബുദ്ധിയാൽ അഥവാ നിർമ്മിത ബുദ്ധിയാൽ (Artificial intelligence) കവിതയോ, കാവ്യാത്മക വാചകമോ സൃഷ്ടിച്ചെടുക്കുവാനാകുമോ എന്നും; അത്തരം പ്രവർത്തനങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ടോ എന്നും; ഉണ്ടെങ്കിൽ അതെന്തെല്ലാമെന്നും നോക്കിക്കാണുവാനുള്ള ശ്രമമാണ്.

കൃത്രിമബുദ്ധിയും കവിതയും

ജൂലൈ 27, 2016-ൽ പോപ്പുലർ സയൻസ് മാസികയിൽ വന്ന ഒരു ലേഖനം വായിക്കുന്നതുവരെ നിങ്ങളിൽ പലരേയും പോലെ ഞാനും വിശ്വസിച്ചിരുന്നത് കൃത്രിമബുദ്ധി എത്രകണ്ട് വളർന്നാലും ആർദ്രത, തന്മയീഭാവം, നർമ്മം തുടങ്ങിയ മാനുഷികഗുണങ്ങളെ ഉൾക്കൊള്ളുവാനോ, പ്രകടനപരമാക്കുവാനോ സാധ്യമാവുകയില്ല എന്നായിരുന്നു. അതിനാൽ തന്നെ മനുഷ്യഗുണങ്ങളുടെ സത്തയുൾക്കൊള്ളുന്ന ചിത്ര-ശില്പകലകൾ, സിനിമ, സാഹിത്യം തുsങ്ങിയ സർഗ്ഗാത്മക മേഖലകൾ നിർമ്മിത ബുദ്ധിയ്ക്ക് അടിമപ്പെടുകയില്ല ഒരിക്കലുമെന്നും; മനുഷ്യന്റെ ബാഹികമായ ഇടപെടലുകൾ നിരന്തരം ഇല്ലാതെ ഇത്തരം സർഗ്ഗാത്മക ക്രിയകളിൽ കൃത്രിമബുദ്ധിയ്ക്ക് സ്വയം ഇടപെടുവാൻ സാധിക്കുകയില്ല എന്നും ആയിരുന്നു.

ആ ലേഖനത്തിൽ CuratedAl എന്ന ബ്ലോഗിൽ യന്ത്രയുക്തിയുടെ (Machine logic) സാധ്യത ഉപയോഗപ്പെടുത്തി എഴുതിയിട്ടുള്ള കവിതകളെയും, ഗദ്യരചനകളെയും കുറിച്ച് വിശദമാക്കുന്നുണ്ട്. Curated Alയുടെ സ്ഥാപകയും, ചീഫ് എഡിറ്ററുമായ കാർമ്മൽ ആലിസണിന്റെ അഭിപ്രായത്തിൽ മെഷീനുകളെ യന്ത്രപഠനത്തിലൂടെ (Machine learning) കൃത്യമായി പരിശീലിപ്പിച്ചാൽ അവ അനായാസം കവിതയോ ഗദ്യമോ എഴുതും.

കൃത്രിമബുദ്ധി നിയന്ത്രിക്കുന്ന ആദ്യ സാഹിത്യസംബന്ധമായ ബ്ലോഗ് നിലവിൽ വന്നു കേവലം പത്ത് മാസത്തിനകത്ത്, കൃത്യമായി പറഞ്ഞാൽ മെയ് 19, 2017ൽ മൈക്രോസോഫ്റ്റിന്റെ കൃത്രിമ ബുദ്ധിയായ Xiaoice എഴുതിയ 139 ചൈനീസ് കവിതകളുടെ സമാഹാരം 'Sunshine Misses Windows' ചിയേഴ്സ് പബ്ലിഷിംഗ് ബീജിങ്ങിൽ പ്രകാശനം ചെയ്തു. ഈ സമാഹാരത്തിനായി 1920 മുതലുള്ള 519 ചൈനീസ് കവികളുടെ 10,000 അധികം കവിതകളും അവയുടെ വിവിധ മാതൃകകളും (Patterns) Xiaoice പഠിക്കുകയുണ്ടായി. നിലവിൽ ഏകദേശം 660 ദശലക്ഷം ഉപയോക്താക്കളുണ്ട് Xiaoice ന്. ഒരു മാസത്തിൽ ശരാശരി 120 ദശലക്ഷം തവണ ഉപയോക്താക്കളുമായി Xiaoice സംവദിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കവിതകൾ എഴുതുക മാത്രമല്ല ഈ കൃത്രിമ ബുദ്ധിയ്ക്ക് ചെയ്യുവാൻ സാധിക്കുന്നത്, ഒരു നല്ല ഗായകനെപ്പോലെയോ, ഗായികയെപ്പോലെയോ പാട്ടുകൾ പാടുവാനും (ധാരാളം പാട്ടുകൾ ഇതിനോടകം പാടിക്കഴിഞ്ഞു), കുട്ടികൾക്ക് കഥകൾ വായിച്ചു കൊടുക്കുവാനും ഡിസൈനുകൾ ചെയ്യുവാനും സാധിക്കുന്നു. ഇതിനുപുറമെ Xiaoice കിയാൻജിയാംഗ് സായാഹ്ന വാർത്തയ്ക്കായി (Qianjiang evening news) പത്രപ്രവർത്തനം ചെയ്യുന്നുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുൾപ്പടെ മറ്റു പല വ്യവഹാരിക മേഖലകളിലും Xiaoice ഇതിനോടകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

രണ്ടായിരത്തിഇരുപത്തിനാലോടെ തെറ്റുകൾ ഇല്ലാതെ വളരെ മെച്ചപ്പെട്ട രീതിയിൽ ഒരു ഭാഷയിൽ നിന്നും ഒരേ സമയം തന്നെ മറ്റു പല ഭാഷകളിലേയ്ക്ക് അതിവേഗം സംഭാഷണങ്ങളും, എഴുത്തുകളും പരിഭാഷപ്പെടുത്തുവാൻ കൃത്രിമബുദ്ധിയ്ക്ക് സാധിക്കും എന്നും; രണ്ടായിരത്തിനാൽപ്പത്തൊമ്പതോടെ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും കൃത്രിമ ബുദ്ധിയാൽ രചിക്കപ്പെട്ടതാവും എന്ന് ഓക്സ്ഫോർഡ് സർവ്വകലാശാലയിലെയും യേൽ സർവ്വകലാശാലയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ ശാസ്ത്രീയപഠന നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

ജിഷ്ണു.കെ.എസ്സ്
ജിഷ്ണു.കെ.എസ്സ്

എങ്ങനെയാണ് യന്ത്രയുക്തിയാൽ കവിത സൃഷ്ടിച്ചെടുക്കുന്നത്?

കവിതയിലൂടെ വൈകാരികാശംങ്ങളെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് വളരെ സരളമായിട്ടും, ഗഹനമായിട്ടും കൈമാറ്റം ചെയ്യുവാൻ സാധിക്കുമെന്നതിനാൽ; കവിതയ്ക്ക് മനുഷ്യന്റെ സാംസ്കാരിക ചരിത്രത്തിൽ സവിശേഷമായ ഇടമുണ്ട്. ആയതിനാൽ ന്യൂറൽ നെറ്റ്വർക്കു വഴി നിർമ്മിച്ചെടുക്കുന്ന യന്ത്രപഠനത്തിന്റ സഹായത്തോടെ മൂല വാക്യത്തിൽ നിന്നോ, അതുമല്ലെങ്കിൽ ഒരു ചിത്രത്തിൽ നിന്നോ സൃഷ്ടിച്ചെടുക്കുന്ന കവിതയിൽ സൗന്ദര്യാത്മകമായ ഉള്ളടക്കവും (ഘടന, താളം, മുതലായ കാവ്യസങ്കേതങ്ങൾ) സംവേദനപരവുമാകേണ്ടതുണ്ട്. ഇത് നമ്മുടെ ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ചില വിജയിച്ച പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് വിശദമാക്കാം.
'angst-ridden Al bot' എഴുതിയ കവിതശകലമാണ്;

      The frozen waters that are dead are now
      black as the rain to freeze a boundless sky,
      and frozen ode of our terrors with
      the grisly lady shall be free to cry.

മൈക്രോസോഫ്റ്റും ക്യോട്ടോ സർവ്വകലാശാലയും സംയുക്തമായി നിർമ്മിച്ച കൃത്രിമബുദ്ധി എഴുതിയ മറ്റൊരു കാവ്യശകലം നോക്കു;

      the sun is a beautiful thing
      in silence is drawn
      between the trees
      only the beginning of light

ഏറാൻ ഹദാസ് എന്ന ഇസ്രയലിയൻ കവി പ്രതീതികവിതയിൽ (Augmented poetry) വിപ്ലവാത്മകമായ കണ്ടത്തലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കവിയും അതിനുപരി കമ്പ്യൂട്ടർ വിദഗ്ദ്ധനും കൂടിയാണ്. People You May Know എന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ കവിതാസമാഹാരത്തിലെ കവിതകൾ മുഴുവനും മനുഷ്യ ഇടപെടലുകൾ ഇല്ലാതെ കമ്പ്യൂട്ടറാൽ സൃഷ്ടിച്ചവയാണ്. NeuroSky EEG ഹെഡ്സെറ്റ് ഉപയോഗിച്ചാണ് ഇത്തരം കവിതകൾ അദ്ദേഹം രചിക്കുന്നത്. ഈ ഉപകരണം ബ്രയിൻ കമ്പ്യുട്ടർ ഇന്റർഫേസ് (BCI) അല്ലെങ്കിൽ മൈൻഡ്-മെഷീൻ ഇന്റർഫേസ് (MMI) എന്ന സാങ്കേതിക വിദ്യയിലൂടെയാണ് പ്രവർത്തിക്കുന്നത്. ട്രെ. കെരെൻ കാറ്റ്സ് (Tr. Keren Katz) എന്നാണ് ഹദാസ് തന്റെ കമ്പ്യൂട്ടർ കവിതകൾ എഴുതുന്ന ബോട്ടിന് (Bot) പേര് നൽകിയിരിക്കുന്നത്.

The Shape of a Man എന്ന ഓട്ടോമേറ്റഡ് ഹൈക്കു കവിത പ്രഖ്യാത യഹൂദചിന്തകനും ഭിഷഗ്വരനുമായ മൈമോനിഡിസ് ഫ്രഞ്ച് കവി ആർതർ റാംങ്ബായുടെ ഭാഷാ ശൈലിയിൽ സൃഷ്ടിച്ചതാണ്. ഇത്തരത്തിൽ അദ്ദേഹം ധാരാളം കമ്പ്യൂട്ടറൈസ്ഡ് കവിതകൾ എഴുതിയിട്ടുണ്ട്.

      Image breeds a ladder
      In spirit they breed a chair for passers-by
      Beholding the eye and touching
      A woman and a bone rise up towards the face of space
      Figure breeds a bone.
                  (The Shape of a Man, Eran Hadas, Eran Hadas' blog, 2011)

കൃത്രിമ ബുദ്ധിയാൽ കാവ്യങ്ങൾ രചിക്കുവാൻ സാധിക്കുന്നത് കൃത്യമായ യന്ത്രപഠനത്തിന്റെ സഹായത്തോടെയാണ്. ഇതിനായിട്ട് വിവിധ രീതിയിലുള്ള ആൽഗൊറിതത്തിലുള്ള പ്രോഗ്രാമുകൾ സൃഷ്ടിക്കുന്നു. നിലവിൽ മൾട്ടി ആഡ്വർസെറിയൽ ഡൊമേൻ അഡാപ്റ്റേഷൻ (Muli-Adversarial Domain Adaptation / MADA) വഴി കാവ്യസൂചനകൾക്കായി ചിത്രങ്ങളും, കാവ്യഭാഷാ ശൈലികളും പ്രത്യേക രീതിയിൽ സമന്വയിപ്പിച്ചാണ് ഇത്തരം പ്രോഗ്രാമുകളെ സൃഷ്ടിച്ചെടുക്കുന്നത്. കൂടാതെ മൂലവാക്യങ്ങളെ (key text) പ്രത്യേകമയ രീതികളിൽ ക്രമപ്പെടുത്തിയാണ് നിലവിലെ പല കൃത്രിമബുദ്ധി ബോട്ടുകളും (Al bot) കവിതയും ഗദ്യവും ചമയ്ക്കുന്നത്.
കവിതയിലെ ഈ ക്രമപ്പെടുത്തൽ ചിത്രവിധാന കാവ്യശൈലിയും (Imagery), പ്രതീകാത്മക ശൈലിയും (Symbolist) കൂടുതലായിട്ട് ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ തന്നെയും; കൃത്രിമബുദ്ധിയാൽ ചമയ്ക്കപ്പെടുന്ന കാവ്യങ്ങളിലും (AI Poetry) പ്രതീതികാവ്യങ്ങളിലും (Augmented Poetry) നിലവിലുള്ള പല കാവ്യ ശൈലികളും ഗവേഷകർ അവലംബിച്ചു പോരുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐ.ബി.എം തുടങ്ങിയ സ്ഥാപനങ്ങളും, ചില വിദേശ സർവ്വകലാശാലകളും ഈ മേഖലയിൽ വിവിധങ്ങളായ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.

കവിത സൃഷ്ടിക്കാനുള്ള ചില ശ്രമങ്ങൾ

ALAMO ഗ്രൂപ്പ്: കുറച്ചുകാലമായി ഫ്രഞ്ചിൽ കൃത്രിമബുദ്ധിയാൽ കവിതകൾ സൃഷ്ടിക്കുന്നു. അവർചില പ്രോഗ്രാമുകൾ ഉപയോഗിച്ച് ആർതർ റങ്ബോയുടെ  (Arthur Rimbaud) സൊണാറ്റുകൾക്ക് സമാനമായ കാവ്യങ്ങൾ എഴുതുവാനുള്ള പരീക്ഷണങ്ങൾ നടത്തുന്നു

പോയേറ്ററി ക്രീയേറ്റർ (Poetry Creator): ഒരു വിഷയത്തെ വിവരിക്കുന്ന വാക്കുകളെ അടിസ്ഥാനമാക്കി കവിത സൃഷ്ടിക്കുവാനുള്ള ലളിതമായ പരീക്ഷണങ്ങൾ നടത്തുന്നു സംവിധാനം.

WASP:  സ്വയമേവയുള്ള കവിതകൾ സൃഷ്ടിക്കുന്നതിനുള്ള പരീക്ഷണ ശ്രമങ്ങളിലൊന്നാണ് WASP സംവിധാനം. മൂലവാക്യങ്ങളിലൂടെ  ചെറിയ ചെറിയ വാചകങ്ങളുടെ ശകലങ്ങളും വാക്യ പാറ്റേണുകളും സൃഷ്ടിച്ച്‌  കവിതാ ശകലങ്ങൾ നിർമ്മിച്ചെടുക്കുകയാണ് ഈ പരീക്ഷണ ശ്രമത്തിലൂടെ ചെയ്യുന്നത്.

ഇതേകണക്ക് ASPERA, COLIBRI, Tra-la-Lyrics, McGonnagall തുടങ്ങിയ ധാരാളം പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്.

കൃത്രിമബുദ്ധി സാഹിത്യവും കലയും (Al literature & Art), പ്രതീതിസാഹിത്യവും കലയും (Augmented literature & Art) ഏറെക്കുറെ അതിന്റെ പ്രാരംഭദിശ പിന്നിട്ടു കഴിയുകയും അധികം വൈകാതെ തന്നെ നമ്മുടെ സാംസ്ക്കാരിക രംഗങ്ങളിൽ അതിന്റെ സാധ്യതകൾ അറിയിക്കുകയും ചെയ്യും.

ഇതൊക്കെയാണെങ്കിലും, സാങ്കേതിക വിദ്യയുടെ ഭാവി സാധ്യതകളെ നമ്മൾ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധാലുക്കളായിരിക്കണം. ഗണ്യമായി വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കൃത്രിമബുദ്ധിയുമായി സ്വാഭാവിക മനുഷ്യബുദ്ധി പൊരുത്തപ്പെടുകയും മറികടക്കുകയും ചെയ്യുമ്പോൾ, വരും വർഷങ്ങളിൽ മനുഷ്യരുടെ പ്രകൃതിദത്ത ബുദ്ധിയ്ക്ക് എത്രകണ്ട് കൃത്രിമബുദ്ധിയുമായി മത്സരിക്കുവാനോ മറികടക്കുവാനോ സാധിക്കും എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു ജീവിവർഗ്ഗമായി അതിജീവിക്കാൻ മനുഷ്യർക്ക് പുതിയ മാർഗ്ഗങ്ങൾ ചിന്തിക്കേണ്ടതായിട്ടുണ്ട്. ഒരുപക്ഷെ ഈ കണ്ടെത്തലുകളാവും മാനവരാശിയുടെ ഭാവി തന്നെ നിർണ്ണയിക്കുക.

അവലംബം:
  • കൃത്രിമ ബുദ്ധി : വർത്തമാനകാലത്തെയും ഭാവിയെയും പുനർനിർണ്ണയിക്കുമ്പോൾ, ജിഷ്ണു. കെ. എസ്സ്, ഏ ഗോസിപ്പ് അക്കോർഡിംഗ് റ്റു ഹരിശങ്കരനശോകൻ, പാപ്പാത്തി ബുക്സ്
  • Automatic generation of poetry: an overview, Hugo Goncalo Oliveira, Universidade de Coimbra, Portugal, 2009
  • Chinese Poetry Generation with Recurrent Neural Networks, Xingxing Zhang and Mirella Lapata, 2014 [Source]
  • Beyond Narrative Description Generating Poetry from Images by Multi-adversarial Training, Bei Liu, Jianlong Fu, Makoto P. Kato, Masatoshi Yoshikawa, Kyoto University, 2018. Article Submitted on 23 Apr 2018 (version, v1) and last revised 10 Oct 2018 (version, v4), [Source]
  • Eran Hadas' blog
  • Introducing Aspects of Creativity in Auto
  • matic Poetry Generation, Brendan Bena, Jugal Kalita
  • A language generation system that can compose creative poetry, by Ingrid Fadelli, techxplore.com, February 26, 2020
  • What to do When Machines Do Everything, Malcolm Frank, Paul Rohring and Ben Pring, Published by John Wiley & Sons, Inc, Hoboken, NJ, USA.
  • Popular Science Magazine
  • Al Magazine
  • Al Trends
  • MIT News
  • Chatbots Magazine 
  • AI Time Journal
  • UbuWeb - The avant-garde archive

ജിഷ്ണു.കെ.എസ്സ്: കവി. 1985 ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനനം. ഐ.ടി സ്ഥാപനത്തിൽ ഹ്യൂമൻ റിസോർസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 
Previous Post Next Post