അനിത തമ്പിയുടെ കവിതകൾ

അനിത തമ്പി

1968 ൽ ആലപ്പുഴയിൽ ജനിച്ചു. മുറ്റമടിക്കുമ്പോൾ (2004), അഴകില്ലാത്തവയെല്ലാം (2010), ആലപ്പുഴവെള്ളം (2018) എന്നിവ കവിതാസമാഹാരങ്ങൾ. ആസ്ത്രേലിയൻ കവി ലെ മുറേ യുടെ കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.  ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്വീഡിഷ് തുടങ്ങിയ വിദേശഭാഷകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും അനിതയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.


    മുറ്റമടിക്കുമ്പോൾ

    കണ്ണുപൂട്ടിയുറങ്ങുന്ന വീടിൻ
    മൺകുരിപ്പുകൾ പൊങ്ങിയ മുറ്റം
    ചൂലുകൊ­ണ്ടടിച്ചോർമയാക്കുമ്പോൾ
    രാവിലെ, നടു വേദനിക്കുന്നു.

    പോയ രാത്രിയിൽ മുറ്റം നനച്ചു
    പോയിരിക്കാം മഴ, മണ്ണിളക്കി
    മണ്ണിരകളുറങ്ങാതെയാവാം
    കൊച്ചു മൺവീടുകൾ വച്ചു,രാവിൽ

    രാവിലെയൊരു പെണ്ണിൻ കുനിഞ്ഞ
    പിൻചുവടിന്റെ നൃത്തം കഴിഞ്ഞാൽ
    ഈർക്കിലിവിരൽപ്പോറൽനിരകൾ
    മാത്രമായി പൊടിഞ്ഞുപരക്കാൻ

    തൂത്തു നേരം പുലർന്നു, വെളിച്ചം
    വീണു വീടിൻ മിഴി തുറക്കുമ്പോൾ
    കാൽച്ചുവടും കരിയില പോലും
    നീങ്ങി, എന്തൊരു വൃത്തിയിൽ മുറ്റം!

    രാവരിച്ചു വന്നെത്തുന്ന പത്രം
    വാതിലിൽ വന്നു മുട്ടി വീഴുമ്പോൾ
    ചപ്പുവാരി നിവർന്നവൾക്കിത്ര
    കാപ്പിമട്ടു കുടിക്കുവാൻ ദാഹം.

    ആലപ്പുഴവെള്ളം

    ആലപ്പുഴ നാട്ടുകാരി
    കരിമണ്ണുനിറക്കാരി
    കവിതയിൽ എഴുതുമ്പോൾ
    'ജലം' എന്നാണെഴുതുന്നു!

    കവി ആറ്റൂർ ചോദിച്ചു,
    "വെള്ളം അല്ലേ നല്ലത്?"

    ആലപ്പുഴ നാട്ടുകാരി
    മെടഞ്ഞോല മുടിക്കാരി
    തൊണ്ടുചീഞ്ഞ മണമുള്ള
    ഉപ്പുചേർന്ന രുചിയുള്ള
    കടുംചായ നിറമുള്ള
    കലശ് വെള്ളത്തിന്റെ മകൾ.

    ജലം എന്നാലവൾക്കത്
    വയനാട്ടിൽ നിളനാട്ടിൽ
    മലനാട്ടിൽ തെക്കൻനാട്ടിൽ
    വാഴുന്ന തെളിനീര്
    വാനിൽനിന്നുമടർന്നത്‌,
    നിലംതൊടും മുൻപുള്ളത്
    മണമില്ലാത്തത്‌, മണ്ണി
    ന്നാഴങ്ങൾ തരുന്നത്
    നിറമില്ലാത്തത്‌, ദൂരം,
    ഉയരങ്ങങ്ങൾ, കാണ്മത്
    സമതലങ്ങൾ വാടി
    ക്കിടന്നുപോകാത്തത്

    അതിന്നുണ്ട് ദേവതകൾ
    അഴകുള്ള കോവിലുകൾ
    നിത്യപൂജ, നൈവേദ്യം
    ആണ്ടുതോറും കൊടിയേറ്റം
    തുമ്പിയാട്ടും കൊമ്പന്മാർ,
    തുളുമ്പുന്ന പുരുഷാരം.
    ആലപ്പുഴപ്പൂഴിമണ്ണ്
    തിരളുന്നതാണ് വെള്ളം
    അത് കറപിടിക്കുന്നു
    നനയ്ക്കുന്നു കുളിക്കുന്നു
    അത് നൊന്തുകിടക്കുന്നു
    എഴുന്നേറ്റു നടക്കുന്നു
    ഇണവെള്ളം തീണ്ടാതെ
    ഉറങ്ങാതെ കിടക്കുന്നു
    അരമുള്ള നാവുള്ള
    മെരുക്കമില്ലാത്ത വെള്ളം
    തെളിയാൻ കൂട്ടാക്കാത്ത
    കലക്കമാണതിന്നുള്ളം

    അവനവൻ ദേവത
    അകംപുറം ബലിത്തറ
    തുഴ, ചക്രം, റാട്ടുകൾ
    ചങ്ക് പൊട്ടിപ്പാട്ടുകൾ
    മണ്ടപോയ കൊടിമരം
    മഞ്ഞോലച്ചെവിയാട്ടം
    ചാകരയ്ക്ക് തുറപോലെ
    തുള്ളുന്ന മഴക്കാലം
    ചൊരിമണൽ പഴുത്തു തീ
    തുപ്പുന്ന മരുക്കാലം
    കവിഞ്ഞിട്ടും കുറുകിയും
    കഴിച്ചിലാകുന്ന വെള്ളം.
    പിഞ്ഞാണം, ചരുവങ്ങൾ,
    കോരിവെയ്ക്കും കുടങ്ങൾ
    തേച്ചാലുമുരച്ചാലും
    പോകാത്ത ചെതുമ്പലായ്
    പറ്റിച്ചേർന്നിരിക്കുന്നു
    വെള്ളത്തിന്റെ വേദന.

    കനാലുകൾ, ബോട്ട്ജെട്ടി
    കല്ലി,രുമ്പു പാലങ്ങൾ,
    കുളം, കായൽ, വിരിപ്പായൽ,
    കുളവാഴപ്പൂച്ചിരി,
    ചകിരിപ്പൊന്നൊളിയുള്ള
    ഇരുമ്പിന്റെ ചുവയുള്ള
    വിയർപ്പിന്റെ വെക്കയുള്ള
    ആലപ്പുഴ വെള്ളം.
    ഇളകിയും മങ്ങിയും
    അതിദൂരത്തകലുന്നു
    പറവകൾ കാണുന്ന
    പടങ്ങളായി മാറുന്നു.

    പതിറ്റാണ്ടുകൾ കഴിഞ്ഞു,
    തെക്കൻ നീരിലൂരുറച്ചു
    എന്നിട്ടുമെഴുതുമ്പോൾ,
    ഓർമ്മയിൽപരതുമ്പോൾ
    ആലപ്പുഴനിറക്കാരി
    ആലപ്പുഴമുടിക്കാരി
    ജലമെന്നോ വെള്ളമെന്നോ
    തിരിയാതെ തിരിയുന്നൂ
    തൊണ്ട ദാഹിക്കുന്നു.

    എഴുത്ത്

    കുളിക്കുമ്പോൾ
    പൊടുന്നനെ
    ജലം നിലച്ചു

    തുരുമ്പിച്ച
    കുഴൽ, ചൂളം
    വിളിച്ചു നിന്നു

    ജലം വാർന്ന്
    നഗ്നമാകും
    ഉടൽ ചൂളുമ്പോൾ

    ജനൽ വഴി
    വിരൽ നീട്ടി
    വിറയൻ കാറ്റ്

    ഒരു മാത്ര
    തണുക്കും പോൽ
    എനിക്കു തോന്നി

    നനവിന്റെ
    ഉടയാട
    പറന്നു പോയി

    വെറിവേനൽ
    ചുറ്റി, നാണം
    മറന്നും പോയി

    മരം പെയ്യും
    പോലെ, മുടി-
    യിഴകൾ മാത്രം

    ഉടലിന്മേൽ
    ഓർമ്മയിൽ നി-
    ന്നെഴുതുന്നുണ്ട്

    ജലം കൊണ്ട്
    രണ്ട് മൂന്ന്
    വരികൾ മാത്രം.

    പ്രേതം

    സന്ധ്യയ്ക്ക്
    ഒറ്റയ്ക്ക്
    ഈ വഴി വരുമ്പോൾ
    അവരാതിവെയിൽ മുട്ടിച്ചേർന്ന് നടന്നും
    സ്വൈരിണിയായ കാറ്റ് ഉടുമുണ്ട് പറത്തിയും
    കുലടനിഴൽ വിടാതെ പിൻ‌തുടർന്ന് പിണഞ്ഞും
    രാവിലേക്ക് വശപ്പെടുത്തിക്കൊണ്ടിരുന്ന
    ചുവന്നുമയങ്ങിയ ഒരു സന്ധ്യയ്ക്ക്
    ഒറ്റയ്ക്ക്
    ഈ വഴി വരുമ്പോൾ

    ഇരുപുറവും ചൂളമരങ്ങൾ ഇളകിയാടിക്കൊണ്ടിരുന്ന
    ഈ വളവ് തിരിഞ്ഞതും
    അന്നോളം പിറന്ന പെണ്ണുങ്ങളത്രയും
    മുഖം മിനുക്കി
    മുടിക്കെട്ടിൽ പൂചൂടി
    ആടിക്കുഴഞ്ഞ് വഴിനിറഞ്ഞ്
    പ്രചണ്ഡമഹാഭോഗത്തിലേക്ക് ക്ഷണിക്കുന്നത് കണ്ട്
    അന്തം വിട്ടുണർന്ന്
    എണ്ണമറ്റ ചുണ്ടുകളും
    മുലകളും അടിവായകളും വിട്ട് കുതിച്ചുവന്ന
    നിലകിട്ടാനീറ്റിൽ
    പൊങ്ങിത്താണ്
    ചത്ത്
    ചീർത്ത്
    അടിഞ്ഞു

    സന്ധ്യയ്ക്ക്
    ഒറ്റയ്ക്ക്
    മുടിഞ്ഞ
    ഇതേ തേവിടിശ്ശിക്കരയ്ക്ക്.

    പ്രാര്‍ത്ഥന

    രാത്രിവാനില്‍ പടര്‍ച്ചില്ലമേല്‍, ഇല-
    ത്തുള്ളികള്‍ പോലെ നക്ഷത്രദൃഷ്ടികള്‍
    കണ്ടു കണ്ടു കണ്‍വട്ടം നിറയ്ക്കുവാന്‍
    രാവെനിക്കു മിഴിയായിരിക്കണേ

    പാട്ടുപെയ്യും മുകില്‍ക്കാടുകള്‍ക്കിട-
    യ്ക്കൂതിയൂതിത്തളര്‍ന്ന പുല്ലാങ്കുഴല്‍
    പോലെയാമുടല്‍ക്കൂടും നിലയ്ക്കാത്ത
    കാറ്റെനിക്കു ചിറകായിരിക്കണേ

    വേനലിന്റെ വിയര്‍പ്പിനെയുള്ളിലെ-
    ത്തീയുണക്കുന്നൊരുപ്പായ ജീവിതം
    സ്നേഹമാണ്, വെറുപ്പാണ്, ദൈവമേ
    ലോകമെന്റെ മനസ്സായിരിക്കണേ

    നീലനീലക്കിനാവണ്ടികള്‍ വന്നു
    നിന്നു നീങ്ങുമീ തീവണ്ടിശാലയില്‍
    വന്നിരിപ്പാണ്, ഭീതികള്‍ താണ്ടുവാന്‍
    മൃത്യുവെന്റെ ഉയിരായിരിക്കണേ.

    പറക്കാതിരിക്കല്‍

    മരക്കൊമ്പില്‍
    ഒരു കിളി വന്നിരുന്നു.

    കാറ്റനക്കുന്ന പച്ചിലകള്‍
    ഇലകള്‍ക്കിടയില്‍ നിന്നും
    പെട്ടെന്ന് ഞെട്ടിവരുന്ന പൂക്കള്‍
    പൂക്കള്‍ക്കിടയില്‍
    കിളി പൂങ്കുല പോലെ ചാഞ്ഞിരുന്നു.

    പൂ പറിക്കാന്‍ കുട്ടികള്‍
    മരക്കൊമ്പ് വളച്ചു താഴ്ത്തി
    തണല്‍ കായാന്‍ വന്നവര് ‍കൈകള്‍ നീട്ടി ഇല നുള്ളി
    കിളി ചിറകൊതുക്കി അനങ്ങാതിരുന്നു.

    പകല്‍ മുഴുവന്‍ ശേഖരിച്ച വെയില്‍
    ഇലകളില്‍ ആറിക്കിടക്കുന്ന വൈകുന്നേരത്ത്
    കറമ്പിയും കുഞ്ഞുങ്ങളും
    തീറ്റ തിരഞ്ഞിറങ്ങുമ്പോള്‍
    കിളി പേടിക്കാതെ പതുങ്ങിയിരുന്നു.

    അങ്ങനെയിരിക്കെ
    മാനത്ത്
    അടഞ്ഞ ഇമ പോലെ ചന്ദ്രക്കല വന്നു
    അഴകു ചേര്‍ക്കാന്‍ ഒരു നക്ഷത്രവും വന്നു

    ജന്മങ്ങളോളം കാണാന്‍ പാകത്തില്‍
    കിളി തുഞ്ചത്തോളം ചെന്നിരുന്നു.

    വെറും ഒരു മരക്കൊമ്പില്‍ !

    Previous Post Next Post