പി. പി. രാമചന്ദ്രൻ്റെ കവിതകൾ

പി. പി. രാമചന്ദ്രൻ

മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ൽ ജനിച്ചു. പ്രൈമറി അദ്ധ്യാപക പരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടർന്നു് ബിരുദം നേടുകയും പൊന്നാനി ഏ.വി.ഹൈസ്കൂളിൽ അദ്ധ്യാപകനാവുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സാംസ്കാരിക രംഗത്തു് അക്കാലം മുതൽ സജീവമായി പ്രവർത്തിക്കുന്നു. അമേച്വർ നാടകപ്രവർത്തകനുമാണ്. 

കാണെക്കാണെ, രണ്ടായ്‌ മുറിച്ചത്‌, കാറ്റേ കടലേ, പി.പി രാമചന്ദ്രന്റെ കവിതകള്‍ എന്നിവ കവിതാസമാഹാരങ്ങൾ. പാതാളം (കഥ), പൂച്ചകുറുഞ്ഞ്യാരും അഞ്ചു മക്കളും (കഥ), പൂതപ്പാട്ട് (പുനരാഖ്യാനം), മരക്കുതിര (ചീനക്കഥകള്‍) എന്നിവ ബാലസാഹിത്യകൃതികളാണ്. 

കാണെക്കാണെ 2002-ലെ കേരള സാഹിത്യ അക്കാദമി അവാർഡു നേടി. വി ടി കുമാരൻ, ചെറുകാട്‌, കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണൻ എന്നിവരുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കവിതാപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. 2013 ലെ പി. കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം പി. പി. രാമചന്ദ്രന്റെ 'കാറ്റേ കടലേ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. പൊന്നാനി നാടക വേദിയുടെ മുഖ്യ സംഘാടകനായും പ്രവർ‌ത്തിച്ചിട്ടുണ്ട്. അവതരണകവിത എന്ന വിഷയത്തിലുള്ള ഗവേഷണത്തിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചു.

    ലളിതം

    ഇവിടെയുണ്ടു ഞാന്‍
    എന്നറിയിക്കുവാന്‍
    മധുരമാമൊരു
    കൂവല്‍ മാത്രം മതി

    ഇവിടെയുണ്ടായി-
    രുന്നു ഞാനെന്നതി-
    ന്നൊരു വെറും തൂവല്‍
    താഴെയിട്ടാൽ മതി

    ഇനിയുമുണ്ടാകു-
    മെന്നതിന്‍ സാക്ഷ്യമായ്‌
    അടയിരുന്നതിന്‍
    ചൂടുമാത്രം മതി

    ഇതിലുമേറെ
    ലളിതമായ്‌ എങ്ങനെ
    കിളികളാവി-
    ഷ്‌ക്കരിക്കുന്നു ജീവനെ!

    ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ

    1
    രമണനിരുന്നേടത്ത്
    പാത്തുമ്മായുടെ ആടിനെക്കാണാം
    ചെമ്മീൻ വച്ചേടത്ത്
    കേരളത്തിലെ പക്ഷികൾ ചേക്കേറി
    പാവങ്ങളുടെ സ്ഥാനത്ത്
    പ്രഭുക്കളും ഭൃത്യന്മാരുമാണ്
    മാർത്താണ്ഡവർമ്മയെ തിരഞ്ഞാൽ
    ഡ്രാക്കുളയെ പിടികൂടാം

    ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
    വായനശാലക്ക് വ്യവസ്ഥയില്ലാതായി
    ക്രമനമ്പർ തെറ്റി
    ഇരിപ്പിടങ്ങൾ മാറി
    പുറംചട്ടകൾ ഭേദിച്ച്
    ഉള്ളടക്കം പുറത്തു കടന്നു

    2
    കുത്തഴിഞ്ഞ പുസ്തകങ്ങളുടെ
    ഏടുകളിൽ കയറി
    കഥാപാത്രങ്ങൾ
    സ്വച്ഛന്ദസഞ്ചാരം തുടങ്ങി
    രണ്ടാമൂഴത്തിലെ ഭീമൻ
    കരമസോവ് സഹോദരന്മാരെ
    പരിചയപ്പെട്ടു
    പ്രഥമപ്രതിശ്രുതിയിലെ
    ബംഗാളിയായ സത്യ
    കോവിലകന്റെ തട്ടകത്തിലെത്തി
    നോത്രദാമിലെ കൂനനെക്കണ്ട്
    ഖസാക്കിലെ അപ്പുക്കിളി
    അന്തം വിട്ടു
    ഈയെമ്മസിന്റെ ആത്മകഥയിരിക്കുന്ന
    ഷെൽഫിലേക്ക് കൊണ്ട്പോകണേ എന്ന്
    ഈയ്യിടെ വന്ന
    മുകുന്ദന്റെ (കേശവന്റെ) അപ്പുകുട്ടൻ
    വാവിട്ടുവിലപിക്കാൻ തുടങ്ങി
    മൂലധനം അപ്രത്യക്ഷമായി
    രതിസാമ്രാജ്യം തിരിച്ചുവന്നു
    അലമാരയിലെ കുഴമറിച്ചിൽ കണ്ടു
    ചിരിച്ചുചിരിച്ചു
    വി.കെ.എന്നിന്റെ പയ്യൻസ്
    തുന്നൽ വിട്ടു കിടപ്പിലായി

    3
    ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
    വായനക്കാരുടെ പ്രതികരണങ്ങളും മാറി
    ജാതിവ്യവസ്ഥയും കേരളചരിത്രവും
    എന്ന പുസ്തകത്തിന്റെ
    അവസാന പേജിൽ
    ‘വളരെനല്ല നോവൽ’ എന്ന്
    ഒരു വായനക്കാരൻ
    അഭിപ്രായം കുറിച്ചു
    അഴീക്കോടിന്റെ തത്ത്വമസി
    ബാലസാഹിത്യശാഖയില് പെട്ടു
    ശബ്ദതാരാവലി
    ലൈംഗികവിജ്ഞാനകോശമായി
    കഥ കവിത ലേഖനം നാടകം
    തുടങ്ങിയ അസംബന്ധങ്ങളുടെ
    കാറ്റലോഗ് കാണാതായി

    4
    ലൈബ്രേറിയൻ മരിച്ചതിൽപ്പിന്നെ
    വായനശാലയ്ക്ക്
    കൃത്യമായ പ്രവൃത്തിസമയമില്ലാതായി
    എപ്പോൾ തുറക്കുമെന്നോ
    എപ്പോൾ അടയ്ക്കുമെന്നോ
    പറയാനാവില്ല
    ഒരിയ്ക്കൽ, അർദ്ധരാത്രി
    സെക്ക്ന്റ് ഷോ കഴിഞ്ഞുമടങ്ങുമ്പോൾ
    വായനശാലയുടെ ജനാലയ്ക്കൽ
    മങ്ങിയ വെട്ടം കണ്ടു.
    ആകാംക്ഷയോടെ പാളിനോക്കി
    ദൈവമേ!
    മെഴുകുതിരികളുടെ
    മഞ്ഞവെളിച്ചത്തിൽ
    ഒരു വലിയ അതിഥിസൽക്കാരം
    നടക്കുകയാണവിടെ
    എഴുത്തുകാരെയും
    കഥാപാത്രങ്ങളെയുംകൊണ്ട്
    ഹാളിലെ ഇരിപ്പിടങ്ങൾ
    നിറഞ്ഞിരിക്കുന്നു
    അതാ
    മഞ്ഞുകുപ്പായം ധരിച്ച്
    ചുരുട്ട്പുകച്ചുകൊണ്ട്
    ഫയദോർ ദസ്തയേവ്സ്കി
    വളഞ്ഞകാലുള്ള വടിയൂന്നിക്കൊണ്ട്
    തകഴി ശിവശങ്കരപ്പിള്ള
    തൊപ്പിയൂരിപ്പിടിച്ച്
    ജനാലയിലൂടെ പുറത്തേയ്ക്കുനോക്കുന്നു
    പാബ്ലോ നെരൂദ
    കോണിച്ചുവട്ടിൽ
    ചെറുപ്പക്കാരെ പ്രകോപിപ്പിച്ചുകൊണ്ട്
    എം.ഗോവിന്ദൻ
    ഇംഗ്ലീഷ് മലയാളം
    ഫ്രഞ്ച് റഷ്യൻ
    പല ഭാഷകളിൽ ഉച്ചത്തിൽ
    അവർ സംസാരിക്കുന്നുണ്ടെങ്കിലും
    ശബ്ദം പുറത്തു വന്നിരുന്നില്ല
    ഇടയ്ക്ക് മൂലയിൽ ഇരുന്ന
    വട്ടക്കണ്ണടയും ജുബ്ബയും ധരിച്ച
    ആ മെലിഞ്ഞ ചെറുപ്പക്കാരൻ
    അതേ, ചങ്ങമ്പുഴ തന്നെ
    ഒഴിഞ്ഞ ഗ്ലാസ്സുയർത്തിക്കൊണ്ട്
    എന്തോ വിളിച്ചുപറഞ്ഞു
    ഉടൻ തന്നെ
    അലമാരകൾക്കു പിന്നിൽ നിന്നു
    ഒരു മനുഷ്യൻ
    നിറഞ്ഞ ചഷകവുമായി
    അങ്ങോട്ട് നീങ്ങി
    മെഴുകുതിരിവെളിച്ചത്തിൽ
    ഒരു ഞൊടികൊണ്ട്
    ആ മുഖം
    ഞാൻ തിരിച്ചറിഞ്ഞു
    അതെ അയാൾ തന്നെ
    മരിച്ചുപോയ നമ്മുടെ ലൈബ്രേറിയൻ.

    ഒരുവൾ

    സ്കൂളിനു മുന്നിൽ
    ബസ്സ് കാത്തു നിൽക്കുന്നു
    പെൺകുട്ടികൾ

    കുടയിലും ബാഗിലും
    ചെരുപ്പിലും യൂണിഫോമിലും
    എത്ര ഒതുക്കിയിട്ടും
    പുറത്തുചാടുന്നു
    തെറിക്കുന്ന ശരീരം

    വാക്കിലും നോക്കിലും
    നില്പിലും നടപ്പിലും
    എത്ര ഒളിപ്പിച്ചിട്ടും
    പുറത്തുകാണുന്നു
    കുതിക്കുന്ന ഹൃദയം

    നിർത്താതെ പോകുന്ന
    ബസിന്നു പിന്നാലെ
    ഓടി മടങ്ങുന്നു
    പരിഭ്രമം കൊണ്ടു
    വാലിട്ടെഴുതിയ കണ്ണുകൾ

    ഇവരിലൊരുവൾ
    ഉദ്യോഗസ്ഥയാകും
    വീട്ടമ്മയാകുമൊരുവൾ
    പിഴച്ചുപോകും മറ്റൊരുവൾ

    ഒരുവൾ
    കൈക്കുഞ്ഞുമായി
    ബസ്സിലിരുന്ന്
    ഇതിലേ കടന്നുപോകുമ്പോൾ
    ഞാൻ പഠിച്ച സ്കൂളെന്ന്
    ഭർത്താവിനു ചൂണ്ടിക്കാട്ടും

    ഒരുവൾ
    അപ്പോഴും
    അവിടെത്തന്നെ
    ബസും കാത്തുനിൽപ്പുണ്ടാവും.

    കാണെക്കാണെ

    സിഗ്നൽ മാറിപ്പോയതിനാൽ
    പാളം തെറ്റിപ്പോയ ഒരു തീവണ്ടി
    പുലർച്ചെ
    പാടത്തേയ്ക്കിറങ്ങുന്ന
    കുണ്ടനിടവഴിയിൽ
    വന്നു നിന്നു.

    ബ്രേക്കിട്ടപ്പോൾ
    അപരിചിതമായ
    ഇരുമ്പുചക്രങ്ങളുടെ
    അലർച്ച കേട്ട്
    നായ്ക്കൾ കുര തുടങ്ങി

    പൂച്ചകൾ
    ജാഗ്രതയുടെ
    രോമവില്ലു കുലച്ചു

    കിയോ കിയോ കൗതുകങ്ങളെ
    ചിറകിൻ കീഴിലൊതുക്കി
    ഗ്രാമം തലപൊക്കിനോക്കി

    വേലിമുള്ളും
    മരക്കൊമ്പുകളും തട്ടി
    ഏ സി സ്ലീപ്പർ കോച്ചുകളുടെ
    പുറംതൊലി
    അങ്ങിങ്ങു കീറിയിരിക്കുന്നു.

    റിസർവേഷൻ കമ്മാർട്ടുമെന്റിന്റെ
    പുറത്തൊട്ടിച്ച ചാർട്ട് നോക്കി
    ഒരണ്ണാൻ
    ഉറക്കെ പേരുകൾ വായിക്കുകയാണ്

    ദീർഘയാത്രയുടെ മുഷിച്ചിലോടെ
    കോട്ടുവായിട്ടുകൊണ്ട്
    നിർത്തിയിട്ട സ്റ്റേഷൻ
    ഏതെന്ന് നോക്കാനായി
    ഒരു കെട്ട നാറ്റം
    വാതിൽക്കലെത്തി

    സിഗ്നൽ കാത്ത് കാത്ത്
    മടുത്ത എഞ്ചിൻ ഡ്രൈവർ
    തൊട്ടടുത്ത പറമ്പിലേക്ക് ചാടി
    ഒരു പഴുക്കടയ്ക്ക പെറുക്കിവന്നു
    ചെല്ലം തുറന്നു

    കാണെക്കാണെ
    കൗതുകംപോയി
    എല്ലാം പരിചിതമായി

    മണപ്പിച്ചും മൂത്രിച്ചും
    നായ്ക്കൾ വണ്ടി
    വീട്ടുകോലായയാക്കി.

    ഞെളിഞ്ഞും ചുരുണ്ടും
    പൂച്ചകൾ ബർത്ത്
    അടുപ്പുതിണ്ണയാക്കി.

    കൂറ്റൻ ബോഗികൾക്കിടയിൽനിന്നും
    കിയോകിയോ
    കേട്ടു തുടങ്ങി.

    പിന്നീടെപ്പോഴാണ്
    സിഗ്നൽ കിട്ടിയതെന്നറിയില്ല.
    ദൂരെ, തോട്ടുവരമ്പത്തുകൂടെയുണ്ട്
    അതു പോകുന്നു

    ആവിയോ
    പുകയോ
    ശബ്ദമോ ഇല്ല.

    ഒരുകൂട്ടം ഉറുമ്പുകൾ
    വലിച്ചുകൊണ്ടുപോവുകയാണ്
    അതിനെ.

    Previous Post Next Post