കെ. സച്ചിദാനന്ദന്റെ കവിതകൾ

കെ. സച്ചിദാനന്ദൻ

1946 മേയ്‌ 28-നു തൃശ്ശൂർ ജില്ലയിൽ ജനിച്ചു. തർജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങൾ രചിച്ചു.  1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹനായി. 1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ഇംഗ്ലിഷ് പ്രൊഫെസർ ആയി ജോലി നോക്കി. 1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 2012ല്‍ ലഭിച്ചു.

{tocify} $title={ കെ. സച്ചിദാനന്ദന്റെ കവിതകൾ}

    വിക്ക്

    വിക്ക് വൈകല്യമല്ല
    ഒരു സംസാര രീതിയാണ്.

    വാക്കിനും അർത്ഥത്തിനുമിടയ്ക്കു വരുന്ന
    ചില മൌനങ്ങളെയാണ്
    നാം വിക്കെന്നു വിളിക്കുന്നത്.
    വാക്കിനും പ്രവൃത്തിക്കുമിടയ്ക്കുള്ള മൌനങ്ങളെ
    മുടന്തെന്നു വിളിക്കുമ്പോലെതന്നെ.

    ഭാഷയ്ക്കു മുമ്പാണോ വിക്കുണ്ടായത്
    അതോ ഭാഷയ്ക്കു ശേഷമോ?
    ഭാഷയുടെ ഒരു പ്രാദേശിക വ്യതിയാനമാണോ വിക്ക്
    അതോ സ്വയം ഒരു ഭാഷയോ?
    ഈ ചോദ്യങ്ങൾക്കു മുമ്പിൽ
    ഭാഷാശാസ്ത്രജ്ഞർ വിക്കുന്നു.

    ഓരോ കുറി വിക്കുമ്പോഴും നാം
    അർത്ഥങ്ങളുടെ ദൈവത്തിന്
    ഒരു ബലി നൽകുകയാണ്.

    ഒരു ജനത ഒന്നിച്ചു വിക്കുമ്പോൾ
    അവരുടെ മാതൃഭാഷ വിക്കാകുന്നു
    ഇപ്പോ‍ൾ നമ്മുടേതെന്ന പോലെ.

    മനുഷ്യനെ സൃഷ്ടിച്ചപ്പോൾ
    ദൈവവും വിക്കിയിരിക്കണം
    അതുക്കൊണ്ടാണ് മനുഷ്യരുടെ
    എല്ലാ വാക്കുകളും ദുരൂഹമായത്.
    അതുകൊണ്ടാണ് മനുഷ്യരുടെ
    പ്രാർത്ഥനകൾ മുതൽ കല്പനകൾവരെ
    എല്ലാം വിക്കുന്നത്,
    കവിതയെപ്പോലെ.

    ഭ്രാന്തന്മാര്‍

    ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല
    ഭ്രാന്തികള്‍ക്കും.
    നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല
    അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്
    അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.

    ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
    മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
    അവരുടെ സ്‌നേഹം നിലാവാണ്
    പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു.

    മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത്
    നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്
    അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
    അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.

    ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
    പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
    നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.

    ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
    ചോരയൊലിക്കുന്നതു കാണുന്നു
    ചിലപ്പോള്‍ തെരുവില്‍നിന്ന്
    സിംഹങ്ങള്‍ അലറുന്നതു കാണുന്നു.

    ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
    സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
    ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
    എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
    അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
    അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
    മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
    മെരുക്കിയെടുക്കുകയാണ്
    കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
    ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.

    ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
    നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
    ഇരുപതു ഞൊടി മതി അവര്‍ക്ക്
    ക്രിസ്തുവിലെത്താന്‍
    ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
    ഒരു പകല്‍കൊണ്ട് അവര്‍
    ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
    ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
    അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.

    ഭ്രാന്തന്മാര്‍
    നമ്മെപ്പോലെ
    ഭ്രാന്തന്മാരല്ല.

    കോഴിപ്പങ്ക്

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; കൂർമ്പൻ കൊക്കെനിക്കു തരിൻ...

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; ചെമ്പിൻ പൂവെനിക്കു തരിൻ—കുന്നിക്കുരു-
    കണ്ണെനിക്കു തരിൻ...

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ, പൊന്നിൻ കാലെനിക്കു തരിൻ—എള്ളിൻപൂ
    വിരലെനിക്കു തരിൻ-കരിമ്പിൻ
    നഖമെനിക്കു തരിൻ...

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; തുടിയുടെലിനിക്കു തരിൻ-ശംഖിൻ
    കുരലെനിയ്ക്കു തരിൻ-കുഴൽ
    കരളെനിയ്ക്കു തരിൻ-തംബുരു
    കുടലെനിയ്ക്കു തരിൻ...

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷെ; നാക്കില പപ്പെനിയ്ക്കു തരിൻ-പൂക്കില-
    പൂടയെനിയ്ക്കു തരിൻ-കൈതോല
    വാലെനിയ്ക്കു തരിൻ-തീപ്പൊരി-
    ചേലെനിയ്ക്കു തരിൻ-പുത്തരി-
    യങ്കമെനിയ്ക്കു തരിൻ...

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പോട്ടെ
    കോഴിക്കൊമ്പു നിങ്ങളെടുത്തോളിൻ
    പല്ലു നിങ്ങളെടുത്തോളിൻ
    പൂവൻമുട്ട നിങ്ങളെടുത്തോളിൻ
    മുലയും നിങ്ങളെടുത്തോളിൻ

    എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
    പക്ഷേ,
    എന്റെ കോഴിയെ മാത്രമെനിയ്ക്കു തരിൻ.

    വാതിലുമേറ്റി നടക്കുന്ന ഒരാള്‍

    ഒരാള്‍ ഒരു വാതിലുമേറ്റി
    നഗരത്തെരുവിലൂടെ നടക്കുന്നു,
    ആ വാതിലിന് ഒരു വീടന്വേഷിച്ചുകൊണ്ട്.

    അയാളൊരിക്കല്‍ സ്വപ്നം കണ്ടിരുന്നു,
    ആ വാതിലിലൂടെ തന്റെ സ്ത്രീയും
    കുട്ടികളും സുഹൃത്തുക്കളും കടന്നുവരുന്നത്‌.
    എന്നാലിപ്പോള്‍ അയാള്‍ കാണുന്നു
    പണിയാനാകാതെപോയ ആ വീടിന്‍റെ
    ഈ വാതിലിലൂടെ ലോകം മുഴുവന്‍
    കടന്നുപോകുന്നത്: മനുഷ്യര്‍, വാഹനങ്ങള്‍,
    വൃക്ഷങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, എല്ലാം.

    വാതിലിന്റെ സ്വപ്നമോ
    അതു ഭൂമിയിലൊതുങ്ങുന്നില്ല;
    അതിന് സ്വര്‍ഗത്തിന്‍റെ വാതിലാകണം.
    തന്നിലൂടെ മേഘങ്ങളും മഴവില്ലുകളും
    ഗന്ധര്‍വന്മാരും അപ്സരസ്സുകളും
    പുണ്യാത്മാക്കളും കടന്നുപോകുന്നതു സങ്കല്‍പ്പിച്ച്
    അത് സ്വര്‍ണംപോലെ തിളങ്ങുന്നു.

    പക്ഷെ, അതിനെക്കാത്തു നില്‍ക്കുന്നത്
    നരകത്തിന്‍റെ ഉടമസ്ഥനാണ്.
    അതിപ്പോഴാഗ്രഹിക്കുന്നതിത്രമാത്രം
    എനിക്കെന്റെ വൃക്ഷമായാല്‍ മതി
    വീണ്ടും നിറയെ ഇലകളണിഞ്ഞ് കാറ്റിലുലഞ്ഞ്
    തന്നെ ഏറ്റി നടക്കുന്ന ഈ അനാഥന്
    അല്‍പ്പം തണല്‍ നല്‍കിയാല്‍ മാത്രം മതി.

    ഒരാള്‍ ഒരു വാതിലുമേറ്റി
    നഗരത്തെരുവിലൂടെ നടക്കുന്നു
    ഒരു നക്ഷത്രം അയാളെ പിന്‍ചെല്ലുന്നു.

    മുള്‍ച്ചെടി

    മുള്ളുകളാണ്‌ എന്റെ ഭാഷ
    ചോരയിറ്റിക്കുന്ന ഒരു സ്‌പര്‍ശത്തിലൂടെ
    ഓരോ ജീവിയോടും
    ഞാനിവിടെയുണ്ടെന്ന്
    ഞാന്‍ വിളിച്ചുപറയുന്നു.
    അവര്‍ക്കറിയില്ല,
    ഈ മുള്ളുകള്‍
    ഒരിക്കല്‍ പൂവുകളായിരുന്നെന്ന്:
    എനിക്കു വേണ്ടാ
    ചതിക്കുന്ന കാമുകര്‍.
    കവികളോ,
    മരുഭൂമികളുപേക്ഷിച്ച്
    ഉദ്യാനങ്ങളിലേക്കു തിരിച്ചുപോയി.
    പൂ ചവിട്ടിമെതിക്കുന്ന
    ഒട്ടകങ്ങളും വണിക്കുകളും
    മാത്രം ബാക്കിയായി.

    അപൂര്‍വമായ ജലത്തിന്റെ
    ഓരോ ബിന്ദുവില്‍നിന്നും
    ഞാന്‍ ഓരോ മുള്ളു വിരിയിക്കുന്നു.
    ഒരു തുമ്പിയെയും പ്രലോഭിപ്പിക്കാതെ,
    ഒരു പക്ഷിയും പ്രകീര്‍ത്തിക്കാതെ,
    ഒരു വരള്‍ച്ചയ്‌ക്കും വഴങ്ങാതെ,
    പച്ചയുടെ ഓരങ്ങളില്‍
    ഞാന്‍ മറ്റൊരു സൌന്ദര്യം സൃഷ്‌ടിക്കുന്നു,
    നിലാവിന്നപ്പുറം,
    കിനാവിന്നിപ്പുറം,
    കൂര്‍ത്തുമൂര്‍ത്ത
    ഒരു സമാന്തരഭാഷ.

    ഗാന്ധിയും കവിതയും

    ഒരു ദിവസം മെലിഞ്ഞ ഒരു കവിത
    ഗാന്ധിയെക്കാണാന്‍ ആശ്രമത്തിലെത്തി.
    കുനിഞ്ഞിരുന്ന് രാമനിലേക്കുള്ള
    നൂല്‍ നൂല്‍ക്കുകയായിരുന്നു ഗാന്ധി.
    താന്‍ ഒരു ഭജനയാകാത്തതില്‍ ലജ്ജിച്ച്
    വാതിലില്‍ത്തന്നെ നിന്ന കവിതയെ
    ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല.
    കവിത മുരടനക്കിയപ്പോള്‍ ഗാന്ധി
    നരകം കണ്ട തന്റെ കണ്ണടയിലൂടെ
    ഇടംകണ്ണിട്ടു നോക്കി ചോദ്യമാരംഭിച്ചു:
    ʻഎപ്പോഴെങ്കിലും നൂല്‍ നൂറ്റിട്ടുണ്ടോ?
    തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
    വെളുപ്പിനെണീറ്റ് അടുക്കളയിലെ
    പുകയേറ്റിട്ടുണ്ടോ?
    എപ്പോഴെങ്കിലും പട്ടിണി കിടന്നിട്ടുണ്ടോ?ʼ

    കവിത പറഞ്ഞു:
    ജനിച്ചതു കാട്ടിലായിരുന്നു,
    ഒരു നായാടിയുടെ വായില്‍.
    വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും.
    എങ്കിലും പാട്ടല്ലാതെ
    ഒരു തൊഴിലുമറിയില്ല.
    കുറെക്കാലം പാട്ടുപാടി
    കൊട്ടാരങ്ങളില്‍ കഴിഞ്ഞു
    അന്നു വെളുത്തുകൊഴുത്തിരുന്നു.
    ഇപ്പോള്‍ തെരുവിലാണ്, അരവയറില്‍.

    ഗാന്ധി പുഞ്ചിരിച്ചു പറഞ്ഞു:
    'ഈ ഒടുവില്‍ പറഞ്ഞ കാര്യം
    നല്ലതുതന്നെ; പക്ഷേ
    സംസ്കൃതം പറയുന്ന ശീലം മുഴുവനുപേക്ഷിക്കണം.
    വയലിലേക്കു ചെല്ലൂ,
    കര്‍ഷകര്‍ സംസാരിക്കുന്നതു ശ്രദ്ധിക്കൂ.ʼ

    കവിത ഒരു വിത്തായി രൂപം മാറി
    വയലിലെത്തി
    പുതുമഴപെയ്ത് നിലമുഴുതു മറിക്കാന്‍
    കൃഷിക്കാരനെത്തുന്ന ദിവസവും കാത്തുകിടന്നു.

    Previous Post Next Post