മലയാളകവിതയുടെ അവതരണ ശരീരം

— എം. ആർ. വിഷ്ണുപ്രസാദ് 

എം. ആർ. വിഷ്ണുപ്രസാദ്

കവിതയും ശരീരവും

ലിപികള്‍ ഉരുത്തിരിഞ്ഞു വരുന്നതിനു മുന്നേ വാമൊഴിയിലൂടെയും വായ്ത്താരിയിലൂടെയും പരിണമിച്ച കവിതയുടെ വിനിമയസങ്കേതങ്ങള്‍ ലോകമെമ്പാടും കവികളുടെ ശരീരവുമായി ചേര്‍ന്ന് നിൽക്കുന്ന ഒരു പ്രതിഭാസമായിരുന്നു. കവിതയെഴുത്തിനെയും കവിതാവതരണത്തെയും  അതിന്റെ മനോശരീര പ്രഭാവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ശാരീരികപ്രവര്‍ത്തനമായി മനസ്സിലാക്കേണ്ടതുണ്ട്. വാമൊഴിയുടെ പടര്‍ച്ചകള്‍ ഗോത്രജീവിതത്തിന്റെ പരിധികള്‍ ഭേദിച്ച് ഭാഷയുടെ നാനാതരം സാധ്യതകളിലേക്ക് പരിവര്‍ത്തനപ്പെട്ടപ്പോള്‍ ലോകസമൂഹങ്ങളുടെ ലിപിബാഹ്യവും ശബ്ദകേന്ദ്രിതവുമായ പരിണാമങ്ങള്‍ക്ക് ഉല്‍പ്രേരകമായത് കവിതയായിരുന്നു.

പോള്‍ സൂംതാറുടെ വാദമനുസരിച്ച് ശബ്ദമില്ലാത്ത ഭാഷയും ഭാഷയാകാത്ത ശബ്ദവും രണ്ട് കള്ളികളില്‍ വിലസുന്ന ഘടകങ്ങളല്ല. അത് വിനിമയത്തിന്റെ പരിണാമങ്ങള്‍ക്ക് സന്ദർഭമൊരുക്കുന്ന പരസ്പരാഭിമുഖ്യമുള്ള ചേരുവകളാണ്. നാടന്‍ പാട്ടുകളുടെയും അനുഷ്ടാന സംസ്ക്കാരങ്ങളുടെയും വായ്ത്താരികളില്‍ ഭാഷയാകാത്ത ശബ്ദങ്ങള്‍ ധാരാളമായി കാണാന്‍ കഴിയും. ഇത്തരത്തില്‍ വാക്കും ചിഹ്നവും ശബ്ദവും കൂടിക്കലര്‍ന്ന മാധ്യമങ്ങളിലൂടെയാണ് കവിത എല്ലാ ഗോത്രസമൂഹങ്ങളിലും വികസിച്ചു വന്നിട്ടുള്ളത്. ലിപി സഹിതമായ എഴുത്തു സമ്പ്രദായങ്ങളില്‍ മാത്രമാണ് ഭാഷ ശബ്ദമില്ലാതെ വരയപ്പെടുന്നത്. അല്ലെങ്കില്‍ എഴുതുമ്പോള്‍ ഭാഷയ്ക്ക് ശബ്ദം കുറയുന്നുണ്ട് എന്ന് പറയാനാവും. ലിപികളുടെ രൂപീകരണത്തിനും മുന്നേ അല്ലെങ്കില്‍ ഇപ്പോഴും ലിപി ബാഹ്യരായി കഴിയുന്ന മനുഷ്യ സമൂഹങ്ങളില്‍ കവിതയുടെ ഭാഷ ശബ്ദമായി തന്നെയാണ് നിലകൊള്ളുന്നതെന്ന യാഥാർത്ഥ്യത്തെ പരിഗണിച്ചാല്‍ അവതരണപരതയെന്നത് കവിതയുടെ ആന്തരികസ്വഭാവമായി പരിഗണിക്കേണ്ടി വരും.

കാവ്യഭാഷയുടെ ഉത്ഭവപ്രകൃതിയെ പറ്റി ജൂലിയ ക്രിസ്തേവയുടെ സുപ്രധാനമായ ഒരു പ്രബന്ധമുണ്ട്. എങ്ങനെയാണ് ഒരാള്‍ കവിത എഴുതുന്നത് എന്ന ചോദ്യത്തെ അതിന്റെ അടിസ്ഥാന നിലയില്‍ അവര്‍ അന്വേഷിക്കുന്നു. ഭാഷയില്‍ നിന്ന് പെറുക്കിയെടുക്കുന്ന വാക്കുകള്‍ നിരത്തി ഒരാള്‍ കവിത ചമയ്ക്കുന്നു എന്നതാണ് കാവ്യരചനയുടെ നിര്‍മ്മാണപ്രക്രിയയില്‍ അടങ്ങിയിട്ടുള്ള അടിസ്ഥാനവിചാരമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാനിടയുണ്ട്. എന്നാല്‍ ഭാഷ എന്നത് ഒരു മഹാകവിതയും അതില്‍ നിന്ന് കിട്ടുന്ന വാക്കുകള്‍ കൊണ്ട് നമ്മള്‍ നിലനില്‍പ്പിനായുള്ള സംസാര-വ്യവഹാരങ്ങള്‍ നടത്തുന്നുമെന്നുമാണ് അവര്‍ നിരീക്ഷിക്കുന്നത്. ജനപദങ്ങളുടെ വിനിമയജീവിതത്തിലൂടെ ഉരുത്തിരിയുന്ന മഹാകവിതകളത്രേ ഓരോ ഭാഷകളും! മറ്റേതൊരു എഴുത്തുരൂപത്തെക്കാളുമുപരി കവിത അമൂര്തമായി പെരുമാറുന്നത് അടിസ്ഥാനപരമായി അത് ഭാഷയുടെ ചിഹ്നലോകങ്ങളെ ആന്തരവത്ക്കരിക്കുന്നതുകൊണ്ടാണെന്ന സൂചനയും ഈ നിരീക്ഷണത്തില്‍ തെളിയുന്നുണ്ട്.

കഥ കൂടുതല്‍ സമയവും മനുഷ്യനെക്കുറിച്ചുള്ളതാണ്. എന്നാല്‍ കവിത മനുഷ്യരേക്കാള്‍ കൂടുതലാണ്. മനുഷ്യനെക്കുറിച്ചോ മനുഷ്യബാഹ്യമായ വസ്തു-പ്രതിഭാസങ്ങളെക്കുറിച്ചോ എഴുതപ്പെടുമ്പോള്‍ ഉപമയായോ അലങ്കാരമായോ ധ്വനികളായോ ഒക്കെ കവിതയില്‍  വിളയാടുന്നത് മനുഷ്യേതരവസ്തുക്കളും അവയുടെ പ്രതിഭാസലോകങ്ങളുമാണ്. അല്ലെങ്കില്‍ ബാഹ്യപ്രകൃതിയുടെ വിളയാട്ടം കവിതയെ മനുഷ്യെതര സംവേദനമാക്കുന്നുണ്ട്. കല്ല്‌ മണ്ണ് വീട് വെള്ളം ചെടി കാട് പുല്ല് പക്ഷി ലോഹം കാറ്റ് പോളിത്തീന്‍ എന്നിങ്ങനെ കവിതയിലേക്ക് കയറിപ്പറ്റാന്‍ ബാഹ്യപ്രകൃതി എപ്പോഴും സജ്ജമായി നില്‍ക്കുന്നു. മേല്‍ സൂചിപ്പിച്ചതൊക്കെ നാമരൂപികളായി ഭാഷയില്‍ കുടികൊള്ളുന്നവയാണ്. എന്നാല്‍ നാമരൂപങ്ങള്‍ക്ക് വെളിയില്‍ ഭാഷ കൊണ്ട് ഇതുവരെയും സൂചിപ്പിക്കാത്ത അനേകം പ്രതിഭാസങ്ങളും വസ്തുക്കളും ഭൗതിക യാഥാര്‍ത്ഥ്യത്തിന്‍റെ വക്കില്‍ നിലകൊള്ളുന്നുണ്ട്. എങ്ങനെയാണ് ഒരാള്‍ അഭാഷയിലുള്ള ഈ പ്രവര്‍ത്തനമണ്ഡലത്തെ അഭിമുഖീകരിക്കുന്നത്?

പേരില്ലാത്തവയെല്ലാം
ഗന്ധമാണ്
ഗൂഡരഹസ്യമാണ്;
താഴ്‌വരയുടെ,
സൂര്യന്റെ,
കീല്‍ത്തുള്ളിയുടെ
ശ്വാസം മാത്രമെന്ന്
ഓര്‍ത്തെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ?

എന്ന് യിദ്ദിഷ് കവി അന്ന മര്‍ഗുലിന്‍ ഒരു കവിതയില്‍ ചോദ്യമെയ്യുന്നുണ്ട്. പേരില്ലാത്തവയ്ക്ക് പേരിടുന്ന പ്രക്രിയയായി കവിത എന്ന പ്രതിഭാസത്തെ കാണാവുന്നതാണ്. പേരില്ലാത്തവയൊക്കെ അബോധത്തിന്‍റെ അറിയാപ്പുറങ്ങളില്‍  മരുവുന്ന അമൂര്‍ത്തതയായി കരുതാമെങ്കില്‍ കവിതയുടെ ബോധം അവിടെയാണ് കൂടുതല്‍ സമയവും പണിയെടുക്കുന്നത്. മനുഷ്യന്‍റെ അബോധം മനുഷ്യനെക്കാള്‍ വലുതും അപ്രാപ്യവുമായ ഇടങ്ങളില്‍ കുടികൊള്ളുന്നു. അബോധത്തെ നാമകരണം ചെയ്യുന്ന ഈ പ്രവൃത്തിയെ കവിതയെഴുത്ത് എന്നു കൂടി വിളിക്കാമെന്ന് തോന്നുന്നു.

അബോധം എന്ന മനുഷ്യാവസ്ഥയുടെ അര്‍ത്ഥ സങ്കലനങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ ഫ്രോയിഡില്‍ തുടങ്ങി ഫ്രോയിഡില്‍ നിന്ന് തന്നെ വളര്‍ന്ന് ലാകാനിലൂടെയും മറ്റും നാനാതരം വ്യാഖ്യാനങ്ങള്‍ക്ക് ഇടയൊരുക്കിയിട്ടുണ്ട്. മനസിന്റെ പരിധിയില്‍ നിന്ന് അബോധത്തിന്‍റെ മേല്‍വിലാസം വളരുകയും മനസിന്റെയും ശരീരത്തിന്‍റെയും സംയോഗബിന്ദുവില്‍ അത് പടര്‍ന്നു കിടക്കുന്നതായും സങ്കല്‍പ്പനം ചെയ്യപ്പെട്ടിട്ടുണ്ട്. അബോധത്തെക്കുറിച്ചുള്ള തന്‍റെ പ്രബന്ധത്തില്‍ ‘വാക്കുകള്‍ എവിടെ തീരുന്നു’ എന്ന ചോദ്യം ഫ്രോയിഡാണ് മുന്നോട്ടു വെച്ചത്. കവിതയുടെ വിനിമയപ്രക്രിയയെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഈ ചോദ്യം കൂടുതല്‍ പ്രകാശമാനമാകുന്നുണ്ട്. വാക്കുകളുടെ ഈ അസ്തമയബിന്ദുവില്‍ നിന്നാവാം ചിലപ്പോള്‍ കവിത ഉണ്ടാകുന്നത്. എന്നാല്‍ ഭൂരിപക്ഷമനുഷ്യനെ സംബന്ധിച്ച് അല്ലെങ്കില്‍ കവിതയെഴുത്തിന് പുറത്തുള്ളവരെ സംബന്ധിച്ച് വാക്ക് അവസാനിക്കുമ്പോള്‍ ശരീരമാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്.

ഭാഷ ഉണ്ടായതിനു ശേഷവും വാക്ക് നിഷേധിക്കപ്പെട്ട സമൂഹങ്ങളില്‍ കവിതയും ശരീരവും സംയോഗഭാവത്തിലാണ് പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളത്. ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇന്നാട്ടിലെ ഭൂരിപക്ഷം ജനതയെ വാഗ് രഹിതരും ഭാഷയ്ക്ക് അന്യരുമാക്കി തീര്‍ത്ത ചരിത്രസന്ദര്‍ഭം ഇവിടെ ഓര്‍ക്കാവുന്നതാണ്. എഴുതാന്‍ കഴിയാത്ത വാക്കിനെ ചൊല്ലിതീര്‍ത്ത മനുഷ്യരിലൂടെയാണ് കവിത എന്ന പ്രതിഭാസം ഈ ഉപഭൂകണ്ടത്തില്‍ വളര്‍ന്നു വന്നത്. വാമൊഴിയുമായിരുന്നു അവരുടെ വിനിമയോപകരണം. നമ്മുടെ നാട്ടുപാരമ്പര്യത്തിലുള്ള നാനാതരം അവതരണങ്ങള്‍ ശരീരസമേതങ്ങളായ കവിതാ രൂപങ്ങളായി വികസിച്ചു വന്നത് അങ്ങനെയാണ്. കവിതയുടെ ചരിത്ര പരിണാമങ്ങള്‍ക്ക് ശരീരം കൂട്ട് നിന്ന സംസ്ക്കാരങ്ങളില്‍ ഒന്നാണ് നമ്മുടേത്.

അവതരണ പാരമ്പര്യവും മലയാള കവിതയും

ആംഗ്യം കൊണ്ടും വാക്ക് കൊണ്ടും വളര്‍ന്നു വികസിച്ച മലയാളകവിതയുടെ അവതരണപരിസരങ്ങള്‍ അത്രയെളുപ്പത്തില്‍ സംഗ്രഹിക്കുവാന്‍ സാദ്ധ്യമല്ല. നമ്മുടെ ഭാഷയുടെ ഉത്ഭവ നിമിഷങ്ങള്‍ പരിശോധിച്ചാല്‍ മറ്റേതൊരു ഭാഷയുടെ ഉത്പ്പത്തി വേളയിലും സംഭവിക്കാത്തത്ര സങ്കീർണ്ണത അതില്‍ നിഴലിക്കുന്നുണ്ട്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സംയുക്തരൂപമാകയാല്‍ മലയാളഭാഷയ്ക്ക് ആന്തരികമായി ലഭിച്ചിട്ടുള്ള സങ്കരസ്വഭാവം രണ്ടുതരം ബോധങ്ങളുടെ മിശ്രിതമാണ്. മരിച്ചു പോയ ഒരു ഭാഷയുടെ ശബ്ദവും ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രാചീനമായ മറ്റൊരു ഭാഷയുടെ ശബ്ദവും കൂടിക്കലര്‍ന്ന ഒരു പ്രതലത്തിലാണ് അതിന്റെ വിനിമയ സാദ്ധ്യതകള്‍ വികസിച്ചു വന്നിട്ടുള്ളത്. തമിഴിന്റെ പാളിയില്‍ അതിപ്രാചീനമായ പാട്ട് സംസ്ക്കാരത്തിന്റെ അവതരണ പ്രയോഗങ്ങള്‍ നിറഞ്ഞു കിടക്കുമ്പോള്‍ സംസ്കൃത ഭാഷയുടെ പാളിയിലൂടെ പുരാണേതിഹാസങ്ങളുടെ വിവര്‍ത്തനലോകങ്ങള്‍ സന്നിവേശിക്കപ്പെട്ടു. ഇങ്ങനെ രണ്ടു സംസ്ക്കാരങ്ങളുടെ കലര്‍പ്പില്‍ അധീശസ്വഭാവമുള്ള ആഖ്യാനങ്ങള്‍ മുഖ്യധാരയായി മാറ്റപ്പെട്ടു. ജാതിവ്യവസ്ഥയുടെ ബ്രാഹ്മണ/വൈദികയുക്തിയില്‍ ഭൂരിപക്ഷ ജനതയുടെ ഭാഷയും സംസ്ക്കാരവും വിശ്വാസവും അറിവുമൊക്കെ ഇതിഹാസ പുരാണങ്ങളുടെ ചുവടു പിടിച്ച് ഇന്ന് വിളിക്കപ്പെടുന്ന ഭൂരിപക്ഷമായി മാറ്റപ്പെടുകയും പാടുന്നവര്‍ക്കുമേല്‍ എഴുതുന്നവരുടെ ലോകം പതുക്കെ പതുക്കെ വന്നു മൂടുകയും ചെയ്തു. ബ്രാഹ്മണികാചാരങ്ങളുടെ  കീഴിലുള്ള ദൈവസങ്കല്‍പ്പത്തിലേക്ക്‌ ശൂദ്രബഹുജനത്തെ നിര്‍ബന്ധിതമായി പരിവര്‍ത്തിപ്പിച്ചപ്പോള്‍ കവിതയും അവതരണവും കൂടിക്കലര്‍ന്ന ഒരുപാട് ചൊല്ലുരൂപങ്ങളും ആടല്‍മൊഴികളും കണ്ണീരില്‍ കലങ്ങി ഒളിഞ്ഞും പാത്തും ഒഴുകാന്‍ വിധിക്കപ്പെട്ടു.

കവിതാസാഹിത്യ ചരിത്രമെഴുതിയ എം ലീലാവതി മലയാള കവിതയുടെ അടിവേരുകള്‍ ചികയുന്നതിനിടയില്‍ ആദിമരുടെ നാടന്‍പാട്ടുകളെ ഭാഷാവികാസപഠനത്തിനുള്ള വിശ്വാസ്യമായ ഉപാദാനങ്ങളായി കണക്കാക്കാമോ എന്ന് സംശയിക്കുന്നുണ്ട്. വാമൊഴിയിലൂടെ പകര്‍ന്നു വരുന്ന നാടന്‍പാട്ടുകള്‍ ഒന്നും തന്നെ അത് ഉത്ഭവിച്ച നേരത്തുള്ള ശബ്ദത്തെയോ അര്‍ത്ഥത്തെയോ തുടര്‍ന്ന് പോരുന്നുണ്ടെന്ന് വിശ്വസിക്കാനാവില്ല എന്ന വാദമാണ് അവര്‍ നിരത്തുന്നത്. വാമൊഴി തുടര്‍ച്ചയില്‍ പ്രാചീനതയുടെ പ്രാതിനിധ്യങ്ങള്‍ കുറെയൊക്കെ നഷ്ടപ്പെടുന്നുണ്ടാകാം. എന്നാല്‍ വാമൊഴിയില്‍ നഷ്ടപ്പെട്ടത് ആചാരാനുഷ്ടാനങ്ങളായി ശരീരത്ത് കെട്ടിനില്‍പ്പുണ്ടാകും. ഗോത്രാനുഷ്ടാനങ്ങള്‍ ആവര്‍ത്തന സ്വഭാവമുള്ളതാകയാല്‍ ശരീരത്തില്‍ അടിഞ്ഞുകൂടിയ ചലനഭാഷ സാഹിത്യ ഭാഷയില്‍ നിന്ന് ഒരു പരിധി വരെ വേറിട്ടു നില്‍ക്കുവാന്‍ സാധ്യതയുണ്ട്. അതായത് പാട്ടിന്‍റെ തലമുറകൈമാറ്റത്തിലൂടെ നഷ്ടമായ പ്രാചീനത ശരീരാംഗ്യങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന് പറയാന്‍ കഴിയും. ഉദാഹരണത്തിന് കളരി എന്ന ആയോധന കലയ്ക്ക് കേരളത്തിലങ്ങോളമിങ്ങോളം പ്രാദേശിക വ്യതിയാനങ്ങള്‍ ധാരാളമുണ്ടെങ്കിലും അത്തരമൊരു ശരീരായോധന കലയുടെ അടിസ്ഥാന ചലനങ്ങളും ചുവടുകണക്കുകളും ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നത് കാണാം. വാമൊഴിയുടെ പകര്‍ച്ചകളില്‍ തേഞ്ഞും മറന്നും പോയത് മെയ്യ്ത്താരിയുടെ പേശികളില്‍ അധികം മാറ്റമില്ലാതെ ഉറഞ്ഞു കിടക്കുന്നുണ്ട്. ചരിത്രത്തെ അളക്കാനുള്ള ഉപകരണമായി നാടന്‍ പാട്ടിന്‍റെ വിശ്വാസ്യതയെ സംശയിക്കുമ്പോള്‍ തന്നെ അത്തരം പാട്ടുകള്‍ ശരീരത്തിലേറ്റിയ വംശത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ അടങ്ങിയിരിക്കുന്ന മനോശരീരമൂര്‍ത്തത മങ്ങിയ ഭൂതകാലത്തെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള കവിതയുടെ അവതരണ പാരമ്പര്യത്തെ പറ്റി പഠിക്കുമ്പോള്‍ ഇവിടുത്തെ ഗോത്രബുദ്ധിയില്‍ വിളഞ്ഞ ശരീരഭാഷയും കാവ്യഭാഷയും ഒരേ തീവ്രതയോടെ അന്വേഷിക്കേണ്ടതുണ്ട്.

ഈ ലേഖനത്തിന്റെ പരിമിതമായ ചുറ്റുവട്ടത്തില്‍ മലയാള കവിതയുടെ അവതരണപാരമ്പര്യത്തെയോ അതിന്‍റെ ചരിത്രപരമായ പടര്‍ച്ചകളെയോ ഗവേഷണാത്മകമായി നിര്‍ദ്ധരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്രത്തിന്‍റെ രേഖീയയുക്തിയില്‍ നിലയുറപ്പിച്ചുള്ള നിരീക്ഷണങ്ങളല്ല ഇവിടെ മുന്നോട്ടു വെയ്ക്കുന്നത്. അതുകൊണ്ട് തന്നെ പരിഷ്ക്കരിക്കപ്പെടേണ്ട വെളിപാടുകളായി ഇതിനെ വായിക്കുക. ഇത്തരത്തില്‍ ഒളിവീശുന്ന വെളിച്ചത്തിന്‍റെ പാടുകളെ ഭാവിയില്‍ സാധ്യമായേക്കാവുന്ന ഗവേഷണത്തിന്‍റെ മുന്നോടിയായി കരുതാവുന്നതാണ്. നിരീക്ഷണങ്ങളുടെ വര്‍ത്തമാനകാലയുക്തികള്‍ക്ക് വിപുലമായ ഒരു ഭാവി സ്വപ്നം കണ്ടുകൊണ്ടാണ് മലയാളത്തിലെ അവതരണ കവിതയുടെ പൊതുവായ ചില അടയാളസ്പന്ദനങ്ങള്‍ ഇവിടെ സംഗ്രഹിക്കാന്‍ തുനിയുന്നത്. പ്രധാനമായും അഞ്ചു ധാരകളിലൂടെയാണ് മലയാളത്തിലെ അവതരണ കവിതയുടെ സ്ഥലകാല പടര്‍ച്ചകള്‍ പരിണമിച്ചു വന്നത്. ഒന്ന് ലിപിബാഹ്യരായ സമൂഹങ്ങളുടെ ഗോത്രബുദ്ധിയില്‍ തെളിഞ്ഞ ശരീരസമേതമായ വാമൊഴികള്‍. രണ്ട് സംസ്കൃതത്തിലുള്ള പുരാണേതിഹാസങ്ങള്‍ മലയാളപ്പെടുത്തിയതിലൂടെ സ്ഥാപിതമായ ഭക്തികേന്ദ്രിത രചനകളും അതിലൂടെ തുടര്‍ന്നു പോന്ന നൃത്ത-നാട്യ രൂപങ്ങളുടെ കാവ്യാധിഷ്ടിതമായ അവതാരണപാരമ്പര്യവും. മൂന്ന് നവോത്ഥാനകാലത്തെ സാമൂഹ്യവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ പ്രതിരോധാവതരണങ്ങളില്‍ വാക്കും കവിതയും കൊണ്ട് ചെയ്ത പ്രവര്‍ത്തനങ്ങള്‍, നാല് ഗോത്രവഴക്കങ്ങളുടെ വായ്ത്താരികളിലും മെയ്ത്താരികളിലും സ്വാധീനിക്കപെട്ട് ആധുനീകതയുടെ ഘട്ടത്തില്‍ തിരിച്ചു വന്ന ചൊല്ല് സംസ്ക്കാരം. അഞ്ചു യൂറോപ്യന്‍ ആധുനീകതയില്‍ ഉരുത്തിരിഞ്ഞ അവതരണ രീതികളെ അനുവര്‍ത്തിച്ചുള്ളതും അതിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചിട്ടുള്ളതുമായ ഗദ്യ-പദ്യ ശൈലിയിലുള്ള ആധുനീകവും ആധുനീകാനന്തരവുമായ അവതരണ ശ്രമങ്ങള്‍.

ലിപിബാഹ്യരുടെ ശരീരവായ്ത്താരികള്‍

ഇതില്‍ ഒന്നാമത്തെ ഗണത്തില്‍ വരുന്ന ലിപിബാഹ്യരുടെ അവതരണ ജീവിതം ഇവിടുത്തെ ക്രിയാത്മക സമൂഹങ്ങളുടെ ശരീരപകര്‍ച്ചകളിലൂടെ വികസിച്ചു വന്നിട്ടുള്ളതാണ്. കേരളത്തിലെ ശൂദ്രഭൂരിപക്ഷം അവരുടെ കല കൊണ്ടും സംസ്ക്കാരം കൊണ്ടും ശരീരബുദ്ധികൊണ്ടും മറ്റേതൊരു വംശത്തെക്കാളും ക്രിയാത്മക ഊര്‍ജ്ജം കൈമുതലായുള്ളവരായിരുന്നു. ശൂദ്രബഹുജനങ്ങളുടെ ജ്ഞാനസമ്പ്രദായങ്ങളും യുക്തിപരതയും  ശരീരകേന്ദ്രിതസംവർഗമായി  തുടര്‍ന്നതിനു പിന്നില്‍ ജാതിവ്യവസ്ഥയുടെ മനുഷ്യവിരുദ്ധസമീപനം മുഖ്യകാരണമായി പ്രവര്‍ത്തിച്ചിരുന്നു. ജ്ഞാനാന്വേഷകരെന്ന നിലയില്‍ രോഗം, സ്വരക്ഷ, പ്രപഞ്ചദര്‍ശനം തുടങ്ങിയ മൂന്നുതരം പ്രവര്‍ത്തനബിന്ദുക്കള്‍ കേന്ദ്രീകരിച്ചാണ് ആദിമര്‍ തങ്ങളുടെ പാട്ടും കളിയും വിശ്വാസവും സ്വപ്നവും യുക്തിയും വികസിപ്പിച്ചിട്ടുള്ളത്. മന്ത്രവാദത്തിലും, ആയോധനകലകളിലും അനുഷ്ടാനരൂപങ്ങളിലും കാണുന്ന അവതരണാത്മകകവിതയില്‍ മെയ്ത്താരിയും വായ്ത്താരിയും ഒരേ അളവില്‍ കലര്‍ന്നു കിടപ്പുണ്ട്. വേലര്‍, പാണര്‍, പുള്ളുവര്‍ പറയന്‍, പുലയന്‍ തുടങ്ങിയ സമൂഹങ്ങള്‍ കേരളത്തിലെ പുരാതന സാമൂഹ്യക്രമത്തിലെ സജീവഘടകങ്ങളായിരുന്നു. ഇതില്‍ വേലസമുദായക്കാര്‍ അനുഷ്ടിച്ചു പോന്ന ആഭിചാരക്രിയയാണ് നിഴല്‍ക്കുത്ത്. ശത്രുവിനെ നിഴല്‍ നോക്കി അമ്ബെയ്തു കൊല്ലുന്നതരത്തിലാണ് നിഴല്‍ക്കുത്തിന്‍റെ പ്രയോഗം സാധ്യമാക്കുന്നത്. ആഭിചാരത്തിലെ ക്രിയാംശത്തോടൊപ്പം മന്ത്രം ചാറ്റുക പതിവാണ്. അതിനു വേണ്ടി കെട്ടിയുണ്ടാക്കിയ പാട്ടുകളാണ് നിഴല്‍ക്കുത്തുപാട്ടുകള്‍. ക്രിയയും ചാറ്റും അല്ലെങ്കില്‍ അവതരണവും കവിതയും സമ്മേളിക്കുന്ന ഒരു പ്രതലം നിഴല്‍ക്കുത്തിലുണ്ട്.

കാലാകാലാമായ വാമൊഴികൈമാറ്റത്തിലൂടെ നിഴല്‍കുത്തുപാട്ടിന്റെ പ്രാചീനത നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോഴും അതിലൊളിച്ചിരിക്കുന്ന അവതരണാത്മകത എളുപ്പത്തില്‍ വെളിവാകുന്നുണ്ട്. നിഴല്‍ക്കുത്തിനെ കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പുരാതനമായ അവതരണക്രിയയായി കരുതിപ്പോരുന്നുണ്ട്. രോഗത്തെ മാറ്റാനും സ്വരക്ഷ ഉറപ്പാക്കാനും പ്രപഞ്ചപ്രകൃതിയെ വ്യാഖ്യാനിക്കാനും നിഴല്‍ക്കുത്ത് പോലെ നൂറുകണക്കിന് അനുഷ്ടാനാവതരണങ്ങള്‍ വികസിച്ചു വന്ന നാടാണ് കേരളം. തെയ്യവും മുടിയേറ്റും പടയണിയും തുടങ്ങി എല്ലാ കലാരൂപങ്ങളിലും കവിതയുടെ മൊഴിശരീരമാണ് അവതരണത്തിന്‍റെ ഗതിവിഗതികളെ നിര്‍ണ്ണയിച്ചു പോന്നത്. അതില്‍ മിക്ക രൂപങ്ങളുടെയും പ്രയോക്താക്കള്‍ ബ്രാഹ്മണേതരബഹുജനങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്.

പുരാണേതിഹാസങ്ങളുടെ മലയാള കാവ്യാവതരണങ്ങള്‍

ഇതിഹാസപുരാണങ്ങളുടെ മലയാളീകരണം പലതരം മാധ്യമങ്ങളിലൂടെയാണ് മലയാളദേശത്ത് പടര്‍ന്നു പിടിച്ചത്. നാടകകലകളിലൂടെ തെക്കേ ഇന്ത്യയിലും കേരളത്തിലും നടന്ന ഇതിഹാസ പുരാണങ്ങളുടെ പ്രചരണത്തെ പറ്റിയുള്ള എം വി നാരായണന്റെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അന്തരാളജാതിയില്‍പെട്ട ചാക്യാരെയും നമ്പ്യാരെയുമാണ്‌ സംസ്കൃതനാടകരൂപമായ കൂടിയാട്ടത്തിന്റെ അവതരണത്തിനായി ബ്രാഹ്‌മണർ അവരുടെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ നിയോഗിച്ചതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. കൂത്തിന്റെ ചരിത്രം തമിഴ്-ബൗദ്ധ സംസ്ക്കാരങ്ങളുടെ ഭൂതകാലത്തിലേക്ക് നീണ്ടു പോകയാല്‍ ദ്രാവിഡദേശത്തെ സംസ്കൃതനാടകത്തിന്‍റെ ലക്ഷ്യം നിഴല്‍ക്കുത്തിനും തെയ്യത്തിനും പടയണിക്കും മേല്‍ കൂടിയാട്ടവും കഥകളിയും ലയിപ്പിക്കുക എന്നത് തന്നെയായിരുന്നു. 1931- ലെ സെന്‍സസില്‍ തെക്കേ ഇന്ത്യയിലെ നാല്‍പ്പത്തെട്ടു ശതമാനം ബഹുജനങ്ങള്‍ സ്വയം ‘ഹിന്ദു’ എന്ന് പ്രഖ്യാപിക്കാതെ അവരുടെ നാട്ടാചാരങ്ങളിലും ഗോത്രബുദ്ധിയിലും ജീവിച്ചു പോന്നവരായിരുന്നു. മാടന്‍, മറുത, ചാത്തന്‍, പിശാച്, കാളി തുടങ്ങി രൂപമില്ലാത്ത ആചാരമൂര്‍ത്തികളില്‍ നിന്ന്  വിഷ്ണു, ദേവി തുടങ്ങിയ മൂര്‍ത്തരൂപങ്ങളിലേക്കുള്ള നിര്‍ബന്ധിത മാറ്റം ഭാഷയുടെയും കവിതയുടെയും ജ്ഞാനത്തിന്റെയുമൊക്കെ പരിണാമത്തെ മറ്റൊരു വിധത്തില്‍ വഴിതിരിച്ചുവിട്ടു. സംസ്ക്കാരരൂപങ്ങളുടെ ബഹുതല മിശ്രണങ്ങള്‍ ലോകത്തിന്റെ പൊതുസ്വഭാവമാണെങ്കിലും ജാതിവ്യവസ്ഥയിലൂന്നിയ നിര്‍ബന്ധിതമായ സാംസ്ക്കാരികകയ്യേറ്റം ഇന്ത്യയുടെ മാത്രം സമൂഹ്യചരിത്രത്തിലെ പ്രശ്നകരമായ വസ്തുതയാണ്.   

ബ്രാഹ്മണര്‍ ക്ഷേത്രങ്ങള്‍ കെട്ടിപൊക്കും മുന്‍പ് മലനടകളും മടപ്പുരകളുമുള്‍ക്കൊള്ളുന്ന ഒരു കാവ് സംസ്ക്കാരം ഇവിടെ നിലനിന്നിരുന്നുവെന്ന് ചരിത്രം സാക്ഷ്യം പറയുന്നു. ആദിമരുടെ നിഴക്കുത്തിന് കഥകളി ഭാഷ്യമുണ്ടാവുന്നതും മലനടയിലെ അപ്പൂപ്പന്‍റെ സ്ഥാനത്ത് ദുര്യോധനന്‍ കയറി ഇരിക്കുന്നതുമൊക്കെ പുരാണ-ഇതിഹാസങ്ങളുടെ മലയാളീകരണത്തിലൂടെ സംഭവിച്ചതാണ്. വേദേതിഹാസപ്രചരണം ലക്ഷ്യം വെച്ച് പുരാണ-ഇതിഹാസങ്ങള്‍ പ്രാദേശികഭാഷകളില്‍ തര്‍ജ്ജുമ ചെയ്തപ്പോള്‍  അതിന്‍റെ സ്ഥാപിതലക്ഷ്യത്തില്‍ നിന്ന് വേറിട്ട്‌ കവിതയിലും ഭാഷയിലുമുണ്ടായ  നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് കൂടി അത്തരം സംക്രമണങ്ങള്‍ നിലമൊരുക്കി. ഊഴിയില്‍ ചെറിയവരും വലിയവരും ഉണ്ടെന്ന ബോധ്യത്തെ മലയാള കവിത തുടക്കത്തില്‍ തന്നെ നേരിടുന്നതിനു പിന്നിലുള്ള രാഷ്ട്രീയത്തില്‍ ജാതിവ്യവസ്ഥയുടെ ചരിത്രബോധം നിഴലിക്കുന്നുണ്ട്. മലയാളകവിതയ്ക്ക് ഒരേ സമയം രാഷ്ട്രീയപ്പെടേണ്ടതിന്റെയും അവതരണാത്മകമാകേണ്ടതിന്റെയും അടിയന്തിരത്വം ചീരാമാനില്‍ നിന്നും കണ്ണശനില്‍ നിന്നും ആരംഭിക്കുന്നത് അതുകൊണ്ടാണ്. ചരിത്രപരമായ ഈ രാഷ്ട്രീയ അവബോധം  മലയാളകവിതയുടെ പിന്നീടുള്ള നാൾവഴികളിലൊക്കെയും പ്രതിരോധത്തിന്റെ ശബ്ദമായി തെളിയുന്നുണ്ട്.

‘തിരുനിഴല്‍മാല’യെന്ന വൈഷ്ണവകൃതിയില്‍ അനുഷ്ടാനാത്മക അവതരണത്തിന്റെ ക്രിയകളെ കവിതയിലൂടെയാണ് അവതരിപ്പിക്കുന്നത്. മലയായ്മയുടെ ഗോത്രാചാരങ്ങളിലേക്ക് വൈഷ്ണവവിശ്വാസത്തിന്‍റെ ബ്രാഹ്മണികതന്ത്രം ഉരുക്കിചേര്‍ത്ത ചരിത്രസന്ദര്‍ഭം വലിയൊരളവില്‍ തിരുനിഴല്‍മാലയിലെ അനുഷ്ടാനവിവരണത്തില്‍ നിഴലിക്കുന്നുണ്ട്. പാട്ടിന്റെ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി യോജിക്കുന്ന ഒരു കൃതി കൂടിയായ തിരുനിഴല്‍മാലയുടെ ഒന്നാം ഭാഗത്തില്‍ ദേവതാസ്തുതി, ഭാരതഖണ്ഡം,  കേരളോല്‍പ്പത്തി ചേരരാജ്യം, നാലുതളി, ഏണ്‍മര്‍ സാമന്തര്‍, അറുപത്തി നാല് ഗ്രാമങ്ങള്‍,  ആറന്മുള ഗ്രാമം എന്നിവ വര്‍ണ്ണിക്കുന്നു. രണ്ടാം ഭാഗത്തില്‍ അനുഷ്ടാന ക്രിയകളായ ‘തൂവലുഴിയലും’ ‘നാകൂറും’ പ്രതിപാദിക്കുന്നു. മൂന്നാം ഭാഗത്തില്‍ മലയര്‍ അര്‍പ്പിക്കുന്ന ബലിയുടെ വര്‍ണ്ണനമാണുള്ളത്. ഈ ഭാഗത്ത്‌ ബലി, ഉച്ചബലി, കളമൂട്ടുബലി, മലയികളുടെ നൃത്തം, മലയാന്മാരുടെ തുയിലുണര്‍ത്തല്‍, കുറത്തിയാട്ടം, പാന തുടങ്ങിയവ വര്‍ണ്ണിക്കുന്നു. ബലി വര്‍ണ്ണനയുള്ള മൂന്നാം ഭാഗമാണ് ഈ കൃതിയുടെ കാതല്‍ എന്ന് എം ലീലാവതി നിരീക്ഷിക്കുന്നുണ്ട്. ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ബ്രാഹ്മണര്‍ അവരുടെ ഉല്‍പ്പത്തി കഥയും അവര്‍ കുടിയേറിയ ഗ്രാമങ്ങളെയും കുറിച്ച് പ്രതിപാദിക്കുമ്പോള്‍ രണ്ടാം ഭാഗത്തെ അനുഷ്ടാനവര്‍ണ്ണനയില്‍ ദ്രാവിഡസംസ്ക്കാരത്തില്‍ അതുവരെയില്ലാതിരുന്ന ആദിത്യന്‍, അഗ്നി, ഇന്ദ്രന്‍, യമന്‍, വരുണന്‍, വായു ശിവന്‍ ഗണപതി ഷണ്മുഖന്‍ തുടങ്ങിയ ദേവഗണങ്ങളെ പരാമര്‍ശിക്കുന്നു. തിരുനിഴല്‍മാലയുടെ മൂന്നാം ഭാഗത്തില്‍ മലയഗോത്രത്തിന്റെ കലാരൂപങ്ങളും ആചാരങ്ങളും വര്‍ണ്ണിക്കുന്നുണ്ട്. ശരീരഭാഷയില്‍  കുറത്തിയാട്ടവും കളമൂട്ടുബലിയും തുയിലുണര്‍ത്തലും മാത്രമുണ്ടായിരുന്ന മലയരുടെ ദൈവങ്ങള്‍ ചാത്തനും അപ്പൂപ്പനും മാടനും മറുതയുമായിരുന്നു. എന്നാല്‍ അത്തരം അമൂര്‍ത്ത ദൈവങ്ങളുടെ അവതരണപാരമ്പര്യത്തിലേക്ക് വിഷ്ണുവും ശിവനും ഗണപതിയും ഷണ്മുഖനും കടന്നു വരുന്നു. അവതരണ സ്വഭാവമുള്ള ചാറ്റിന്റെയും ചൊല്ലിന്റെയും ദ്രാവിഡപാരമ്പര്യം അഴിഞ്ഞഴിഞ്ഞ് ഇല്ലാതാവുകയും തീണ്ടലും തൊടീലും ആചരിക്കുന്ന ഇടനിലക്കാര്‍ മനുഷ്യര്‍ക്കും ദൈവങ്ങള്‍ക്കും ഇടയില്‍ പ്രത്യക്ഷപ്പെട്ട് ഭൂരിപക്ഷ ജനതയ്ക്ക് മേല്‍ വലിയ സാമ്പത്തികശക്തികളായിതീരുകയും ചെയ്തു. കവിതയുടെ വാമൊഴിക്കോലങ്ങള്‍ വരമൊഴിയുടെ തന്ത്രാത്മക ലോകത്തിലേക്ക് മാറ്റിയെഴുതപ്പെട്ടതിന്റെ ചരിത്ര സന്ദര്‍ഭങ്ങള്‍ തിരുനിഴല്‍മാല പോലെയുള്ള കൃതികളില്‍ നിന്ന് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ കഴിയും.

എഴുത്തച്ചനിലൂടെ പടരാന്‍ തുടങ്ങിയ കീര്‍ത്തന പാരമ്പര്യം എല്ലാ വൈകുന്നേരവും സന്ധ്യാനാമങ്ങളായി പുരാണവും ഇതിഹാസവും ആചരിക്കുന്ന വീടുകളില്‍ ഇന്നും അവതരിപ്പിച്ചു പോരുന്നു. തുള്ളലായും വഞ്ചിപ്പാട്ടായും കഥകളിയായും വികസിച്ച അവതരണകവിതാ പാരമ്പര്യത്തിന്റെ കെട്ടുരൂപങ്ങള്‍ മലയാളത്തിന്‍റെ ഭൂമികയില്‍ പുരാണേതിഹാസകഥകളെ ആടിയും പാടിയും തുടര്‍ന്നുപോന്നു. വാദ്യകാരനായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കൂടിയാട്ടത്തിന്റെ വേദിയില്‍ നിന്ന് തുള്ളല്‍പറമ്പുകളിലേക്ക് തന്റെ ഇടത്തെ മാറ്റിയെഴുതിയപ്പോള്‍ കവിതയുടെ അവതരണചരിത്രത്തില്‍ മറ്റൊരു അധ്യായം കൂടി തുറക്കപ്പെട്ടു. കെ എന്‍ ഗണേഷ് സൂചിപ്പിക്കും പോലെ  മലയാളിയുടെ നിത്യജീവിതവാഴ്വുകളെ തുള്ളല്‍ കൃതികള്‍ പരാവര്‍ത്തനം ചെയ്തപ്പോള്‍ അതിന്റെ താളവും ഈണവും ദ്രാവിഡമായിരിക്കാന്‍ നമ്പ്യാര്‍ ശ്രദ്ധിച്ചിരുന്നു. കഥകളിയിലെ കവിത അഥവാ ആട്ടകഥാസാഹിത്യം മുദ്രകള്‍ക്ക് അകമ്പടി സേവിച്ചപ്പോള്‍ തുള്ളലിന്റെ ചിട്ടയെ ഭരിച്ചത് ഏറെക്കുറെ കവിത തന്നെയായിരുന്നു. രാമപുരത്തുവാര്യരുടെ വഞ്ചിപാട്ടിലും തുഴയുന്നതിന്റെ ഈണം വെള്ളത്തിന്‌ മീതെ മത്സരമായും അനുഷ്ടാനമായും തെന്നി നീങ്ങാന്‍ തുടങ്ങി.

നവോത്ഥാനകാലത്തെ പ്രതിരോധ കവിത

ജാതിബ്രാഹ്മണരുടെ അധിനിവേശത്തില്‍ അടിമജീവിതം നയിക്കേണ്ടിവന്നവരിലൂടെ ഗോത്രജനതയുടെ ബുദ്ധി,  പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും പാട്ടായി മാറുന്ന സന്ദര്‍ഭങ്ങള്‍ ചരിത്രത്തിനു പുറത്തേക്ക് പടരുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അടിമകളുടെ പൂര്‍വ്വജീവിതം പുനരവതരിപ്പിക്കാനും അതിന്‍റെ കണ്ണീരും കാലുഷ്യവും ഏറ്റുചൊല്ലാനും വേണ്ടി പൊയ്കയില്‍ യോഹന്നാന്‍  തുടങ്ങിവെച്ച ‘രക്ഷാനിര്‍ണ്ണയ’ മെന്ന സാമൂഹ്യാനുഷ്ടാനത്തെ ഒരു രാഷ്ട്രീയാവതരണമായി വായിക്കാവുന്നതാണ്. അടിമജനതയുടെ വിമോചനത്തിനായി അപ്പച്ചന്‍ നിര്‍വ്വഹിച്ച കാവ്യജീവിതം നവോത്ഥാന ചരിത്രത്തിലെ ഏറ്റവും മൗലികവും അവതരണസ്വഭാവമേറെയുള്ളതുമായ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു. അദ്വൈതത്തിലൂന്നിയുള്ള വേദാന്ത ചിന്ത കൊണ്ട് ഉച്ചനീചത്വങ്ങളെ നേരിടാമെന്ന് കരുതിയ നാരായണഗുരുവിലും ശൈവചിന്തയില്‍ ആകൃഷ്ടനായ ബ്രഹ്മാനന്ദശിവയോഗിയിലുമൊക്കെ കവിതയുടെ അവതരണാത്മകത തെളിയുന്നുണ്ട്. അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്രയും സഹോദരനയ്യപ്പന്‍റെ പന്തിഭോജനവുമൊക്കെ അവതരണസ്വഭാവം കലര്‍ന്ന കവിതാപ്രവര്‍ത്തനങ്ങളായി വിലയിരുത്തേണ്ടതുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച മനോരമ തമ്പുരാട്ടി, സുഭദ്രാര്‍ജുനം ഭാഷാനാടകമെഴുതിയ തോട്ടക്കാട്ട് ഇക്കാവമ്മ തുടങ്ങിയവരുടെ കാവ്യജീവിതം ആന്തരികമായി തന്നെ അവതരണാത്മകമാണ്. ഊരും പേരും വെളിപ്പെടാത്ത എത്രയോ സ്ത്രീകള്‍ നമ്മുടെ ചരിത്രത്തില്‍ പാട്ടും കവിതയും കെട്ടിയിട്ടുണ്ടാവണം.  അവരുടെ അദൃശ്യത ചരിത്രത്തിലൂടെ ഒഴുകി വന്ന് ഇന്നും നമ്മെ തൊടുന്നത് അറിയാനാവുന്നുണ്ട്.

കേരളത്തിലെ കവിതയുടെയും പാട്ടിന്‍റെയും അവതരണ പാരമ്പര്യത്തില്‍ സ്ത്രീകളുടെ സാന്നിധ്യം രചയിതാക്കള്‍ എന്നതിലുപരി അവതാരകര്‍ എന്ന നിലയിലാണ് തെളിഞ്ഞു കിടക്കുന്നത്. കവിതയുടെ ശരീരവാഹകത്വം ഏറ്റെടുത്ത സ്ത്രീകള്‍ നാടന്‍പാട്ടുകളിലൂടെയും നിലനില്‍പ്പുഗീതങ്ങളിലൂടെയും പണിനേരത്തെ ചാറ്റുപാട്ടുകളിലൂടെയും താരാട്ടിലൂടെയും സന്ധ്യാനാമജപങ്ങളിലൂടെയും സമരഗീതങ്ങളിലൂടെയും പടര്ന്നതിന്റെ തെളിവുകള്‍ നമുക്ക് മുന്നിലുണ്ട്. കേരളചരിത്രത്തിലെ അടിമവേലയുടെ ദുരിത ഘട്ടങ്ങള്‍ തുറന്നെടുക്കുമ്പോഴാണ് സ്ത്രീ ശരീരങ്ങളുടെ അവതരണവാഹകത്വം കൂടുതലായി തെളിന്നു വരുന്നത്. പാട്ട് ചമച്ചവരുടെയും കവിത കെട്ടിയവരുടെയും ചരിത്രപരമായ അപ്രത്യക്ഷത മറിയാമ്മ ജോണിനെ പോലെയുള്ള കലാകാരികളിലൂടെ അടയാളപ്പെടുന്നുണ്ട്. എഴുത്തും വരയും നിഷിദ്ധമായിരുന്ന ഒരു സാമൂഹ്യ ക്രമത്തില്‍ തങ്ങളുടെ ശരീരത്തിന്റെ ഓര്‍മ്മ കൊണ്ട് വാഹകശേഷിയുള്ള അവതരണ രൂപങ്ങളായി സ്വന്തം ശരീരത്തെ പരിവര്‍ത്തിപ്പിച്ച മറിയാമ്മ ജോണിനെ പോലെയുള്ള സ്ത്രീകളുടെ പങ്ക് വലുതാണ്‌. അടിമജീവതത്തിന് വെളിയില്‍ പാര്‍ത്ത സ്ത്രീകളില്‍ മറ്റൊരു വിധമാണ് അവതരണങ്ങള്‍ പുലര്‍ന്നു പോന്നത്. വീടും മേല്‍വിലാസവും നിലവിളക്കുമുള്ളവരുടെ ഇടങ്ങളില്‍ ഭക്തിപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ രചിക്കപ്പെട്ട സന്ധ്യാനാമങ്ങളും കീര്‍ത്തനങ്ങളുമായിരുന്നു അവതരണത്തിന്റെ പാഠം. നിത്യവും വൈകുന്നേരം നാമം ചൊല്ലുന്ന പാരമ്പര്യം സ്ത്രീകളുടെ കവിത ചൊല്ലലിനും അവതരണത്തിനും വീടകം തന്നെ വേദിയായി മാറി.

ആധുനീകതയും കാവ്യാവതരണങ്ങളും

കേരളത്തിന്റെ സവിശേഷമായ രാഷ്ട്രീയ ചരിത്രത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയാവതരണങ്ങള്‍ ശക്തിപെട്ടത്‌ ഇവിടുത്തെ കവികളുടെ ശബ്ദങ്ങളില്‍ കൂടിയാണ്. രാഷ്ട്രീയബോധ്യത്തിലൂന്നിയുള്ള വെളിവുകളിലൂടെ മലയാളകവിതയുടെ അവതരണഭാഷ പുതിയൊരു സംക്രമണനിമിഷത്തിലൂടെ കടന്നു പോയ ഘട്ടമായിരുന്നു ആധുനികത. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ജ്ഞാനവും വെളിപാടുകളും സാംശീകരിച്ച ഒരു പറ്റം കവികളിലൂടെ മലയാളകവിത തെരുവിലും കലാലയങ്ങളിലും തരംഗമായി മാറി. കടമ്മനിട്ടയുടെ ചൊല്‍ക്കാഴ്ച എന്ന അവതരണം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അവതരണ കവിതയുടെ ആധുനീക ഘട്ടത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള നാടകക്കാരുടെയും കവികളുടെയും സിനിമാപ്രവര്‍ത്തകരുടെയും കൂട്ടിരുപ്പുകളില്‍ നിന്ന് രൂപം കൊണ്ട കാവ്യാവതരണങ്ങള്‍ നെടുമുടി വേണുവിന്റെയും അരവിന്ദന്റെയും നേതൃത്വത്തില്‍ സാക്ഷാത്ക്കരിചിട്ടുണ്ട്. കെ ജി എസ്സുമായുള്ള ഒരു സംഭാഷണത്തില്‍ ചലച്ചിത്ര സംവിധായകന്‍ അരവിന്ദന്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച കാവ്യാവതരണത്തെ പറ്റി അദ്ദേഹം സൂചിപ്പിച്ചിരുന്നു. കടമ്മനിട്ടയുടെ ‘കാട്ടാളന്‍’ എന്ന കവിത സുരാസു നൃത്താവിഷ്ക്കാരമായി ചിട്ടപ്പെടുത്തുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അയ്യപ്പപ്പണിക്കരുടെ ആക്ഷേപഹാസ്യ കവിതകള്‍ നെടുമുടി വേണു ഇടയ്ക്ക’ കൊട്ടി അവതരിപ്പിച്ചിട്ടുണ്ട്. താളത്തിന്റെയും സംഗീതത്തിന്‍റെയും സഹായമില്ലാതെ അയ്യപ്പപണിക്കര്‍ സ്വയം ചൊല്ലിയ കവിതകളില്‍ അവതരണത്തിന്‍റെ വേറിട്ട സാദ്ധ്യതകള്‍ അടങ്ങിയിരുന്നു. അയ്യപ്പ പണിക്കര്‍ തന്റെ റോസിലി എന്ന കവിത ഒരു ബനിയനും തലേക്കെട്ടും ധരിച്ച് രസകരമായി അവതരിപ്പിച്ചത് പ്രൊഫസര്‍ അലിയാര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. ആഫ്രിക്കന്‍ നാടോടിക്കവിതകളുടെ ഒരു പരിപാടി തലശേരിയില്‍ വെച്ച് നടത്തിയപ്പോള്‍ അവതരണ സ്വഭാവത്തോടെ താനും സച്ചിദാനന്ദനുമൊക്കെ കവിത ചൊല്ലിയ അനുഭവവും കെ ജി എസ്സ് പങ്കു വെച്ചിരുന്നു. സി എന്‍ കരുണാകരന്‍ നിര്‍മ്മിച്ച മുറം കൊണ്ടുള്ള ആഫ്രിക്കന്‍ മാതൃകയിലുള്ള കിരീടമണിഞ്ഞുകൊണ്ടായിരുന്നു ആ പരിപാടിയില്‍ കവികള്‍ കവിതകള്‍ അവതരിപ്പിച്ചത്. 

കടമ്മനിട്ടയ്ക്കും,  അയ്യപ്പപണിക്കര്‍ക്കും, കാവാലത്തിനുമൊപ്പം തന്നെ സച്ചിദാനന്ദനും,  കെ ജി എസ്സും,  ഡി വിനയചന്ദ്രനും, ബാലചന്ദ്രന്‍ ചുള്ളിക്കാടും അവരുടെ മൗലികമായ ശൈലിയില്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം തന്നെ സ്വന്തം ശരീരത്തിന്‍റെ സാദ്ധ്യതയെ കവിതയില്‍ കലര്‍ത്തിയ കുഞ്ഞുണ്ണിയും,  മാതൃത്വത്തിന്റെ കവി മാത്രമല്ല താനെന്നു തെളിയിച്ച ബാലാമണിയമ്മയും, പരിസ്ഥിതിരാഷ്ട്രീയം ചൊല്ലിയ സുഗതകുമാരിയും, കവിതയും ജീവിതവും ഒരേ അവതരണത്തിന്റെ രണ്ടുതരം മുഖങ്ങളാണെന്ന് കാണിച്ചുതന്ന കമലാസുരയ്യയും  തെരുവിനെ അരങ്ങാക്കി മാറ്റിയ എ അയ്യപ്പനും, കവിതയുടെ നാടകസ്വഭാവത്തെ തിരഞ്ഞ സിവിക് ചന്ദ്രനും, കവിതകൊണ്ട്‌ രാഷ്ട്രീയസഞ്ചാരം സാധ്യമെന്ന് തെളിയിച്ച കുരീപ്പുഴയും, സംഗീതം കലര്‍ന്ന ചൊല്‍വഴക്കത്തിലൂടെ ജനകീയനായ വി മധുസൂദനന്‍ നായരും അവതരണകവിതയുടെ ചരിത്രപ്പടര്‍ച്ചയ്ക്ക്  ബഹുതലമാനങ്ങള്‍ നല്‍കുന്നു.

അവതരണകവിതയുടെ ആധുനികാനന്തര മുഖങ്ങള്‍ 

ആധുനികാനന്തരഘട്ടത്തിലേക്കുള്ള കവിതയുടെ  സംക്രമണത്തിൽ അവതരണത്തിന്റെ യുക്തിയെ പാടെ നിരസിക്കുന്ന ഒരു സമീപനം പുതുകവികൾക്കിടയിൽ നിലവിലുണ്ടായിരുന്നു.
തലമുറവിടവില്ലാത്ത ഊര്‍ജ്ജലോകങ്ങള്‍ കൊണ്ട്  കവിതയുടെ അവതരണവാഴ്‌വിന്  പുതുഭാഷ ചമച്ച ഡി വിനയചന്ദ്രന്റെ ചൊല്ലുസംസ്ക്കാരം നമുക്ക് മുന്നിലുള്ളപ്പോൾ അവതരണയുക്തിയുടെ സാധ്യതകളെ കണ്ടില്ലെന്ന് നടിക്കാനാവില്ല.  ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ നവമാധ്യമ പരിസരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന കവിതയുടെ ചലനലോകം ബഹുതല വിനിമയങ്ങളുടെ സങ്കേതങ്ങളെ അന്വേഷിക്കുന്നുണ്ട്. സ്വത്വബോധവും സത്താപരതയും അതിസങ്കീർണ്ണമായി കൂടിക്കലർന്ന സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിൽ രൂപപ്പെടുന്ന കവിതയിൽ  ശരിതെറ്റുകളെ കുറിച്ചുള്ള മൂല്യവിചാരങ്ങൾ പാടെ  തകർന്നു പോയിട്ടുണ്ട്. ഈയൊരു സന്ദർഭത്തിൽ പുതിയ നൂറ്റാണ്ടിന്റെ ശബ്ദവും ആംഗ്യവുമായി സമകാലിക കവിതയില്‍ ധാരാളം പേര്‍ കവിതയെ അവതരണമായി കാണുന്നവരുണ്ട്.

ലതീഷ് മോഹന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിച്ച ബി സി ഗാലറിയുടെ കലാ-സാഹിത്യ-തത്വചിന്താ പ്രവര്‍ത്തനങ്ങളിലൂടെയാണ് രണ്ടായിരത്തിന് ശേഷമുള്ള മലയാളകവിതയുടെ അവതരണ സാദ്ധ്യതകള്‍ക്ക് ഇടവും തെളിവും കിട്ടിയത്. കവിതയെ അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും ഒരു ‘അവതരണ’ കലയായി പ്രകാശിപ്പിക്കാനും കവികളുടെ അവതരണശേഷിക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് വാദ്യോപകരണങ്ങളുടെ സഹായത്തോടെ കാവ്യ പ്രകാശനത്തിന് പുതുതായ ഒരിടം നല്‍കുവാനും കഴിഞ്ഞ ‘ഒച്ച’ എന്ന കവിതാവതരണ പരിപാടി 2012-ലാണ് നടന്നത്.  കേരളത്തില്‍ അതുവരെ ഉണ്ടായിരുന്ന ഗാലറി സങ്കല്‍പ്പങ്ങളില്‍ അതിനു മുന്‍പ് കവിതയെ ഒരു അവതരണകലയെന്ന നിലയില്‍ ആരും പരിഗണിച്ചു കണ്ടിട്ടില്ല. ലതീഷ് മോഹന്‍റെ സംഘാടനത്തില്‍ കൊച്ചിയിലെ ബി സി ഗാലറി തുടര്‍ച്ചയായി അവതരിപ്പിച്ചു പോന്ന കവിതാവതരണ പരമ്പര സമകാലിക മലയാള കവിതയിലെ തീര്‍ത്തും ശ്രേധേയമായ ഒരു ഇവന്‍റ് ആയിരുന്നു.

2014–ല്‍ കോഴിക്കോട് മീഡിയ സെന്ററില്‍ വെച്ച് സുധീഷ്‌ കോട്ടേമ്പ്രവും മിത്ര കമലവും ഈ ലേഖകനും ചേര്‍ന്ന് അവതരിപ്പിച്ച ‘അനക്കം’ എന്ന കവിതാ പരിപാടി പോയട്രി തീയറ്റര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന അവതരണമായിരുന്നു. സ്വന്തം കവിതകളെ ശരീര ചലനങ്ങളുടെ ചുവടോപ്പിച്ച് പ്രത്യേക ആഹാര്യങ്ങളുടെ സഹായത്തോടെയാണ് അവതരിപ്പിച്ചത്. കവിത ചൊല്ലുന്നതിലെ ശബ്ദവ്യതിയാനങ്ങളുടെ പരീക്ഷണം ആ പരിപാടിയുടെ എടുത്തു പറയേണ്ട സ്വഭാവമായിരുന്നു. കവികളുടെ ശരീരത്തെ പ്രത്യേക ചുവടുകളുടെയും നിലകളുടെയും അടിസ്ഥാനത്തില്‍ കവിതയ്ക്ക് പുതിയൊരു ഭാഷ ചമയ്ക്കുവാന്‍ ആ പരിപാടി കൂടുതല്‍ ശ്രദ്ധ ചെലുത്തി.

പാന്‍ ഇന്ത്യന്‍ കവിതാ സംരഭമായ ഇരുപത്തൊന്നാം നൂറ്റാണ്ടു കവിത (21st Centuary Poetry) 2018- ല്‍ കൊച്ചിയിലെ കഫെ പപ്പായ ഗാലറിയില്‍ എട്ടോളം മലയാള കവികളെ സംഘടിപ്പിച്ചു കൊണ്ട് നടത്തിയ ‘കവിത ചൊല്ലല്‍’ എന്ന പരിപാടി അവതരണ കവിതയുടെ സാദ്ധ്യതകളെ അന്വേഷിക്കുന്നതില്‍ ശ്രദ്ധ വെച്ചിരുന്നു. സമകാലീന കേരളത്തില്‍ ഉയര്‍ന്നുവന്ന ഭൂസമരങ്ങള്‍, ആദിവാസി സമരങ്ങള്‍, സ്ത്രീവാദ സമരങ്ങള്‍, ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള സ്വാഭിമാന പ്രഖ്യാപനങ്ങള്‍, ലിംഗപദവിയുടെ നീതിബോധത്തെ ഉറപ്പിക്കുന്നതിനുള്ള അവകാശപോരാട്ടങ്ങളിലൊക്കെയും കവിത അടിയൊഴുക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റാലിനയും സുഹൃത്തുക്കളായ പെണ്‍കവികളും ചേര്‍ന്ന് 2019 ഡിസംബറില്‍ തൃശൂരിൽ വെച്ച് ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ ഭേദഗതി ബില്ലിനെതിരെയും നടത്തിയ പ്രതിഷേധത്തില്‍ കവിതയെ രാഷ്ട്രീയ ഉപകരണമാക്കിയത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഭരണാഘടനാമൂല്യങ്ങൾക്ക് ഭീഷണിയുയർത്തുന്ന പ്രതിലോമ ശക്തികളെ ചെറുക്കേണ്ടതിൻറെ ചരിത്രപരമായ പ്രാധാന്യം മനസ്സിലാക്കി  നിലപാടുകൾ ഉറക്കെപ്പറയാനും കവിത കൊണ്ട് പ്രതിരോധം തീർക്കുവാനുമാണ് ആ കവികൂട്ടായ്മ ശ്രമം നടത്തിയത്.

സുധീഷ് കോട്ടേമ്പ്രവും ലേഖകനും കൂടി 2020 ITFoK കേരള അന്താരാഷ്ട്ര നാടകോത്സവത്തിന്റെ വേദിയിൽ ക്യുറേറ്റ് ചെയ്ത ‘കളത്തട്ട്’  എന്ന ചൊല്ലരങ്ങ് അവതരണകവിതയുടെ സമകാലികതയെ സംഗ്രഹിക്കാനുള്ള ശ്രമമായിരുന്നു. മലയാളത്തെ  സംബന്ധിച്ച് അവതരണമെന്നത് ചരിത്രപരമായി തന്നെ കവിതയുടെ ആന്തരികസ്വഭാവമാണ്. ഭാഷയുടെ ഉത്‌ഭവം മുതൽക്കേ മലയാള കവിതയുടെ ധാർമികസത്തയായി തീർന്ന രാഷ്ട്രീയബോധത്തിന്റെ തുടർച്ചകൾ അവതരണങ്ങളിലൂടെ തുടരേണ്ടതുണ്ട്. അതിലൂടെ  ചരിത്രം ചെയ്ത ക്രൂരതകളും  അന്യവത്ക്കരണങ്ങളും മറവിയിൽ പോകാതെ സൂക്ഷിക്കാൻ കഴിയും.

അവതരണ കലാകാരനും കവിയും എന്ന നിലയില്‍ ഈ ലേഖകനും ഇന്ത്യയിലെ പ്രമുഖഗാലറികളില്‍ കവിത ചൊല്ലിയിട്ടുണ്ട്.  ദൃശ്യ-ശ്രാവ്യമായ ഒരു സാങ്കേതിക അന്തരീക്ഷത്തിൽ ഭാഷയും ശബ്ദവും കൂട്ടുപകരണങ്ങളും ഉപയോഗിച്ച് ലേഖകൻ വികസിപ്പിച്ച Lecture poiesis എന്ന കാവ്യാനുസംവാദ-അവതരണം  ദില്ലിയിലെ മാക്സ് മ്യുള്ളർ ഭവനിലും ഖോജ് ഇന്റർനാഷണൽ ആർടിസ്റ്റ് അസോസിയേഷൻ ഗാലറിയിലും കൊച്ചിയിലെ ബിസി ഗാലറിയിലും അവതരിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും മലയാളം തന്നെയായിരുന്നു അവതരണഭാഷ. എഴുത്തു പ്രതലങ്ങളിൽ അടിഞ്ഞുകിടക്കുന്ന കവിതയെ പ്രേക്ഷകർക്കു കൂടി പങ്കാളിത്തമുള്ള ഒരു മനോശരീരപ്രവർത്തനമാക്കുക എന്നതായിരുന്നു അത്തരം അവതരണങ്ങളുടെ ലക്ഷ്യം. കവിത ചൊല്ലലിന് മിഴാവിനെ ഉപയോഗിച്ചത് വഴി തുള്ളൽ പ്രസ്ഥാനത്തിന്റെ ഉദയത്തിനു മുൻപുള്ള കുഞ്ചൻ നമ്പ്യാരുടെ വിരലുകളെ കൂടി ഈ ലേഖകൻ കവിതാവതരണത്തിലൂടെ ഓർമ്മിക്കാൻ ശ്രമിച്ചിട്ടുണ്ട്.

പാടാനറിയാവുന്നവര്‍ക്ക് മാത്രം സാദ്ധ്യമായ എന്തോ ഒന്നാണ് ചൊല്ലുന്ന കവിത എന്നൊരു ധാരണ പരക്കെയുണ്ട്. അവതരണകവിത എന്നത് പാടല്‍ എന്ന പ്രവൃത്തിക്കുമപ്പുറത്താണ്. പിറുപിറുക്കുന്ന, വിക്കുന്ന, കരയുന്ന, ഗദ്ഗദപ്പെടുന്ന, എങ്ങി വലിക്കുന്ന, അലറുന്ന, മുടന്തുന്ന, വരിതെറ്റുന്ന, വികാരം കൊണ്ട് പുളയുന്നതൊക്കെയും അവതരണകവിതയുടെ സാധ്യതകളാണ്. വിക്കിനെ ഒരു വൈകല്യമായി കരുതിയാല്‍ അവതരണ കവിത സാധ്യമാകില്ല. വിക്കുള്ളയാള്‍ നിരന്തരം തന്‍റെ വിക്കില്‍ പരിശീലനം നടത്തിയാല്‍ അത്ഭുതങ്ങള്‍ സംഭവിക്കും. അന്ധതയും ബധിരതയും വിക്കും മുടന്തുമൊക്കെ അതേ അവസ്ഥയില്‍ പരിശീലന സാദ്ധ്യതയുള്ള വിനിമയ സങ്കേതങ്ങളെന്ന് ബോധ്യപ്പെട്ടാല്‍ അവതരണ കവിതയുടെ ഇടം കൂടുതല്‍ വിശാലമാകും. ജാതിബോധം, ക്വീര്‍സംസ്ക്കാരം, സ്വത്വരാഷ്ട്രീയത്തിലൂന്നിയ നാനാതരം ന്യൂനപക്ഷങ്ങളുടെ സ്വാഭിമാനം തുടങ്ങിയ രാഷ്ട്രീയവെളിവുകള്‍ പൊതുസമൂഹത്തില്‍ പ്രശന്പ്പെടുമ്പോള്‍ അത് തുടരെതുടരെ ചര്‍ച്ചാവിഷയമാകുമ്പോള്‍ കവിതയുടെ അവതരണസംസ്ക്കാരം പെരുമാറ്റ വൈവിധ്യങ്ങളോടെ കൂടുതല്‍ ശക്തിപ്പെടെണ്ടതുണ്ട്.

ഗ്രന്ഥസൂചി:
  • ഗണേഷ്, കെ. എന്‍. (1996) കുഞ്ചന്‍ നമ്പ്യാര്‍: വാക്കും സമൂഹവും, വള്ളത്തോള്‍ വിദ്യാപീഠം
  • ലീലാവതി, എം. (2011) കവിതാ സാഹിത്യ ചരിത്രം, കേരള സാഹിത്യ അക്കാദമി
  • Julia Kristeva, Revolution in Poetic Language, trans. Margaret Waller (New York: Columbia University Press, 1984), 169– 70. Originally published in French in 1974.
  • Margolin, A., & Kumove, S. (2005). Drunk from the bitter truth: The poems of Anna Margolin. Albany: State University of New York Press.
  • Narayanan, M. (2006). Over-Ritualization of Performance: Western Discourses on Kutiyattam. TDR/The Drama Review, 50(2),  136–153. 
  • Sanal Mohan, P. (2015). Modernity of slavery: Struggles against caste inequality in colonial Kerala (First edition). New Delhi, India: Oxford University Press.
  • Zumthor, P. (1990). Oral poetry: An introduction. University of Minnesota Press.

എം ആര്‍ വിഷ്ണുപ്രസാദ്‌: കവിയും അവതരണ കലാകാരനുമായ എം ആര്‍ വിഷ്ണുപ്രസാദ്‌ ന്യുഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ആട്സ് ആന്‍ഡ്‌ എയ്സ്തെറ്റിക്ക്സില്‍ അവതരണകലയെപറ്റി ഗവേഷണം നടത്തുന്നു. കവിത കേന്ദ്രമായുള്ള വിനിമയങ്ങളിലൂടെ അറിവിന്‍റെയും അവതരണത്തിന്‍റെയും സാദ്ധ്യതകളെ അന്വേഷിക്കുന്ന തരത്തിലാണ് വിഷ്ണുപ്രസാദ് തന്റെ കലാപദ്ധതികള്‍ നിര്‍വ്വഹിക്കുന്നത്. ഋതുക്കളും ശ്രീബുദ്ധനും (2008) ആണിറച്ചി (2013) തുടങ്ങി രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008-ല്‍ കവിതയ്ക്കുള്ള ദേശാഭിമാനി ഐ വി ദാസ് പുരസ്ക്കാരവും, 2014-ല്‍ കവിതയ്ക്കുള്ള എസ് ബി റ്റി സാഹിത്യ പുരസ്ക്കാരവും ലഭിച്ചു. ദില്ലിയിലെ Goethe Institute, KHOJ International Artist’s Association, Italian Cultural Centre; കൊച്ചിയിലെ B C ഗാലറിയി തുടങ്ങിയ ഇടങ്ങളില്‍ സ്വന്തമായി ചിട്ടപ്പെടുത്തിയ കവിതാവതരണങ്ങള്‍ നടത്തിയിട്ടുണ്ട്. ദില്ലിയിലെ Goethe Institute-ന്‍റെയും Raqs Media Collective-ന്‍റെയും സഹകരണത്തോടെ ശ്രീബുദ്ധന്റെ അനിത്യത എന്ന സങ്കല്‍പ്പത്തെ അധികരിച്ച് കവിതയും തത്വചിന്തയും നിത്യജീവിത ലഹരിയും കടന്നു വരുന്ന anicca-Network എന്നൊരു കലാപദ്ധതിയുടെ ആവിഷ്ക്കര്‍ത്താവ് കൂടിയാണ് എം ആര്‍ വിഷ്ണുപ്രസാദ്. 

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ‘സാഹിത്യ ചക്രവാളം (March 2020) ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഷ്കരിച്ച രൂപം
Previous Post Next Post