എസ്. ജോസഫിൻ്റെ കവിതകൾ

എസ്. ജോസഫ്

ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് 1965-ല്‍ ജനിച്ചു. കറുത്ത കല്ല്‌, മീന്‍കാരന്‍, ഐഡന്റിറ്റി കാര്‍ഡ്, ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു, ചന്ദ്രനോടൊപ്പം, മഞ്ഞ പറന്നാൽ എന്നിവ പ്രധാന കവിതാസമാഹാരങ്ങള്‍. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് ലഭിച്ചു. 'ഉപ്പന്റെ കൂവൽ വരയ്ക്കുന്നു' എന്ന കവിതയ്ക്ക് മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും 'ചന്ദ്രനോടൊപ്പം' എന്ന സമാഹാരത്തിന് ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

    പെങ്ങളുടെ ബൈബിള്‍

    പെങ്ങളുടെ ബൈബിളിലുള്ളവ:
    കുത്തുവിട്ട റേഷന്‍കാര്‍ഡ്
    കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
    ബ്ലേഡുകാരുടെ കാര്‍ഡ്
    ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
    ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
    കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
    ഒരു നൂറുരൂപ നോട്ട്
    എസ്.എസ്.എല്‍.സി ബുക്ക്.

    പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
    ആമുഖം,
    പഴയനിയമം, പുതിയനിയമം
    ഭൂപടങ്ങള്‍
    ചുവന്ന പുറംചട്ട.

    മലയാള കവിതയ്ക്ക് ഒരു കത്ത്

    ഒരുനാള്‍ പുഴയില്‍ വെച്ചു കണ്ടു
    ഏറെനേരം ഒന്നിച്ചിരുന്നു.

    പുഴയ്ക്ക് ഒരു ജനലുണ്ട്
    അതിലൂടെ ഞാന്‍ പറന്നുപോകും, നീ പറഞ്ഞു.

    പുഴയ്ക്ക് ജനലുണ്ടെങ്കില്‍ അത് വീടായിരിക്കണം
    പറന്നുപോകണമെന്നു പറഞ്ഞെങ്കില്‍ ജയിലായിരിക്കണം.

    പാവങ്ങള്‍ക്കിടയില്‍ ഞാന്‍ കഴിയുന്നു.
    അവരുടേതുപോലൊരു കുടിലില്‍
    കിട്ടുന്നതു തിന്നുന്നു
    അകലെ നിന്ന് വെള്ളമെടുക്കണം
    അപ്പന്‍ എന്നെ പട്ടീ എന്നു വിളിക്കുന്നതു
    കേള്‍ക്കണം
    അമ്മയുടെ തീട്ടവും മുള്ളിയും എടുത്തുകളയണം
    പാട്ട, ചെരിപ്പ്, കുപ്പി, കടലാസ്
    ഇതൊക്കെ പെറുക്കിവില്ക്കുകയാണു പണി
    ആളുകള്‍ എന്നെ പെറുക്കി എന്നു വിളിക്കുന്നു
    വണ്ടിയില്‍ എന്‍റെ ചാക്കുകെട്ട് കേറ്റില്ല.

    എന്നിട്ടും നിന്നെ വിളിച്ചു
    നീവന്നില്ല.

    നിന്‍റെ ആളുകളെ എനിക്കറിയാം
    വലിയ കെട്ടിടങ്ങള്‍പോലെയുള്ളവര്‍
    അവര്‍ നിന്നെ ചതുരങ്ങളിലും വൃത്തങ്ങളിലും
    പൂട്ടിയിട്ടു.

    ഒരു തുളയിലൂടെ നീ പുറം ലോകം കണ്ടു
    വീട്ടുപകരണങ്ങളില്‍ തട്ടിവീണു.
    തുണികളും ചിരികളുമെടുത്തണിഞ്ഞ്
    അമ്പലത്തിലേയ്ക്കുപൊകും വഴി
    നീ കാറിലിരുന്ന് എന്നെ നോക്കിയത് മറക്കത്തില്ല.
    എല്ലാം മടുത്തു അല്ലെ?

    കാടുകാണാനും ഓലപ്പുരയിലുറങ്ങാനും
    ചെളിവെള്ളത്തില്‍ നടക്കാനും
    പെണ്ണിനു കൊതി തോന്നാം
    വെയിലെത്ത് അവള്‍ പൊള്ളും
    മഴനനഞ്ഞ് പനി പിടിക്കും.

    നിനക്കുവേണ്ടത് സ്വാതന്ത്ര്യമല്ലെ?
    ഇവിടെ അതേയുള്ളു
    ഇഷ്ടമുള്ളതു പറയാം , ചെയ്യാം.
    തോട്ടില്‍പോയി കുളിക്കാം
    പറമ്പിലെത്തുന്നകരികിലം പിടകളോടൊപ്പം
    ചിലയ്ക്കാം
    തിണ്ണയില്‍ തഴപ്പായിട്ടിരിക്കാം
    അമ്മയും അപ്പനും കൂട്ടുണ്ടാകും
    പണികഴിഞ്ഞ് ഞാന്‍ ഓടിയോടിവരും
    കഞ്ഞിയും മുളപ്പിച്ച പയറും കഴിച്ചുകിടക്കാം
    അല്ലെങ്കില്‍ ആകാശം നോക്കിയിരിക്കാം
    മൂങ്ങകള്‍ മൂളുന്നതുകേട്ടു നീ പേടിക്കണം
    ഞാന്‍ അപ്പൊള്‍ നിന്നെ സ്നേഹം കൊണ്ടുമൂടും.

    പാട്ട് 

    താഴ്‌വരയിലെ വീട്ടില്‍
    ഒരാള്‍ താമസിക്കുന്നു
    നേരം മങ്ങുമ്പോള്‍
    അയാളുടെ പാട്ട്
    മലകളെ ചുറ്റിപ്പോകുന്നതു കേള്‍ക്കാം

    എന്തര്‍ത്ഥമിരിക്കുന്നു അതില്‍
    എന്നു ചോദിക്കരുത്
    അര്‍ത്ഥമോ അര്‍ത്ഥമില്ലായ്മയോ
    അതൊക്കെയല്ലേയുള്ളൂ

    നമുക്കയാളുടെ പാട്ടുകേട്ടുകൊണ്ട്
    ഈ മരത്തണലിലിരിക്കാം
    എത്ര മനോഹരമാണ്
    ഈ ലോകവും പ്രകൃതിയും, അല്ലേ?

    ഈ മരത്തിലെത്ര ഇലകളുണ്ടെന്നറിയാമോ?
    അതുപോലെ എന്തോ ഒന്ന് ആ പാട്ടിലുമുണ്ട്.

    പൂവുകള്‍ക്കെന്തിനു പേരുകള്‍, പൂവുകളെന്നല്ലാതെ?

    കിഴക്ക് വീണ്ടും പോകുമ്പോള്‍
    ചുവപ്പും മഞ്ഞയും നീലയും
    ഞാന്‍ വരുമെന്നറിയാഞ്ഞിട്ടാവില്ലല്ലോ
    ഇത്രയും ഇത്രയും പൂവുകള്‍
    ഒരുമഴയെന്നെ കാത്തിരുന്നു
    ഇന്നലെ വൈയിട്ടെത്തുമ്പോള്‍
    കുടയുമായ് വന്ന കൂട്ടുകാരന്‍
    മഴയത്തു കൂട്ടിക്കൊണ്ടുപോയ്‌
    രാവിലേ നടക്കാന്‍ പോയപ്പോള്‍
    പച്ചിലക്കാടുകള്‍ ചുറ്റിലും വന്നു
    കൈനിറയെ പൂക്കള്‍ കാണിച്ചു
    അവയുടെ പേരുകള്‍ മറന്നുപോയ്‌
    പൂവുകള്‍ക്കെന്തിനു പേരുകള്‍
    പൂവുകളെന്നല്ലാതെ?
    പൂവുകള്‍ക്കിടയില്‍ കാമുകി
    ദേഹമില്ലാതെ നില്‍ക്കുന്നു
    രണ്ടുനീലപ്പൂവുകളാലവള്‍
    കണ്ണിമയ്ക്കാതെ നോക്കുന്നു.
    ദേഹമില്ലാത്ത കാമുകിമാര്‍
    കാമുകന്മാരെ നോക്കുന്നു
    കാമുകിമാര്‍ക്കെന്തിനു പേരുകള്‍
    കാമുകിമാരെന്നല്ലാതെ?

    ഉറുമ്പ് ഓടിനടക്കുന്ന ഒരില

    ഉറുമ്പ് ഓടിനടക്കുന്ന ഒരില പൊട്ടിച്ച് ഒഴുകുന്ന വെള്ളത്തിലിട്ടു
    എന്നത് പൈസയില്ലാത്ത കൂട്ടുകാരനെ
    എട്ടും പൊട്ടുംതിരിയാത്ത പട്ടണത്തില്‍വച്ച്
    കൈവിട്ടു എന്ന്‍ മാറ്റിയെഴുതാം.

    കൂടെ പൊറുക്കാന്‍ തേടിവന്നവളെ കള്ളംപറഞ്ഞ്
    അവളുടെ വീടില്ലാത്ത വീട്ടിലേക്ക് ബസുകയറ്റിവിട്ടു എന്നത്
    പൂച്ചക്കുഞ്ഞിനെ തോട്ടിനക്കരെ
    വിട്ടിട്ടുപോന്നു എന്ന്‍ മാറ്റിവായിക്കാം.

    എന്നാല്‍ പുറന്തള്ളപ്പെട്ട നഗരവാസികളും
    ഗ്രാമവാസികളുമായ മനുഷ്യര്‍ എങ്ങോട്ടു പോകുന്നു
    എന്നത് അങ്ങനെതന്നെയേ എഴുതാനും വായിക്കാനുമാകൂ.

    ഗ്രൂപ്പുഫോട്ടോ

    നാളെ സോഷ്യലും ഗ്രൂപ്പുഫോട്ടോയുമാണ്
    വരാതിരിക്കരുത്
    പൈസ ഞാന്‍ കൊടുത്തു
    നമുക്ക് ഒരുമിച്ചുനില്‍ക്കണം
    ഒരുത്തി പറയുന്നു.

    കോളേജില്‍വച്ചാവാം, വര്‍ഷങ്ങള്‍ക്കുമുമ്പാവാം
    എന്ന് വായനക്കാര്‍ കരുതിയേക്കാം
    കരുതിക്കോളൂ.

    ഏതോ തരത്തില്‍ എല്ലാവരില്‍നിന്നും
    ഒറ്റപ്പെട്ടു പോകുന്ന ജീവിതമുള്ളതിനാല്‍
    മുങ്ങിക്കളഞ്ഞു
    പരിമിതമായ ഒളിവിടങ്ങളില്‍.

    നിങ്ങള്‍ എന്താണ് കരുതുന്നത്?
    കോംപ്ലക്സ് എന്നോ?
    ഒരു പാവപ്പെട്ടവന്‍, താണവന്‍, പോരെങ്കില്‍ കറുമ്പന്‍
    കേരളത്തില്‍ എങ്ങനെ ജീവിക്കുന്നു
    എന്നു നിങ്ങള്‍ക്കറിയാമോ?

    അതെ ഇതെല്ലാം പലയിടങ്ങളിലുമുള്ള പലരുടേയും അനുഭവമാണ്
    പെണ്ണുങ്ങളുടേതുള്‍പ്പെടെ.
    എന്നെച്ചേര്‍ത്ത് എപ്പോഴും വായിക്കല്ലേ?

    അതാണ് പറഞ്ഞത് കോളേജാകണമെന്നില്ല എന്ന്
    കോളേജാണെങ്കില്‍
    ഒരുമിച്ച് സമരം ചെയ്യാം
    ഒരുമിച്ചിരുന്ന് പഠിക്കാം
    എന്നാല്‍ ഇടയ്ക്കു മുങ്ങും
    ഇടയ്ക്കു മുങ്ങുന്നവരെ കണ്ടിട്ടില്ലേ?

    ഫോട്ടോ അവള്‍
    കാണിക്കുന്നു.
    അവളുടെ പുറകേ നടന്ന ഒരുത്തന്‍
    അവളെ തൊട്ടുനില്പുണ്ട്.
    അവളുടെ ജാതിക്കാരന്‍
    ആ അസുഖമുള്ളതുകൊണ്ടാണവന്‍
    അവിടെത്തന്നെ നിന്നത്
    അവനെ എടുത്തു കളഞ്ഞ്
    എന്റെ പടം ചേര്‍ക്കാം
    കാലം മാറിയല്ലോ
    അതു ചെയ്യുന്നില്ല.

    ചില മലയാളികള്‍
    ഒറ്റയ്ക്ക് അനുഭവിക്കുന്ന ഒരു നശിച്ച ജീവിതമുണ്ട്.

    Previous Post Next Post