ആരാണ് കവി, എന്താണ് കവിത?

— കെ.സച്ചിദാനന്ദന്‍
  കെ. സച്ചിദാനന്ദന്‍

കവിത  എന്താണ് എന്ന ചോദ്യത്തെ എപ്പോഴെങ്കിലും അഭിമുഖീകരിക്കാത്ത കവികള്‍ ഉണ്ടാവില്ല. അത്തരമൊരു ചോദ്യത്തിന് ഋജുവായ എന്തെങ്കിലും ഉത്തരമുണ്ടെന്നു ഞാന്‍ കരുതുന്നില്ല, അതിനെ കൃത്യമായി നിര്‍വ്വചിക്കുന്നവര്‍ നമുക്ക് ചുറ്റും ധാരാളം കണ്ടേക്കാമെങ്കിലും; അവര്‍ക്ക് ധാരാളം പൂര്‍വ്വികര്‍ കിഴക്കും പടിഞ്ഞാറും ഉണ്ടു താനും. കുറെയധികം കവികളെ പുറത്തു നിര്‍ത്തിക്കൊണ്ടല്ലാതെ അത്തരം സങ്കുചിതനിര്‍വ്വചനങ്ങള്‍ കവിതയ്ക്കു നല്‍കുക സാദ്ധ്യമല്ല.

കുമാരനാശാനെയും പോള്‍ സെലാനെയും, അല്ലെങ്കില്‍ ഇടശ്ശേരിയെയും സെസാര്‍ വയെഹോവിനെയും- അതു പോലെ എനിക്ക് ഏറെ പ്രിയമുള്ള ആയിരം കവികളെ- ഞാന്‍ എങ്ങിനെയാണ് ഒരു ഇടുങ്ങിയ സ്ഥലത്ത് ഒതുക്കിക്കൊള്ളിക്കുക? സിംബോഴ്സ്കായിലും വൈലോപ്പിള്ളിയിലും മാനുഷികതയുടെ അഗാധമുദ്രയ്ക്കപ്പുറം എന്താണ് പൊതുവായുള്ളത്? ഒരേ പ്രസ്ഥാനത്തില്‍ പെടുന്ന കവികള്‍ ഒരേ രീതിയിലാണോ എഴുതുന്നത്‌? കടമ്മനിട്ടയും കക്കാടും? ലോര്‍ക്കയും  എലിയറ്റും? കേദാര്‍നാഥ് സിങ്ങും കുംവര്‍ നാരായനും?

ലേബലുകള്‍ നിരൂപകര്‍ക്ക്‌ ആവശ്യമാകാം, ചിലപ്പോള്‍ അവ ചില താത്കാലിക ദൌത്യങ്ങള്‍ നിര്വ്വഹിക്കുന്നുണ്ടെന്നും വരാം,  കാല്‍പ്പനികത, ആധുനികത, ഉത്തരാധുനികത അങ്ങിനെ പലതും. പക്ഷെ   സൊഫോക്ലിസ്സും ഷേക്സ്പിയറും തിരുമൂലരും കബീറും  ഇന്നും എന്നോട് സംസാരിക്കുന്നു, എന്റെ അയല്‍ക്കാര്‍ എന്ന പോലെ ഞാന്‍ അവരെ തിരിച്ചറിയുന്നു, വായിക്കുന്നു, പരിഭാഷ ചെയ്യുന്നു. എന്തല്ല കവിത എന്ന് സ്വന്തം കാഴ്ചപ്പാടില്‍ പറയാന്‍ കവികള്‍ക്ക് ആയേക്കും; അതു പോലും പറഞ്ഞു തീരുമ്പോഴേക്കും ഏതെങ്കിലും കവി നാം കവിതയല്ലെന്നു കരുതിയിരുന്ന ഒന്നിനെ കവിതയാക്കി മാറ്റിക്കഴിഞ്ഞിരിക്കും. ഒരു കാര്യം പറയാന്‍ കഴിയുമായിരിക്കും: കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ : ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാല്‍ മുഴുവനായും ഇവയൊന്നുമാകാത്ത,നിരന്തരപരിണാമിയായ, അപ്പോഴും എവിടെയോ തെന്നിപ്പോകുന്ന ഒരു തുടര്‍ച്ച നിലനിര്‍ത്തുന്ന, ഒരു ആവിഷ്കാരവിശേഷമാണ് കവിത.  ഇങ്ങിനെ പറയുമ്പോള്‍ പോലും ഞാന്‍ ഒരു നിര്‍വചനത്തിന്റെ അതിരുകളിലെവിടെയോ എത്തിപ്പെട്ടോ എന്ന് എനിക്കു ഭയമുണ്ട്.

ശരിയാണ്, ഏ കെ രാമാനുജന്‍ പറഞ്ഞ കന്നഡ നാടോടിക്കഥയിലെ മഴു പോലെയാണത്. മുതുമുതുമുത്തച്ഛന്‍ ഉപയോഗിച്ചിരുന്ന അതേ മഴുവാണ് താനും ഉപയോഗിക്കുന്നതെന്നും, അലകും പിടിയും പല കുറി മാറ്റിയിട്ടുണ്ടെന്നും എന്നാലും മഴു അത് തന്നെയെന്നും പറയുന്ന വിറകുവെട്ടുകാരനെപ്പോലെ നമ്മളും പറയും, സംഘകവി കപിലരും   വാല്മീകിയും എഴുത്തച്ഛനും ആശാനും നമ്മുടെ പൂര്‍വ്വികരാണെന്ന്. നാം അതേ വൃക്ഷത്തിന്റെ പൊടിപ്പല്ലെന്നും പറയാനാവില്ല. എന്നാല്‍ കവിതയുടെ അലകും പിടിയും മാറിയിരിക്കുന്നു. അപ്പോഴും ഭാഷയുടെ സവിശേഷമായ ഒരു  സര്‍ഗ്ഗാവിഷ്കാരമായി അത് തുടരുകയും ചെയ്യുന്നു. ഇന്നത്തെ ഒരു കവി സ്വന്തം ഭാഷയുടെ പാരമ്പര്യം മാത്രമല്ല സ്വന്തമാക്കുന്നത്, പഴയതും പുതിയതുമായ ഇന്ത്യന്‍ കവിതയുടെ പാരമ്പര്യം, ലോകകവിതയുടെ അനേകം പാരമ്പര്യങ്ങള്‍, വാമൊഴിയുടെയും വരമൊഴിയുടെയും വഴക്കങ്ങള്‍,  അസംഖ്യം ശൈലികള്‍, സങ്കേതങ്ങള്‍: ഇവയുടെ മഹാവനത്തില്‍ തന്റെ ഇടം അന്വേഷിക്കുകയും സ്ഥാപിക്കുകയും ചെയ്യുകയെന്ന ദുഷ്കരനിയോഗം, കവി അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും, കവിയുടെ മുന്നിലുണ്ട്.

കവിതയെക്കുറിച്ച് ഏറ്റവുമധികം തെറ്റായ ധാരണകള്‍ പ്രചരിപ്പിച്ചി ട്ടുള്ളത് കാവ്യാദ്ധ്യാപനം ഭാരമായി കാണുന്ന ഒരു വലിയ പറ്റം അദ്ധ്യാപകരാണ്. ചിലപ്പോള്‍ നിരൂപണപ്രയോഗങ്ങള്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അദ്ധ്യാപനം ലളിതമാക്കാനായി അവര്‍ ഒരുപാട് ലളിതവത്കരണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുന്നു. അതിലൂടെ കാവ്യാനുഭവം ഏതെല്ലാം വൈരുദ്ധ്യങ്ങളെ സമന്വയിക്കുന്നുവോ അവയെ വീണ്ടും വൈരുദ്ധ്യങ്ങളായി ഇഴ പിരിച്ചു കാട്ടുന്നു. പാരമ്പര്യവും ആധുനികതയും, സമകാലീനതയും സാര്‍വ്വകാലികതയും, ധ്വനിയും വൈശദ്യവും, ‘സ്വ’പാരമ്പര്യവും ‘അന്യ’ പാരമ്പര്യങ്ങളും, വൃത്തവും വൃത്തമില്ലായ്മയും, വ്യക്ത്യനുഭവവും സാമൂഹ്യാനുഭവവും,  ശുദ്ധകവിതയും അശുദ്ധകവിതയും, ചരിത്രവും വര്‍ത്തമാനവും, മിത്തും യാഥാര്‍ത്ഥൃവും, അനുഭവവും ഭാവനയും , പ്രചോദനവും പരിശ്രമവും, നീതിബോധവും ലാവണ്യ ബോധവും, ഐന്ദ്രജാലികതയും വിപ്ലവാത്മകതയും, ലഘുത്വവും ഗുരുത്വവും, ഇങ്ങിനെ പോകുന്നു ആ ‘വൈരുദ്ധ്യങ്ങള്‍’. കവിതയുടെ അനുഭൂതിമണ്ഡലം ഈ വിപരീതപ്രതീതികളെയെല്ലാം ഒരൊറ്റ രസലായനിയില്‍ അലിയിക്കുന്നുവെന്നു കാണാതെ കാവ്യാസ്വാദനം  സാദ്ധ്യമല്ല. ചിലര്‍ക്കെങ്കിലും വിശദീകരണം ആവശ്യമെന്നു തോന്നിച്ചേക്കാവുന്ന പ്രസ്താവമാണിത്.

പാരമ്പര്യത്തിന്റെയും ആധുനികതയുടെയും കാര്യം ഞാന്‍ ആദ്യമേ ചര്‍ച്ച ചെയ്തു. എനിക്ക് സമകാലീനമായതെല്ലാം, എന്നോട് സംവദിക്കുകയും ഇന്നത്തെ ജീവിതത്തിലേക്കും ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്യുന്നതെല്ലാം, എന്ന് എഴുതപ്പെട്ടാലും എനിക്ക് പുതിയതു തന്നെ. ഷേക്സ്പിയറുടെ പല വരികളും മുഹൂര്‍ത്തങ്ങളും പല തരം സംഘര്‍ഷങ്ങളിലേയ്ക്കുള്ള ഉള്‍ക്കാഴ്ചകളും എന്നെ ഇന്നും വിസ്മയിപ്പിക്കുന്നു. എന്നെ വിസ്മയിപ്പിക്കാത്ത ഒന്നും കവിതയായി എനിക്ക് അനുഭവപ്പെടാറില്ല. ആ വിസ്മയത്തിന്റെ പ്രഭവങ്ങള്‍ പലതാകാം: വൈകാരിക തീക്ഷ്ണത, ഭാഷയുടെ കൃത്യത, ബിംബത്തിന്റെ മൌലികത , രൂപകത്തിന്റെ ധ്വന്യാത്മകത, വരിയുടെ കെട്ട്‌, വായിച്ചു നിര്‍ത്തിയിട്ടും തുടരുന്ന മുഴക്കം, മനുഷ്യാവസ്ഥയിലേക്കുള്ള ആഴമേറിയ നോട്ടം.

കവിതയുടെ ‘വിഷയം’ – അങ്ങിനെ എടുത്തു കാണിക്കാന്‍  കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, അത് വായിക്കുന്നവരുടെ കാഴ്ച്ചയനുസരിച്ചു മാറുന്നതാണ്- എന്തുമാകട്ടെ, സമകാലീന സംഭവമാകട്ടെ, ഐതിഹ്യമാകട്ടെ, നശ്വരമായ ഒരു ഭാവമോ ആകസ്മികമായ ഒരു നിരീക്ഷണമോ ആകട്ടെ, അതിന്റെ ആവിഷ്കാരത്തിന്റെ മുന്നോട്ടും പിന്നോട്ടും ഉള്ളിലേക്കുമുള്ള നോട്ടവും ശൈലീപരമായ നവീനതയും – ഞാനുദ്ദേശിക്കുന്നത്‌ ചീത്ത ഉര്‍ദു കവിതയിലും മറ്റും കാണുന്ന ‘ട്രിക്കു’കള്‍ അല്ല- ആണ് എന്നെ ആകര്‍ഷിക്കുന്നത്. അത് പഴകുന്നില്ല. കവിതയുടെ കാലക്രമം ചരിത്രത്തിന്റേതല്ല, 2020 –ല്‍ എഴുതപ്പെടുന്ന കവിത തീര്‍ത്തും  പഴഞ്ചനാകാം, ക്രിസ്തുവിനു മുന്‍പ് എഴുതപ്പെട്ടത് ഇന്നും പുതിയതും. അപ്പോള്‍ നവീനത ഒരു കാലഗണനയല്ല, ഒരു കാവ്യഗുണമാണ്.വുത്തം ദീക്ഷിക്കുന്നതിനാല്‍ കവിത പഴയതോ, ഗദ്യം ഉപയോഗിക്കുന്നതുകൊണ്ട് പുതിയതോ ആകുന്നില്ല. സമകാലീന വിഷയങ്ങളെ സ്പര്‍ശിച്ചാല്‍ കവിത കേവലം താത്കാലികമൂല്യമുള്ളതാകും എന്ന് കരുതി പഴംകഥകളിലേക്ക് പോകുന്നവര്‍ ഉണ്ട്, അവരില്‍ ചിലര്‍ അവയില്‍ നിന്ന് പുതുത്‌ ചിലത് കണ്ടെടുത്തേക്കാം, പലരും ആ പഴമയില്‍ മുങ്ങി മരിക്കയാണ് പതിവ്. കവിതയെ പ്രമേയമായി ചുരുക്കാനാവില്ല, ഇന്നത്തെ ഒരു സംഘര്‍ഷത്തില്‍ എന്നത്തേയും സംഘര്‍ഷം കൂടി ഉണ്ടെന്നു വരാം, നമ്മുടെ നീതിബോധത്തെയും ലാവണൃബോധത്തെയും ഒന്നിച്ചു പുതുക്കാന്‍ അതിന്റെ ഭാവലോകത്തിനും ആവിഷ്കാരത്തിനും കഴിഞ്ഞെന്നു വരാം.

ധ്വനിയെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണ  അത് ചുരുക്കിപ്പറയല്‍ ആണെന്നാണ്‌. മറിച്ച്, വായന കഴിഞ്ഞും ബാക്കിയാകുന്ന കവിതയുടെ മുഴക്കമാണത്. ആധുനികഹൈക്കുകള്‍ എന്നെ മിക്കപ്പോഴും ഹതാശനാക്കുകയാണ് പതിവ്;അവയില്‍ അധികവും  ഒരു തരം സൂത്രവിദ്യ മാത്രമാണ്- എന്തൊക്കെയോ പറയുന്നു എന്ന് തോന്നിപ്പിച്ചു ഒന്നും അനുഭവപ്പെടുത്താത്ത വഴിയോരച്ചൊട്ടുവിദ്യ.   അനേകം മലയാള യുവകവികളെ വഴി തെറ്റിച്ച പരിഹാസ്യമായ ഒരു പ്രത്യേകതരം ആധുനിക തമിഴ്കവിതയെക്കുറിച്ച് ‘ആട്ടിന്‍ കാട്ടം’ എന്നൊരു പരിഹാസകവിത തന്നെ ഞാന്‍ എഴുതിയിട്ടുണ്ട്. വൈശദ്യത്തിനു ചെയ്യാന്‍ കഴിയുന്നത്‌ സംക്ഷേപത്തിനു ചെയ്യാനാവില്ല. അന്തരീക്ഷവും ഭാവവുമെല്ലാം മിഴിവോടെ വിരിയിച്ചു കാണിക്കുന്നതില്‍ വൈശദ്യത്തിനു പങ്കുണ്ടാകാം. കവിതയുടെ സമഗ്രാനുഭവമാണ് ഒടുവില്‍ പ്രധാനമാകുന്നത്; ഹ്രസ്വതയോ ദൈര്‍ഘ്യമോ അല്ല.

വ്യക്തിയില്‍ സമൂഹവും സമൂഹത്തില്‍ വ്യക്തിയും ഉള്ളതുകൊണ്ട് ഇവയും വേര്‍തിരിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല. ചില കാലങ്ങളില്‍ ഒരു വ്യക്തിയുടെ ദുഃഖം- അന്നാ അഹ്മത്തോവായുടെയുടെയോ, ഒസ്സിപ് മണ്ടെല്‍സ്ഥാമിന്റെയോ പോള്‍ സെലാന്റെയോ സെസാര്‍ വയെഹോയുടെയോ വിസ്വാവാ സിംബോഴ്സ്കയുടെയോ കവിതകളില്‍ കാണും പോലെ- ഒരു സമൂഹത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്തേക്കാം. സമൂഹത്തെ ആവിഷ്കരിക്കാന്‍ എപ്പോഴും ഒരാള്‍  മയക്കൊവ്സ്കിയോ ബ്രെഹ്റ്റോ  മഹ്മൂദ് ദാര്‍വീഷോ ആകണമെന്നില്ല. നെരൂദയുടെ കൂടുതല്‍ നല്ല കവിതകളായി എനിക്കനുഭവപ്പെട്ടിട്ടുള്ളത് പ്രത്യക്ഷരാഷ്ടീയമുള്ള കവിതകളല്ലാ, ഒന്നുകില്‍ മാക്കു പിക്ച്ചുവിനെപ്പോലെ ചരിത്രത്തെ അനുഭൂതിയാക്കുന്ന കവിതകളോ, അല്ലെങ്കില്‍ ‘കോസ്മിക്’ മാനമുള്ള കവിതകളോ, പ്രണയകവിതകളോ, ലളിതവസ്തുക്കള്‍ക്കുള്ള സ്തോത്രങ്ങളോ ഒക്കെയാണ്; അവ എഴുതിയിരുന്നില്ലെങ്കില്‍ ആ കവിയെ നാം ഓര്‍ക്കുമായിരുന്നോ എന്ന് സംശയമാണ്, ചില രാഷ്ടീയസന്ദര്‍ഭങ്ങളിലൊഴികെ. ഒരു ജൈവസംഭവമായ കവിതയെ ഉള്ളടക്കമോ രൂപമോ ആയി തിരിക്കുമ്പോള്‍ കവിത എന്ന സമഗ്രത  അപ്രത്യക്ഷമാകുന്നു. ശുദ്ധ-അശുദ്ധ കവിതകളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ നമ്മുടെ ജാതി- വര്‍ണ്ണ സങ്കല്‍പ്പങ്ങളുമായി ബന്ധപ്പെട്ടവയാണ്. അശുദ്ധകവിതയെക്കുറിച്ചുള്ള നെരൂദയുടെ വിശദീകരണം എല്ലാ കവിതയ്ക്കും ബാധകമാണ്.

ലോകകവിതയെ ഐന്ദ്രജാലികവും വിപ്ലവകരവും എന്ന് ചില നിരൂപകര്‍ വേര്‍തിരിച്ചു കണ്ടിട്ടുണ്ട്. അപ്പോള്‍ നാം ലോര്‍ക്കയെ, നെരൂദയെ, സിംബോഴ്സ്കയെ, ബ്രോദ്സ്കിയെ, മീവാഷിനെ, ഗിന്‍സ്ബര്‍ഗിനെ, പാസ്സിനെ, മസ്ദരോവിനെ... എവിടെ കൊണ്ട് കെട്ടും? റില്‍കെയിലെ   മാജിക് ഞാന്‍ ലൂയി അരഗങ്ങിലും കാണുന്നു, എലിയറ്റിന്റെ ബിംബപ്പുതുമ ഒക്റ്റാവിയോ പാസ്സിലും  ലാസ്ലോ നാജിയിലും സെന്ഘോറിലും പെസ്സോവയിലും അരുണ്‍ കൊലാത്കറിലും കാണുന്നു.

കവികള്‍ നിരീക്ഷിക്കയും പരീക്ഷിക്കയും പരിശീലിക്കയും  വായിക്കുകയും മറ്റു കലകള്‍ ആസ്വദിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കില്‍ അത് സ്വന്തം പ്രചോദനത്തെ- പഴയതെങ്കിലും പ്രയോജനമുള്ളതാണ് ആ വാക്ക്-സഫലമായി ആവിഷ്കരിക്കാന്‍ കൂടിയാണ്; പ്രയത്നവും പ്രചോദനവും പലരും കരുതും പോലെ വിപരീതങ്ങളല്ല, പരസ്പരപൂരകങ്ങളാണ്, ഓര്‍മ്മയും സംഗീതവും പോലെ, ബിംബവും വിശ്വാസവും പോലെ, അനുഭവവും രൂപകവും പോലെ.

ലാളിത്യം, ആഴം, വിസ്മയം: കവിതയില്‍ ഞാന്‍ തേടുന്ന പ്രധാന മൂല്യങ്ങളെ ഇങ്ങിനെ സംഗ്രഹിക്കാം. ഇവയുടെ സമന്വയം സാധിച്ചവരാണ് എന്റെ കവികള്‍. അവര്‍ നിങ്ങളുടെ കവികള്‍ ആകണമെന്ന യാതൊരു നിര്‍ബന്ധവും എനിക്കില്ല; മറിച്ചു നിര്‍ബന്ധിക്കരുതെന്നു മാത്രം.
Previous Post Next Post