ഒരു നെടുവീർപ്പിനുശേഷം പോലും അതിൽ കവിതയുണ്ടോ എന്ന് നോക്കുന്നപോലെ

— ടി.പി.വിനോദ് 

ടി.പി.വിനോദ്

എന്തു ചെയ്താലും അതിൽ കവിതയെ തേടുകയും അഭിമുഖീകരിക്കുകയും ചെയ്യുക എന്ന അവസ്ഥയിൽ നിന്ന് ഒരിക്കലും മോചനമുണ്ടാവില്ലെന്ന് തോന്നുന്നു, ഒരിക്കലെങ്കിലും കവി എന്ന് സ്വയം വിചാരിച്ചിട്ടുള്ള ഒരാൾക്ക്. ബോധപൂർവ്വം കവിതയുടെ വായനയിൽ നിന്നും എഴുത്തിൽ നിന്നും ദൂരമെടുക്കുകിലും ആ അകലത്തെ അയാൾ കവിതയിൽ നിന്നുള്ള അകലമായിത്തന്നെയാണ് ജീവിക്കുന്നത്. അതുകൊണ്ട്, സ്വന്തം ജീവിതത്തെ തനിക്കുവേണ്ടിത്തന്നെ നിർവ്വചിക്കുകയും നിർദ്ധാരണം ചെയ്യുകയും ചെയ്യുന്നതുപോലെയാണ് അയാൾക്ക് കവിതയെപ്പറ്റി സംസാരിക്കാനാവുക. ആ ദിശയിൽ പലപ്പോഴായി കവിത എനിക്ക് എന്താണ് എന്ന് ആലോചിക്കാൻ ശ്രമിച്ചിട്ടുള്ളതും എഴുതിയിട്ടുള്ളതുമായ കാര്യങ്ങൾ, പിന്നെ ആ കുറിപ്പുകളെപ്പറ്റി ഇപ്പോൾ തോന്നുന്ന ചില കൂട്ടിച്ചേർക്കലുകൾ ഒക്കെ ചേർന്നാണ് ഈ കുറിപ്പ് എഴുതാൻ വിചാരിക്കുന്നത്.

കവിതക്ക് ഒരു നിർവ്വചനം എന്ന് സങ്കൽപ്പിക്കുമ്പോൾ

കവിതയ്ക്ക് ഒരു നിര്‍വ്വചനം പറയാന്‍ ശ്രമിക്കുന്നത് ഒരു Oxymoronic പരിപാടി ആയിപ്പോവും. വിശാലമായ അര്‍ത്ഥത്തില്‍ ലോകത്തിനും അതിലെ കാര്യങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ നിലനില്‍ക്കുന്നു എന്ന അവസ്ഥയോടുള്ള ഉപരോധവും തര്‍ക്കവും സമരവുമൊക്കെയാണ്‌ കവിത എന്നും വിചാരിക്കാവുന്നതാണ്‌. നിര്‍വ്വചനങ്ങളെക്കാള്‍ ചില Analogy കള്‍ കവിതയെപ്പറ്റിയുള്ള സങ്കല്‍പ്പത്തിനെ Express ചെയ്യാന്‍ ഉപകരിക്കും എന്ന് തോന്നുന്നു. ഇത്തരത്തില്‍ എനിക്ക് ഉള്ളില്‍ തട്ടുന്നതായി തോന്നിയ രണ്ട് കാര്യങ്ങളില്‍ നിന്നുണ്ടാക്കിയ Analogy കള്‍ പറയാം.
  1. ലക്ഷങ്ങളോളം വര്‍ഷങ്ങള്‍ പഴക്കമുള്ള ചില ഫോസിലുകളില്‍ നിന്ന് paleontologist കള്‍ ചില വിവരങ്ങളെ നിര്‍ദ്ധാരണം ചെയ്യുന്നതിനെപ്പറ്റി ഒരിടത്ത് വായിക്കാനിടയായി. ഏകദേശം 30 വയസ് പ്രായമുള്ള വികലാംഗനായ ഒരാളുടെ ഫോസിലിനെ കണ്ടുകിട്ടിയതും അതില്‍ നിന്ന് അവര്‍ എത്തുന്ന അനുമാനവുമായിരുന്നു വാര്‍ത്ത. അംഗപരിമിതനായ അയാള്‍ 30 വയസ്സുവരെ ജീവിച്ചിരുന്നു എന്നത് ആ പ്രാചീന സമൂഹത്തില്‍ മനുഷ്യര്‍ക്കിടയില്‍ സഹജീവിസ്നേഹം ഉണ്ടായിരുന്നതിന്‍റെ തെളിവായി കാണണമെന്നായിരുന്നു അനുമാനം. നമ്മുടെ കവിതയെ അതിവിദൂര ഭാവിയിലെ ആരെങ്കിലും കണ്ടെടുക്കുമ്പോള്‍ അതില്‍ നിന്ന് എന്താവും കിട്ടുക? അതില്‍ നിന്ന് ആഴമുള്ള ചില implications അയാള്‍ക്ക് കിട്ടണമെന്ന് ഞാന്‍ വിചാരിക്കുന്നു. സഹജീവിസ്നേഹം തന്നെയാവണമെന്നില്ല, ഭാഷയെ നമ്മള്‍ പരിചരിക്കുകയോ പരീക്ഷിക്കുകയോ ചെയ്തതിന്‍റെ തെളിവുകളായി ചിലത് അതിലുണ്ടാവണമെന്ന് കൊതിക്കുന്നു.
  2. Makhaya Ntini സൌത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ കളിക്കാരനായിരുന്നു. ലോകത്തിലെ മികച്ച പേസര്‍മാരില്‍ ഒരാളായി പേരെടുത്താണ്‌ അദ്ദേഹം ഈയിടെ റിട്ടയര്‍ ചെയ്തത്. ക്രിക്കറ്റില്‍ വരുന്നതിന്‌ മുന്പ് അയാള്‍ കാലി മേയ്ക്കുന്ന ഒരു പയ്യനായിരുന്നു. ഒരു ഷൂസ് വാങ്ങാന്‍ പോലും കാശില്ലാത്ത കുടുംബത്തിലായിരുന്നു. തണുപ്പ് കാലത്ത് കാല്‌ തണുക്കാതിരിക്കാന്‍ വേണ്ടി അയാളും കൂട്ടുകാരും പശുക്കള്‍ ഇടുന്ന ചൂട് ചാണകത്തില്‍ കാല്‌ മുക്കുമായിരുന്നത്രേ. ഇതുകൊണ്ട് കുറേ നേരം തണുപ്പ് തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുമായിരുന്നു. പിന്നീട് വലിയ കളിക്കാരനായ കാലത്ത് പോകുന്നിടത്തെല്ലാം തന്‍റെ കിറ്റില്‍ കളിയുപകരണങ്ങളുടെ കൂടെ അയാള്‍ ഒരു ചെറിയ പൊതി ചാണകം കൊണ്ടുപോകുമായിരുന്നു. ഇതുപോലെ കവിതയില്‍ ചിലതിനെ നമ്മള്‍ കൊണ്ടുപോകണമെന്ന് ഞാന്‍ വിചാരിക്കുന്നു. എന്ത് ഏത് എന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യവും ഭാവനയും സാമൂഹികതയുമാണ്‌.

വൃത്തവും കവിതയും

ചായയോ കാപ്പിയോ എന്ന ചോദ്യത്തിന് ഉത്തരം പറയുന്നത്ര ഫ്രീയായിട്ട് വൃത്തം വേണോ വേണ്ടയോ എന്നതിനുള്ള ഉത്തരം പറയാനും കേൾക്കാനും സാധിക്കുമെങ്കിലാണ് കവിതയ്ക്ക് നല്ലത് എന്ന് തോന്നുന്നു. ഒരു പരിധിവരെ വ്യക്തിനിഷ്ഠമായ ഉത്തരം മാത്രമേ ഇതിന് സാധ്യമാവൂ എന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നെ സംബന്ധിച്ച് വൃത്തത്തിൽ എഴുതിയ കവിത വായിക്കുന്നത് ഫ്രീയായി എഴുതിയ കവിത വായിക്കുന്നതിനേക്കാൾ പലമടങ്ങ് പ്രയാസകരമാണ്. കവിതയുടെ വായനയ്ക്കും ആസ്വാദനത്തിനും എടങ്ങേറുണ്ടാക്കുന്ന അലോസരങ്ങളാണ് എന്നെ സംബന്ധിച്ച് ഈണവും സംഗീതവുമൊക്കെ. കുറേയാളുകൾ കോലാഹലമുണ്ടാക്കുന്ന ഒരു മുറിയിലിരുന്ന്  ആഴമുള്ള എന്തെങ്കിലും വായിക്കാൻ ശ്രമിക്കുന്ന ഒരാളിന്റെ ബുദ്ധിമുട്ടിലാണ് വൃത്തത്തിലെഴുതിയ കവിത വായിക്കാൻ ശ്രമിക്കുന്ന ഞാൻ (നോക്കൂ, ഇതൊരു ആഹ്വാനമൊന്നുമല്ല എന്ന് ശ്രദ്ധിക്കുമല്ലോ?). ആരെങ്കിലും പദ്യം/കവിത പാടുന്നത് കേൾക്കുമ്പോൾ കുറച്ചുകൂടി ഭേദമാണ്. പക്ഷേ, അവിടെയും എന്റെ cognition ന്റെ വേഗതയെ മറ്റൊരാൾ നിർണ്ണയിക്കുന്നത് എനിക്കൊരു പ്രശ്നമാണ്.

എന്നെ സംബന്ധിച്ച് ചപ്പാത്തിയുടെ വൃത്തത്തിന്റെയും കവിതയുടെ വൃത്തത്തിന്റെയും സാംഗത്യം, പ്രാധാന്യം എന്നിവ മനസ്സിലായിട്ടേയില്ല. ചപ്പാത്തിമാവിനെ പരത്താവുന്ന അനേകമനേകം ആകൃതികളിൽ ഒന്നുമാത്രമാണ് വൃത്തം. വൃത്തത്തിൽ പരത്താവുന്നതിലും വേഗത്തിൽ, കാര്യക്ഷമതയിൽ മറ്റു (അ)രൂപങ്ങളിൽ മാവ് പരത്താനാവും. ഒരുകണക്കിന് പരത്തിയെടുത്ത സാധനം പാകം ചെയ്യുന്ന പാത്രത്തത്തിനകത്ത് ഉൾക്കൊള്ളുമോ എന്ന് മാത്രം നോക്കിയാൽ മതി. നിയതമായ ഒരു രൂപത്തിന്റെ ആവശ്യം തന്നെയില്ല ഇക്കാര്യത്തിൽ. ചപ്പാത്തിയിൽ വൃത്തം എന്ന നിർബ്ബന്ധം മാറിയാൽ ഞാൻ നോക്കിയിട്ട് ഒന്നുരണ്ട് കുഴപ്പങ്ങളേയുള്ളൂ; (1) വൃത്തമൊത്തിട്ടുണ്ടോ എന്നത് ഒരു മാനദണ്ഡമാക്കി ആളുകളെ ജഡ്ജ് ചെയ്യാനുള്ള സൗകര്യം നഷ്ടപ്പെടും. (2) ചപ്പാത്തിയുണ്ടാക്കുന്നവർ വേഗത്തിൽ അവരുടെ പണിയൊക്കെ തീർത്ത് അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയേക്കാം. ഇപ്പറഞ്ഞതൊക്കെ ഏറെക്കുറെ കവിതയിലെ വൃത്തകാംക്ഷയ്കും ബാധകമാണ്.

കൊല്ലത്തിൽ മിനിമം രണ്ടുതവണയെങ്കിലും നമുക്ക് വൃത്ത ചർച്ചയുണ്ടാവും. എല്ലാക്കൊല്ലവും ഏതെങ്കിലും വൃത്ത ചർച്ചയിൽ പങ്കെടുത്തില്ലെങ്കിൽ ഭാവിയിൽ പെൻഷൻ കിട്ടിയില്ലെങ്കിലോ എന്ന് വിചാരിച്ച് ഇക്കൊല്ലം ഞാൻ ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു:
ഭുമി ഗോളാകൃതിയായതിനാൽ ഗോളത്തിലാവണം കവിതകൾ, വൃത്തത്തിലല്ല. എന്റെ അടുത്ത ബുക്കിനൊപ്പം ഗോളാകൃതിയുള്ള ഒരു ചവറ്റുകൊട്ട സൗജന്യമായി കൊടുക്കും. വായനക്കാർ വായിച്ചിട്ട്‌ ചവറ്റുകൊട്ടയിലിടുമ്പോൾ എല്ലാ കവിതയും ഗോളത്തിലാവും.
വൃത്തത്തെ അറിഞ്ഞും ഉപയോഗിച്ചും മറികടന്നുമാത്രമേ വൃത്തത്തെ നിരസിക്കാവൂ എന്നൊക്കെ പറയുന്നത് മനുസ്മൃതി പ്രകാരം ജീവിച്ച ശേഷം മാത്രമേ അതിനെ ഒഴിവാക്കി ആധുനിക ജീവിതമാകാവൂ എന്ന് പറയുന്നതിന് (ഏതാണ്ട് ) തുല്യമായ വാദമാണ്. മനുസ്മൃതിയെ ഒഴിവാക്കിയപ്പോഴാണ് എല്ലാമനുഷ്യരും മനുഷ്യരായി ജീവിക്കാൻ തുടങ്ങിയത് എന്നോർത്താൽ മതി.

ചിന്ത, യുക്തി, കവിത

യുക്തി എന്നത് എന്നെ സംബന്ധിച്ച് വലിയ മാനങ്ങളുള്ള ഒരു കാര്യമാണ്. 1+1=2 എന്ന തരത്തിലുള്ള കാര്യങ്ങൾ ഓർത്തുവെയ്ക്കുകയും പുന:സൃഷ്ടിക്കുകയും പരിശോധിക്കുകയുമൊക്കെ ചെയ്യാനുതകുന്ന മാനസിക വിഭവശേഷി എന്നതിനപ്പുറം യുക്തി എനിക്ക് ഭാവനയുടെ അഭികാരകവും (reactant) അനുകമ്പയുടെ ഏറ്റവും നല്ല ചാലകവുമൊക്കെയാണ്. വ്യാവഹാരിക ലോകത്തിന്റെ യുക്തിയെ അട്ടിമറിക്കുകയോ ബൈപാസ് ചെയ്യുകയോ ചെയ്യേണ്ടത് കവിതയിലുള്ള/സാഹിത്യത്തിലുള്ള യുക്തിയുടെ ജോലിയും ജീവിതവുമാണ്. 'അങ്ങനെയായിരുന്നെങ്കിൽ?' 'എന്നെപ്പോലെയല്ലേ അയാളും?' 'എങ്കിലെന്ത്?' തുടങ്ങിയ ചോദ്യങ്ങളെ ഭാവനയുടെ, സ്നേഹത്തിന്റെ, സഹാനുഭുതിയുടെ (അവനവനോടുള്ള സഹാനുഭുതിയുടെയും) ഒക്കെ അടിത്തട്ടുകളിൽ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നാം കണ്ടുമുട്ടുന്നുണ്ട്. യുക്തി എന്റെ എഴുത്തിന്റെ നാഡീവ്യൂഹമാണ്.

ചിന്ത കവിതയെ പരിഹരിക്കും/ റദ്ദ് ചെയ്യും എന്നൊക്കെ പ്രശംസയായും പരാതിയായും പറയുന്നത് കേള്‍ക്കാറുണ്ട്. കവിത എന്തിനെയെങ്കിലും പരിഹരിക്കുന്ന ഒന്നാണ് എന്ന് എനിക്ക് വിചാരമില്ല. ചിന്തയെ പരിഹരിക്കാന്‍കവിതയ്ക്കോ കവിതയെ പരിഹരിക്കാന്‍ചിന്തയ്ക്കോ സാധിക്കില്ല, അവ genuine ആയ കവിതയും ചിന്തയുമാണെങ്കില്‍. റദ്ദു ചെയ്യുക എന്ന പ്രയോഗത്തെക്കാളും വിപുലീകരിക്കുക, വാതിലുണ്ടാക്കുക, എന്നതൊക്കെയാണ് കവിതയിലെ ചിന്തയെ സംബന്ധിച്ചുള്ള ഒരു വിശദീകരണശ്രമത്തില്‍എനിക്ക് അനുയോജ്യമായി തോന്നുന്ന പദങ്ങള്‍.

ടി.പി.വിനോദിന്റെ പുസ്തകങ്ങൾ
ടി.പി.വിനോദിന്റെ ചില പുസ്തകങ്ങൾ


കവിതയുടെ രാഷ്ട്രീയം

ഏതെങ്കിലും തരത്തിലുള്ള explicit propaganda writing ലൊന്നും എഴുത്തുകാരനോ വായനക്കാരനോ ആയി പങ്കെടുക്കാന്‍വലിയ താല്‍പ്പര്യമുള്ള ആളല്ല ഞാന്‍. പക്ഷേ, മതാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും വഴുതിയെത്താന്‍ റെഡിയായി നില്‍ക്കുന്ന ഒരു നാട്ടിലെ ഭാഷയില്‍ എഴുതുമ്പോള്‍ ആ ഒരു അപകടത്തെപ്പറ്റി ഏതെങ്കിലും തലത്തില്‍ sensitive ആയിരിക്കുന്ന എഴുത്തിനെ അല്ലെങ്കിൽ ഭാവുകത്വത്തിനെ മാത്രമേ അവനവനില്‍നിന്നും മറ്റുള്ളവരില്‍നിന്നും എനിക്കിഷ്ടപ്പെടാനാവൂ. മതാധിപത്യത്തിനും ഫാസിസത്തിനുമെതിരെ പാര്‍ട്ടികളിലോ മുന്നണികളിലോ സംഘടനകളിലോ ചേര്‍ന്ന് മുദ്രാവാക്യം മുഴക്കുന്ന എഴുത്ത് കൂടിയേതീരൂ എന്നല്ല പറയുന്നത്.

എന്റെ വിചാരത്തില്‍ ഭാവന ഏറ്റവും ശക്തിയുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സൂക്ഷ്മമായ അര്‍ത്ഥത്തില്‍ ഓര്‍മ്മയും ഒരുതരം ഭാവനയാണെന്ന് കാണാന്‍കഴിയും. തിരഞ്ഞെടുക്കപ്പെട്ട ഓര്‍മ്മകള്‍കൊണ്ട് നാം ഒരു ഗതകാലത്തിനെ ഭാവന ചെയ്യുകതന്നെയാണ്. തിരഞ്ഞെടുപ്പ് എന്ന പണി ഇവിടെയുള്ളതുകൊണ്ട് അതില്‍ കൃത്യമായും നമ്മുടെ ഇഷ്ടം ഇടപെടുന്നുണ്ട്. ഇഷ്ടം എന്നതിന് തികച്ചും രാഷ്ട്രീ‍യമായേ പ്രവര്‍ത്തിക്കാനാവൂ. ഇക്കാരണങ്ങള്‍കൊണ്ട് ഏതുതരം ഭാവനയ്ക്കും ഓര്‍മ്മയ്ക്കും രാഷ്ട്രീയമായ ഒരു intrinsic energy ഉണ്ടാവും എന്നാണ് എന്റെ കാഴ്ചപ്പാട്.

കവികളെ സംബന്ധിച്ച് ഭാവന എന്നത് സൌന്ദര്യത്തിന്റെ metaspace ആണ്. ഭാവനയുടെ metaspace ആകട്ടെ നമ്മള്‍ജീവിക്കുന്ന ലോകവും അതിലെ നമ്മുടെ ജീവിതവുമാണ്. ലോകത്തില്‍നിന്ന് ഭാവനയിലേക്കും അതുവഴി സൌന്ദര്യത്തിലേക്കുമുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും പോക്കുവരവുകളുടെ logical gate കള്‍ നമ്മളായിട്ട് നിര്‍ണ്ണയിക്കുന്നവയാണ്. നമ്മളെ സംബന്ധിച്ച് സൌന്ദര്യം എന്താണെന്ന് അല്ലെങ്കില്‍എന്താവണമെന്ന് തീരുമാനിക്കുന്നതിലാണ് ഇതിലെ നിര്‍ണ്ണായകമായ ഗുട്ടന്‍സ് എന്ന് കാണാന്‍കഴിയും. സ്വാതന്ത്ര്യം, മനുഷ്യാവകാശം, അലിവ്, സ്നേഹം, പ്രകൃതിബോധം തുടങ്ങിയവയാല്‍ ഈ സൌന്ദര്യബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് കാണാനും വായിക്കാനുമാണ് എനിക്കിഷ്ടം.

എഴുത്തിലെ പുതുമ 

ആവിഷ്ക്കാരങ്ങളെ സംബന്ധിച്ച് പുതുമ എന്ന വിശേഷണം രേഖീയമായ പരികല്‍പ്പനയ്ക്ക് വഴങ്ങുന്ന ഒന്നാണ്‌ എന്ന് തോന്നുന്നില്ല, പ്രത്യേകിച്ചും ഇന്‌ഫര്‍മേഷന്‍ സമൃദ്ധിയുടെ ഇന്നത്തെ കാലത്ത്. ഏത് കാലത്തു നിന്നുള്ളതും ഏത് ദേശത്ത് നിന്നുള്ളതുമായ ആവിഷ്ക്കാരങ്ങളെ ഒരുതരം മുന്‍(പിന്‍)ഗണനകളും പിന്തുടരാതെ സ്വതന്ത്രമായി പരിചയപ്പെടാന്‍ എല്ലായ്പ്പോഴും അവസരമുള്ള 'ഈ' കാലത്ത് നിന്ന് നോക്കുമ്പോള്‍ ഒരുപക്ഷേ പുതുമയെപ്പറ്റിയുള്ള നമ്മുടെ (തെറ്റിദ്)ധാരണ എന്നത് കാര്യങ്ങള്‍ പരിചയപ്പെടുന്നതില്‍ അങ്ങേയറ്റം വ്യക്തിനിഷ്ഠമായി നമ്മളില്‍ സംഭവിച്ച ഒരു റാന്‍ഡം പാറ്റേണിനെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കാന്‍ സാധ്യതയുണ്ട്.

ഹൈക്കു കവിതകള്‍ മലയാളികളെ സംബന്ധിച്ച് താരതമ്യേന അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു കാവ്യരൂപമാണ്‌. എന്നാല്‍ ജപ്പാനില്‍ അത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിലവിലുണ്ട്. നമ്മള്‍ പരിചയപ്പെടാന്‍ വൈകിയതുകൊണ്ട് നമ്മള്‍ അതിനെ പുതിയത് എന്ന് ലേബല്‍ ചെയ്യുന്നതില്‍ ചില അബദ്ധങ്ങളില്ലേ ?

ഇതെന്താ ഇങ്ങനെ എന്ന് നമ്മുടെ കവിതയെപ്പറ്റി തോന്നിയ കാര്യങ്ങൾ

നമ്മുടെ കവിതയുടെ പൊതുസമ്മതിയുള്ള മുഖ്യധാരയെപ്പറ്റി ചില ആശ്ചര്യങ്ങൾ തോന്നിയിട്ടുണ്ട്. പെട്ടെന്ന് ഓർത്തുകിട്ടുന്നവ ലിസ്റ്റ് ചെയ്യാം. ഗൗരവമായ ആലോചനകളും പഠനങ്ങളും ആവശ്യപ്പെടുന്ന കാര്യങ്ങളാണ്. കാര്യമായ പഠനമൊന്നുമില്ലാതെ ഇങ്ങനെ സാമാന്യവത്കരിച്ച് എഴുതുന്നതിലെ അനൗചിത്യം ക്ഷമിക്കുക. പ്രാധാന്യമുള്ള കാര്യങ്ങൾ എന്ന തോന്നലിൽ എഴുതുന്നതാണ്.
  1. ഏത് കാര്യവും കവിതയിലെടുത്താലേ കവികൾക്കും കാവ്യാസ്വാദകർക്കും മനസ്സിലാവൂ എന്നൊരു ധാരണയുള്ളതായി തോന്നിയിട്ടുണ്ട്. രാഷ്ട്രീയമായാലും വൈജ്ഞാനികതയായാലും തത്വചിന്തയായാലും ഏറെ വൈകി ആരെങ്കിലും കവിതയിലെടുക്കുമ്പോഴാണ് നമ്മൾ അതിനെപ്പറ്റി ബോധവതികളും ബോധവാന്മാരുമാകുന്നതായി കണ്ടിട്ടുള്ളത്. 
  2. കാര്യങ്ങൾ ആഴത്തിൽ മനസ്സിലാക്കാനുള്ള വിസമ്മതത്തെ കാവ്യാത്മകതയായി തെറ്റിദ്ധരിക്കൽ വേറെയൊരു തമാശയാണ്. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ ലിസ്റ്റിൽ നിന്ന് പുറത്താക്കിയപ്പോഴുണ്ടായ അനുശോചന കവിതകളൊക്കെ ഓർക്കുന്നുണ്ടോ? ടെക്നോളജിയിൽ എന്ത് പുതിയ കാര്യം വന്നാലും അതേപ്പറ്റി പേടിച്ചുതൂറുന്ന ആയിരം കവിതകൾ/കഥകൾ ഉടനടി നമുക്ക് ഉണ്ടാവും. ടെക്നോളജിയും നിർമ്മിത ബുദ്ധിയും ഒക്കെ ഉയർത്തുന്ന വെല്ലുവിളികളെയൊക്കെ അഡ്രസ്സ് ചെയ്യുന്ന കൃതികളെ അല്ല ഉദ്ദേശിക്കുന്നത്. ഒരു പദത്തെ, അല്ലെങ്കിൽ ആശയത്തെ സംബന്ധിച്ച അപരിചിതത്വത്തെ അതായിത്തന്നെ നിലനിർത്തിക്കൊണ്ട് demonize ചെയ്യുന്ന പരിപാടിയെയാണ് ഉദ്ദേശിച്ചത്. 
  3. ഭാവനയുടെയും ആവിഷ്ക്കാരത്തിന്റെയും ഭംഗിയെ സംബന്ധിച്ച് ഒരുതരം infantilization നിലനിർത്തുന്ന കീഴ്‌വഴക്കങ്ങൾ നമുക്കുള്ളതായി തോന്നാറുണ്ട്. ഒരു സ്കൂൾ കുട്ടിയെ അഡ്രസ്സ് ചെയ്യുന്നപോലെയാണ് നമ്മുടെ ആഘോഷിക്കപ്പെടുന്ന പല കവിതകളും എഴുതപ്പെടുന്നത്. ഭാവനയുടെ ശിശുവത്കരണം സമഗ്രാധിപത്യത്തിന്റെയും ഫാസിസത്തിന്റെയും പ്രധാനപ്പെട്ട ഉപകരണങ്ങളിൽ ഒന്നാണ് എന്ന് രാഷ്ട്രീയമായി തിരിച്ചറിഞ്ഞ് ഈ infantilized ഭാവുകത്വത്തെ നമ്മൾ മറികടക്കേണ്ടതുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. 

പിൻകുറിപ്പ്

ഈ കുറിപ്പ് വായിച്ചിട്ട് ഇവനാര് കവിതയെപ്പറ്റി പറയാൻ എന്ന് ചുവക്കുന്ന കുറച്ചേറെ മുഖങ്ങളെ സങ്കൽപ്പിക്കാനാവുന്നുണ്ട്. സച്ചിദാനന്ദൻ മാഷിന്റെ ഒരു കവിതയുടെ ശൈലി കടമെടുത്ത് പറഞ്ഞാൽ എങ്ങനെ കവിയായിരിക്കരുത് എന്നതിനുള്ള ഉദാഹരണമായി എടുത്താൽ മതി!
Previous Post Next Post